Ind disable

Tuesday 24 August 2010

ഒരു കുങ്-ഫൂ മാസ്റ്ററും ശിഷ്യന്മാരും - (ആലക്കോടന്‍ വിശേഷങ്ങള്‍)

ആലക്കോട്ട് ഫൈസല്‍ കോം‌പ്ലക്സ് വാസത്തിനു മുന്‍പ് മൂന്നു വര്‍ഷം ഞാന്‍ തളിപ്പറമ്പില്‍ ഒരു എഞ്ചിനീയറോടൊപ്പം ജോലി ചെയ്തിരുന്നു. താമസവും തളിപ്പറമ്പില്‍ തന്നെ. അതും സര്‍സയിദ് കോളേജിനടുത്ത്. അവിവാഹിതനും സര്‍വ സ്വതന്ത്രനുമായതിനാല്‍ ഉള്‍ക്കുളിരേകുന്ന പല കഥകളുമുണ്ട്. അതൊക്കെ സാഹചര്യം പോലെ പിന്നെ പറയാം.

പണ്ടുമുതലേ ഈയുള്ളവന് ആയോധനകലകളെ ഇഷ്ടമാണ്. ബ്രൂസ് ലീയുടെയും ജാക്കിച്ചാന്റെയും ജെറ്റ് ലീയുടെയുമൊക്കെ സിനിമകള്‍ എത്ര കണ്ടു എന്നതിന് ഉത്തരമില്ല. അങ്ങനെയുള്ള ഇഷ്ടം മൂത്താണ് രയറോത്ത് മത്തച്ചന്‍ മാഷിന്റെ അടുത്ത് കരാട്ടെ പഠിയ്ക്കാന്‍ പോയത്.  എന്നാല്‍ കരാട്ടെയെക്കാളും മനോഹരവും കരുത്തുറ്റതുമാണ് കുങ്ഫൂ എന്ന് പിന്നീട് മനസ്സിലാക്കി. അതോടെ അതു പഠിക്കണമെന്ന മോഹമായി. കരാട്ടെ ഒരു  വര്‍ഷമായപ്പോള്‍ തളിപ്പറമ്പിലായി ജോലിയും താമസവും. ഈ കാലത്ത് വളരെ യാദൃശ്ചികമാ‍യി വയനാടുള്ള ഒരു കുങ്ഫൂ മാസ്റ്ററെ പരിചയപ്പെടാനും ആ പരിചയം ആ കല പഠിയ്ക്കാനും ഇടയാക്കി. അങ്ങനെ മൂന്നാം വര്ഷമായപ്പോഴാണ്  ആലക്കോടേയ്ക്ക് കൂടു പറിച്ച് വരുന്നത്.

അക്കാലത്തിടയില്‍ കുങ്ഫൂവിന്റെ അറ്റവും മുറിയും മനസ്സിലാക്കിയതിന്റെ ഫലമായി ഒരു കുങ്ഫൂ ക്ലാസിടുക എന്ന അക്രമം കൂടി ചെയ്തു ഞാന്‍! പാവം ജാക്കിചാനോ ജെറ്റ് ലീയോ, വേണ്ട ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ എങ്കിലും അറിഞ്ഞാല്‍, കുങ്ഫൂവിനെ ഇങ്ങനെ അപമാനിച്ചതിന് എന്നെ ഇടിച്ചു പഞ്ചറാക്കും എന്നതിന് യാതൊരു തര്‍ക്കവുമില്ല.

അങ്ങനെ പത്തു പതിനഞ്ച് ശിഷ്യന്മാരുമായി, ആലക്കോട് പണി മുടങ്ങിക്കിടക്കുന്ന ഒരു ഷോപ്പിങ്ങ് കോമ്പ്ലക്സിന്റെ അണ്ടര്‍ഗ്രൌണ്ടില്‍ ക്ലാസ് തുടങ്ങി. മാസത്തിലൊരിക്കല്‍ വലിയ ആശാന്‍ വന്ന് ക്ലാസെടുക്കുന്നതു കൊണ്ട് ശിഷ്യന്മാര്‍ക്ക് കുങ്ഫൂവിനെ പറ്റി കുറെയൊക്കെ മനസ്സിലാക്കാന്‍ പറ്റി. കുറേ പേര്‍ ക്ലാസിനു വരികയും പോകുകയുമൊക്കെ ചെയ്തു. അവസാനം അവശേഷിച്ചത് എട്ടു പേര്‍ . ഇതില്‍ രണ്ടു രയറോംകാരുമുണ്ട്. അതിലൊരുവന്‍- ജോഷി - ഗുരുവിനെ വെല്ലുന്ന ശിഷ്യനായിരുന്നു.

ഒരു ദിവസം. ഞാന്‍ നമ്മുടെ ആഫീസില്‍ പതിവു പോലെ ഏതോ നിര്‍ഭാഗ്യവാന്റെ വീട് കുളമാക്കാനുള്ള പ്ലാനിങ്ങിലാണ്.അപ്പോള്‍ ഒരു രയറോം ചേട്ടന്‍ വാതില്‍ക്കല്‍ മുഖം കാട്ടി. പുതിയൊരിരയെ കിട്ടിയ ഹാപ്പിയോടെ ഞാന്‍ ഉള്ളില്‍ കൊലച്ചിരി ചിരിച്ചു.

“ബിജു, ഒന്നിങ്ങു വാ..ഒരു കാര്യമുണ്ട്..”

ശ്ശേടാ ഇതെന്തു കാര്യം, പുറത്തു നിന്നു പറയാനും മാത്രം?

“എന്താ ചേട്ടാ..എന്താ കാര്യം?”

“വേഗം ഇവിടുന്നു മാറിനിന്നോ..പോലീസ് വരാനുള്ള സാധ്യതയുണ്ട്..!”

ഞാനൊന്നു ഞെട്ടി. മുട്ടുവഴി ഒരു വിറയല്‍. ഇതെന്തു കൂത്ത്? ചുമ്മായിരിയ്ക്കുന്നവനെ തേടി പൊലീസോ?

“പോലീസ് വന്നാ എനിയ്ക്കെന്താ? അതിനു ഞാന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലോ?”

“ആ ജോഷി, മറ്റത്തിലെ തോമാ ചേട്ടനെ എടുത്തിട്ടു പെരുമാറി. അയാള്‍ ജില്ലാ ആശുപത്രിയിലാ..!”

“അതിനെനിയ്ക്കെന്താ..അതവന്റെ പ്രശ്നം..”

“അവന്‍ ബിജൂന്റെ ശിഷ്യനല്ലെ? “ഹാ..ഹൂ“ന്നൊക്കെ പറഞ്ഞാ അവന്‍ ഇടിച്ചത്!”

ഇപ്പോഴാണ് സംഗതിയുടെ കിടപ്പു വശം മനസ്സിലായത്. അവന്‍ വെറുതെ അടിയ്ക്കുകയോ ചവിട്ടുകയോ ചെയ്തിരുന്നേല്‍ എനിയ്ക്കൊരു പ്രശ്നവുമില്ലായിരുന്നു. എന്നാല്‍ കുങ്ഫൂ “സ്റ്റൈലി”ല്‍ കൈകാര്യം ചെയ്തതാണ് കുഴപ്പമായത്!
ഞാനേതായാലും രയറോത്തേയ്ക്ക് പാഞ്ഞു പോയി കാര്യം അന്വേഷിച്ചു. സംഗതി ശരിയാണ്. ഈ പറഞ്ഞ തോമാ ചേട്ടന്‍ ജോഷിയുടെ അയല്‍ വാസിയാണ്. അവന്റെ മുടങ്ങിപ്പോയ മൂന്നു കല്യാണാലോചനയ്ക്കും കാരണക്കാരന്‍ അയാളാണത്രെ! നാലാമത്തേതും മുടങ്ങിയതോടെ ആണ് അവന്‍ കുങ്ഫൂവിന്റെ പ്രയോഗ ക്ഷമത അന്‍പത്തഞ്ച് കൊല്ലം പഴക്കമുള്ള ആ ബോഡിയില്‍ പരീക്ഷിയ്ക്കാന്‍ തീരുമാനിച്ചത്! ഇടത്തെ വാരിയെല്ലുകള്‍ക്ക് താഴെ ഒരു “സൈഡ് കിക്കും“ രണ്ടു “പഞ്ചും“ കഴുത്തിന് ഒരു “സ്നേക്ക് അറ്റാക്കും“. ഇത്ര മാത്രമേ അവന്‍ ചെയ്തുള്ളു പോലും. പാവം തോമാ ചേട്ടന്‍ ഐ.സി.യുവിലാണ്.

ഞാന്‍ കുറെ ചീത്ത പറഞ്ഞു. ഒന്നേകാല്‍ മീറ്റര്‍ അകലം പാലിച്ച് നിന്ന് കുറെ ഭീഷണി പെടുത്തുകയും ചെയ്തു.
ഏതായാലും വീട്ടില്‍ കാശുള്ളതു കൊണ്ട് അവന്‍ കേസില്‍ നിന്നൊക്കെ ഊരി. എനിയ്ക്ക് ഈ സംഭവം കുറച്ച് കളങ്കമുണ്ടാക്കിയെങ്കിലും ഒപ്പം ബഹുമാനവും വര്‍ദ്ധിപ്പിച്ചു. ബിജു പഠിപ്പിക്കുന്ന അഭ്യാസത്തിന് ഒരാളെ ഐ.സി.യുവിലാക്കാന്‍ കഴിയുമെന്നതിനു തെളിവായല്ലോ!

അങ്ങനെയൊക്കെ അങ്ങ് പോകുന്ന കാലം. ഒരു ദിവസം ശിഷ്യന്മാര്‍ :

“ഗുരുവേ..”

“ഉം..?” ഗുരുവിന്റെ ശാന്ത ഗംഭീര ദുരന്തമായ ശബ്ദം!

“അടിയങ്ങള്‍ക്കൊരൈഡിയ..”

“പറഞ്ഞാലും”

“അങ്ങയെ ഒന്നു ബഹുമാനിച്ചു സല്‍ക്കരിയ്ക്കണമെന്നുണ്ട്..!”

“നമുക്ക് സല്‍ക്കാരങ്ങളില്‍ താല്പര്യമില്ല ശിഷ്യരെ..” (എന്താന്നു വച്ചാ പറഞ്ഞു തൊലയ്ക്കെടേ)

“അങ്ങനെ പറയരുത് ഗുരോ..വൈതല്‍ മലയുടെ മുകളില്‍ ഒരു രാത്രി കൂടല്‍. അങ്ങ് അവിടെ സന്നിഹിതനായി അടിയങ്ങളെ അനുഗ്രഹിച്ചാലും..”

“ഉം...താല്പര്യമില്ലെങ്കിലും നിങ്ങള്‍ക്കു വേണ്ടി നാം വരാം“. (ഹായ് കോളടിച്ചു. ഒരുത്തനും നേരെ ചൊവ്വേ ഫീസോ തരില്ല. ഇങ്ങനെയെങ്കിലും മുതലാക്കണം).

വടക്കേ മലബാറിലെ ഏറ്റവും ഉയരം കൂടിയ മലയാണ് പൈതല്‍  എന്നും വൈതല്‍ എന്നും പറയപ്പെടുന്ന ഗമണ്ടന്‍ മല. ഞാന്‍ പല പ്രാവശ്യം പകല്‍ അവിടെ പോയിട്ടുണ്ട്. ആനയുടെ മസ്തകം പോലെ തലയുയര്‍ത്തി നില്കുന്ന ആ മല അവ്യക്തമായി ആലക്കോടു നിന്നാല്‍ കാണാം. ആരെയും മോഹിപ്പിയ്ക്കുന്ന കാഴ്ച.

അങ്ങനെ ഒരു ശനിയാഴ്ച ഉച്ചയോടെ ആലക്കോട്ടു നിന്നും ഒരു ജീപ്പില്‍ എട്ടു ശിഷ്യന്മാരും ഗുരുവും ഒറ്റത്തൈ, കാപ്പിമല, മഞ്ഞ പുല്ല് എന്ന ക്രമത്തില്‍ വൈതല്‍ മലയുടെ അടി വാരത്തെത്തി. അവിടെ നല്ല കാട്. ചെറിയൊരു ഒറ്റയടി പാത തെളിഞ്ഞു കാണാം.ഇവിടെ നിന്നും കുത്തനെ ഉയര്‍ന്നു നില്‍ക്കുന്നു വൈതല്‍ മല. വലിയ ടാര്‍പ്പായ ഒന്ന്,  കയര്‍  ഒരു കെട്ട്‍, വെട്ടുകത്തി രണ്ട്, കാപ്പിക്കലം ഒന്ന്, വലിയ കലം ഒന്ന്, ചട്ടി ഒന്ന് , ഗ്ലാസ്, കാപ്പിപ്പൊടി പഞ്ചസാര, കപ്പ, ബീഫ് വേവിച്ചത് പിന്നെ എന്നെ കാണിയ്ക്കാത്ത ഒരു പൊതിക്കെട്ട്. ഇത്രയും സാധനങ്ങള്‍ ശിഷ്യഗണം വീതിച്ചെടുത്ത് പുറത്തേറ്റി. പിന്നെ ഷെര്‍പ്പകളെ പോലെ ഞങ്ങള്‍ കാട്ടുവള്ളികളില്‍ തൂങ്ങിപ്പിടിച്ചും കല്ലിന്മേല്‍ അള്ളിപ്പിടിച്ചും മലകയറ്റം തുടങ്ങി. സുന്ദരമായ കാട്. ഏതൊക്കൊയോ കാട്ടുമരങ്ങള്‍ ..മലയുടെ വടക്കു ചെരിവായതിനാല്‍ വെയില്‍ തീരെയില്ല.  നല്ല കുളിര്‍മ്മ. കുറെ കയറി ക്ഷീണിച്ചാലും പെട്ടെന്ന് ഉന്മേഷം തിരിച്ചു കിട്ടും. ഏതാണ്ട് മൂന്നു മണിക്കൂറെടുത്തു മുകളിലെത്താന്‍.

അവിടെ എത്തിയപ്പോള്‍..

ഹായ്.ഞാനെങ്ങനെയാണ് വിവരിയ്ക്കുക?

നല്ല പരന്ന വിശാലമായ മുകള്‍ തട്ട്. സ്വര്‍ണ വെയിലിനു നനുത്ത മഞ്ഞിന്റെ കുളിര്‍മ്മ. കവിളില്‍ ഉരുമ്മി പോകുന്ന വെളുത്ത കോട ത്തുണ്ടുകള്‍..ലോകത്തിന്റെ നെറുകയിലെത്തിയാലെന്ന പോലെ പടിഞ്ഞാറ് അത്യതിദൂരത്തോളം പരന്നു കിടക്കുന്ന ഹരിത ശോഭ. അവിടെ നിന്നും വീശി വരുന്ന ചെറുകാറ്റിന് കാട്ടു പൂക്കളുടെ നവ്യ ഗന്ധം!
മുകള്‍ തട്ടിലെ വിശാലഭാഗത്ത് നല്ല പരന്ന ഒരു പാറയുണ്ട്. അതിനു തൊട്ടു മുകളില്‍  കൂട്ടം കൂടി നില്‍ക്കുന്നു കുറെ മരങ്ങള്‍. ചുവടാകെ പുല്ലുകള്‍ തിങ്ങി തിങ്ങി. അതൊരു നീരുറവയാണ്! അമൃതു പോലെ ശുദ്ധമായ ജലം. ഞങ്ങള്‍ അതില്‍ നിന്നും കുറേ കോരിക്കുടിച്ചു.

വെയില്‍ പോകും മുന്‍പേ ശിഷ്യര്‍ ജോലി തുടങ്ങി. ഈ പാറപ്പുറത്ത് ഒരു കൂടാരം അടിയ്ക്കേണ്ടതുണ്ട്. അവര്‍ സമീപത്തെ കാട്ടില്‍ പോയി കുറെ കമ്പുകള്‍ വെട്ടി വന്നു. പിന്നെ കുറെ കല്ലുകളൊക്കെ കൂട്ടി വച്ച് കൂടാരത്തിനുള്ള താങ്ങുകള്‍ ഉണ്ടാക്കി, ടാര്‍പ്പായ വലിച്ചു കെട്ടി. ഒന്നാന്തരം ടെന്റ് റെഡി. ഇവിടെ ടെന്റടിക്കുമ്പോള്‍ ആകെ മറയണം. രാത്രിയായാല്‍ കടുത്ത തണുപ്പായിരിയ്ക്കും. ചൂളന്‍ കാറ്റ് ഉള്ളിലേയ്ക്ക് കയറി വരും.

അടുത്തതായി, കല്ലുകള്‍ പെറുക്കി അടുപ്പുണ്ടാക്കി നല്ലൊരു കാപ്പിയിട്ടു. ആദ്യം തന്നെ ഗുരുവിന്. അതുകഴിഞ്ഞ് കപ്പ നുറുക്കി പുഴുങ്ങി. പിന്നെ ബീഫ് ചേര്‍ത്ത് സൂപ്പര്‍ കപ്പ ബിരിയാണി. എന്റെ ശിഷ്യന്മാര്‍ ഒന്നാന്തരം പാചകക്കാരുമാണെന്ന് രോമാഞ്ചത്തോടെ ഞാനറിഞ്ഞു. പിന്നെ, പൊട്ടിയ്ക്കാതെ വെച്ച കെട്ട് തുറന്നു. ഞാന്‍ പ്രതീക്ഷിച്ചതു തന്നെ. സ്വര്‍ണ നിറമുള്ള മാക് ഡവല്‍‌സിന്റെ രണ്ടു കുപ്പികള്‍. പിന്നെ രണ്ടു കുപ്പി ബീയറും. ബീയര്‍ ഗുരുവിനുള്ളതാണ്! ജാഡ കാണിയ്ക്കാനായി, മദ്യം ഇഷ്ടമല്ലെന്നു പറഞ്ഞ  നിമിഷത്തെ ശപിച്ചു പോയി. ശിഷ്യര്‍ ബീയര്‍കുപ്പികള്‍  അരുവിയില്‍  തണുപ്പിയ്ക്കാനിട്ടു.

ഞാന്‍ മലയുടെ പടിഞ്ഞാറെ തലയ്ക്കല്‍ പോയി നിന്നു. അവിടെ തള്ളി നില്‍ക്കുന്ന ഒരു പാറയുണ്ട്. അതില്‍ നിന്നും താഴേയ്ക്കു നോക്കിയാല്‍ അഗാധതയാണ്. നല്ല ഇരുളിമ. പടിഞ്ഞാറ് സൂര്യന്‍ ഒരു സ്വര്‍ണഗോളമായി താഴുന്നു. അങ്ങു ദൂരെ അറബിക്കടലാണ് ഒരു വര പോലെ കാണുന്നത്. ഒരു വല്ലാത്ത ഗൃഹാതുരത തോന്നുമപ്പോള്‍. ഞാനെന്തേ ഇത്ര താമസിച്ചത് ഇവിടെ വരാന്‍? ഏതോ കാലത്ത് ഞാനിവിടെ തന്നെയായിരുന്നോ? ഈ കാഴ്ചകള്‍ എന്റെ പൈതൃക കണ്ണികളില്‍ എവിടെയോ കോറിയിട്ടിട്ടില്ലേ, യുഗങ്ങള്‍ക്കു മുന്‍പേ? പ്രകൃതി മനസിലേയ്ക്ക് കിനിഞ്ഞിറങ്ങുന്ന  അസുലഭ നിമിഷങ്ങള്‍.

സന്ധ്യയോടെ ഗുരു ടെന്റിനുള്ളില്‍ ആസനസ്ഥനായി.  അനന്തരം ഭക്ഷ്യ വിതരണം. ഗുരുവിനുള്ളതു ടെന്റിലെത്തി‍. കപ്പ ബിരിയാണിയും ബീയറും. ശിഷ്യരോ വെളിയില്‍ വലിയൊരു ആഴികൂട്ടി ചുറ്റിലുമിരുന്നു.
കുപ്പി പൊട്ടിയ്ക്കും മുന്‍പ്  ശിഷ്യരുടെ ഔപചാരികത.

“ഗുരുവേ..ബ്രാന്‍ഡി കഴിയ്ക്കില്ലല്ലോ?”

കഷ്ടപെട്ട് പറഞ്ഞു.

“ഹേയ് ഇല്ലില്ലാ”. (ഒന്നു കൂടെ നിര്‍ബന്ധിക്കടാ വിവരം കെട്ടവനേ).

നിര്‍ബന്ധിച്ചാല്‍ ഗുരു കോപിയ്ക്കുമെന്നു കരുതി ശിഷ്യന്‍ പിന്‍വാങ്ങി. കഷ്ടകാലം.
ശിഷ്യര്‍ കലത്തില്‍ നിന്നും നേരിട്ടു ഭക്ഷിച്ചു. ഒപ്പം യൌവന തീക്ഷ്ണത തുടിയ്ക്കുന്ന കഥകള്‍..പൊട്ടിച്ചിരി..ആഹ്ലാദം.
ചെറുപ്പക്കാരന്‍ തന്നെയായ ഗുരു ഉള്ളിലിരുന്നു ഇതെല്ലാം കേള്‍ക്കുന്നുണ്ട്. എന്തു ചെയ്യാന്‍..?
ഇവമ്മാരോടൊത്ത് അര്‍മാദിച്ച് കൂതറയായാലോന്ന് പലവട്ടം പിടിവിട്ടു ചിന്തിച്ചു. പിന്നെ കഷ്ടപെട്ട്  അടങ്ങിയിരുന്നു.
ആഴി പലവട്ടം ഉണക്കക്കമ്പുകളും ചില്ലകളും ഭക്ഷിച്ചു. ഗുരുവപ്പോള്‍ മെഴുകു തിരി വെട്ടത്തില്‍ കപ്പയും ബിയറുമടിച്ച്, ഫിറ്റായെന്നു സ്വപ്നം കണ്ടു.

ഏതാണ്ട് എട്ടരയോടെ ഗുരുജി അമൃതേത്ത് നിര്‍ത്തി, ഉള്ളില്‍ പറയാന്‍ മുട്ടി നിന്ന സകല കൂതറത്തരങ്ങളേയും വായ കഴുകി പുറത്തേക്ക് തുപ്പിക്കളഞ്ഞ് പള്ളിയുറക്കത്തിനായി പരന്ന പാറക്കെട്ടില്‍ നിവര്‍ന്നു കിടന്നു.  ആഴിക്കരുകില്‍ ശിഷ്യര്‍ ഒന്നുമായിട്ടില്ല.

നടക്കട്ടെ, പിള്ളേരല്ലെ.

നല്ല ചുളു ചുളാ കാറ്റ്. എവിടുന്നൊക്കെയോ കാട്ടു ജീവികളുടെ ശബ്ദം. കുറുക്കന്മാരുടെ കൂവല്‍.
ഉറങ്ങിപ്പോയെന്നു തോന്നുന്നു. ഒരു ഒച്ചപ്പാടും ബഹളവും കേട്ടാണ് ഞെട്ടിയുണര്‍ന്നത്. പുറത്തു നിന്നാണ്. ഞാനിറങ്ങി ചെന്നു.
അതാ ഒരുത്തന്‍ നിലത്തു കിടന്നു ഉരുളുന്നു. ഒരു മെല്ലിച്ച ഉയരമുള്ള പയ്യന്‍. ഒരു അധ്യാപികയുടെ സല്‌പുത്രന്‍.

“ആരാഴാ..എനിയ്ക്കിത്ഴേം  ബ്രാന്‍ടി തന്നേ..?”

ഉരുളുന്നതിനിടയില്‍ ആ എലുമ്പന്‍ ചോദിയ്ക്കുന്നു!

“എനിക്കിപ്പോ എന്റെ വീട്ഴില്‍ പോണം. എന്റമ്മച്ചിയെ കാണണം..”

ന്യായമായ ആവശ്യം! ഇള്ളാക്കുഞ്ഞാണല്ലോ! ഒറ്റ ചവിട്ടു കൊടുക്കാനാണ് തോന്നിയത്. ഗുരുവിന് ഒരു പെഗു പോലും കൊടുക്കാതെ വലിച്ചു കേറ്റിയിട്ട് ഇപ്പോ അമ്മയെ കാണണം പോലും! ശിഷ്യരാകെ വിളറി നില്‍ക്കുന്നു.

“തൂക്കിയെടുക്കിവനെ..”

ഗുരുവിന്റെ ആജ്ഞ കേട്ടതോടെ രണ്ടു കാലിലും കൈയിലും ഓരോരുത്തര്‍ പിടിച്ച് പൊക്കിയെടുത്തു. ചത്തവന്റെ മാതിരി തല കീഴോട്ട് തൂങ്ങിക്കിടന്നു.അതേ പടി അരുവിയിലേയ്ക്ക് കൊണ്ടു പോയി. അവിടെ നല്ല തണുത്തു മരവിച്ച വെള്ളം. കലത്തിലെടുത്ത് ധാര കോരി.നല്ല പാതിരാത്രിയ്ക്ക് മലമുകളിലെ മരവിച്ച വെള്ളം തലയില്‍ വീണതോടെ എലുമ്പന്റെ പൂസ് മുക്കാലും പമ്പ കടന്നു. ഈ തൂക്കലും കുളിപ്പിയ്ക്കലും ഒക്കെ ക്യാമറയിലാക്കാനും മറന്നില്ല ശിഷ്യര്‍.
പിന്നെ തൂക്കി വീണ്ടും ആഴിക്കരുകിലേയ്ക്ക്. അവിടെ കിടന്ന് പോത്തുപോലെ അവനുറങ്ങി.

“ആരാ അവനെ ഇങ്ങനെ കുടിപ്പിച്ചത്?”

“ഗുരോ..ആരും കുടിപ്പിച്ചതല്ല. അവന്‍ തന്നെ കഴിച്ചതാ..”

“ഹും ..എന്റെ ശിഷ്യന്മാര്‍ ഇങ്ങനെ അഴിഞ്ഞാടാന്‍ ഞാന്‍ സമ്മതിയ്ക്കില്ല. എവിടെ ആ കുപ്പികള്‍?”

“ഇതാ ഗുരോ..”

ഞാന്‍ നോക്കി ഒരു കുപ്പിയില്‍ കുറേ ബാക്കി ഉണ്ട്.

“നിങ്ങള്‍ എനിയ്ക്കു ചീത്തപ്പേരുണ്ടാക്കരുത്. ആ കുപ്പിയിങ്ങു തരൂ. കുറച്ചു വെള്ളവും..”

ഗുരു ടെന്റിലേയ്ക്കു കയറിപ്പോയി. പിന്നെ ഒരു വാശിയോടെ, നിര്‍ത്താതെ രണ്ടു പെഗ് മടു മടാന്നടിച്ചു.
ഹാ..എന്തൊരു സുഖമായിരുന്നു പിന്നെയുള്ള ഉറക്കത്തിന്.

വാല്‍ക്കഷണം:
പിറ്റേന്ന് പുലര്‍കാലത്തെഴുനേറ്റ് ഒരു പൂര്‍ണ ക്ലാസ് നടത്തി. ധാരാളം ഫോട്ടോ എടുത്തു. എല്ലാം ചുറ്റി നടന്നു കണ്ടു. പിന്നെ പത്തുമണിയോടെ മലയിറങ്ങി, ഒരിയ്ക്കലും മായാത്ത ഓര്‍മ്മകളുമായി. ശിഷ്യരില്‍ രണ്ടു പേര്‍ അധ്യാപകരായി. ഒരാള്‍ക്ക് ഏതോ ഹോസ്പിറ്റലില്‍ ജോലി . മറ്റൊരാള്‍ നേവിയില്‍. ഇനിയൊരുത്തന്‍ ഇറ്റലിയില്‍, ബാക്കിയുള്ളവര്‍  തേരാ പാരാ.





Sunday 11 July 2010

ആലക്കോടന്‍ വിശേഷങ്ങള്‍ : മലമുകളിലെ തടാകം.

രു യുവാവിനെ സംബന്ധിച്ചിടത്തോളം യുവാവെന്ന നിലയിലുള്ള അവന്റെ സ്വാതന്ത്ര്യം വിവാഹത്തിന്റെ തലേന്നാള്‍ രാത്രി വരെ മാത്രം. അതിനിടയില്‍ അവനെത്ര ഉല്ലസിച്ചിട്ടുണ്ടോ അതായിരിയ്ക്കും അവന്റെ പില്‍ക്കാല ജീവിതത്തില്‍ സന്തോഷിയ്ക്കാന്‍ ബാക്കിയുണ്ടാവുക. എന്നു വെച്ചു കല്യാണം കഴിച്ചവര്‍ക്കൊന്നും സന്തോഷമില്ല എന്നല്ല പറഞ്ഞു വരുന്നത്. അതു സന്തോഷം വേറെ!

കൂട്ടുകാരോടൊപ്പം കൂത്താടുക, പെണ്‍പിള്ളേരുടെ പുറകേ നടക്കുക, അവസരം കിട്ടിയാല്‍ പഞ്ചാരയടിയ്ക്കുക,  ആരോടും ഉത്തരവാദിത്തമില്ലാതെ അര്‍മാദിച്ചു നടക്കുക, ഇതൊക്കെ വിവാഹത്തിനു മുന്‍പല്ലേ പറ്റൂ. (ടൂ ഹരിഹര്‍ നഗര്‍ വന്ന ശേഷം മധ്യവയസ്കരും ആ പരിപാടി തുടങ്ങിയെന്നു തോന്നുന്നു.) ഇങ്ങനെ കൂത്താടാന്‍ ഏറ്റവും നല്ല ഏര്‍പ്പാടാണ് ടൂര്‍ അഥവാ വിനോദയാത്ര.

ഒരിക്കല്‍ ഞങ്ങള്‍ ഫൈസല്‍ കോമ്പ്ലക്സുകാര്‍ ഒരു ടൂര്‍ നടത്തി, വയനാട്ടിലേയ്ക്ക്. നമ്മുടെ സോജന്‍ ഒന്നാന്തരം ഡ്രൈവര്‍ ആണ്. അവന്റെ ചേട്ടന് ഒരു ജീപ്പുമുണ്ട്. അപ്പോള്‍ സഹായനിരക്കില്‍ ഒരു യാത്രയ്ക്കു ബുദ്ധിമുട്ടില്ലല്ലോ?
ഞങ്ങള്‍ എട്ടുപേരാണ് ആ യാത്രയ്ക്കുണ്ടായിരുന്നത്.

ഒരു ഡിസംബര്‍ മാസം രാത്രി ഒന്‍പതുമണിയോടെ ഭക്ഷണം കഴിഞ്ഞ് അത്യാവശ്യം “ഇന്ധനം” ബിവറേജസില്‍ നിന്നും സംഭരിച്ച് ഞങ്ങള്‍ ഏഴുപേര്‍ കയറിയ ജീപ്പ് വയനാട് ലക്ഷ്യമാക്കി ഫ്ലാഗ് ഓഫ് ചെയ്തു. എട്ടാമന്‍ ശ്രീകണ്ഠാപുരത്താണുള്ളത്. ആലക്കോടുകാരനാണെങ്കിലും അവിടെ എന്തോ അല്‍ഗുല്‍ത്ത് പരിപാടിയുമായി കൂടിയിരിയ്ക്കുകയാണ്. ഇഷ്ടനെ അവിടെ നിന്നും “പിക്ക“ണം.

ഏതാണ്ട് പത്ത് മണിയ്ക്ക് ശ്രീകണ്ഠാപുരത്തെത്തി. ഈ ചങ്ങാതി നേരത്തെ പറഞ്ഞു തന്ന പ്രകാരം എവിടെയോ കൊണ്ടുപോയി വണ്ടി നിര്‍ത്തി. ഒരു വഴിവിളക്കിന്റെ വെട്ടം മാത്രം. എവിടൊക്കെയോ പട്ടി കുരയ്ക്കുന്നു. ഞങ്ങള്‍ വണ്ടി നിര്‍ത്തിയ പാടെ പൂഴിക്കൊട്ടക്കണക്കിന് തെറിയാണ് എതിരേറ്റത്! മദ്യത്തില്‍ കുഴഞ്ഞതുകാരണം തെറിയുടെ അര്‍ത്ഥത്തിന്റെ അത്രയും വീര്യം സൌണ്ടിനില്ല. എന്താണെന്നൊരു പിടിയും കിട്ടിയില്ല.
അപ്പോള്‍ കേള്‍ക്കാം:

“സാറെ, അതു നമ്മുടെ ആള്‍ക്കാരാ സാറെ..കുഴപ്പമൊന്നുമില്ല”.

തെറി സ്റ്റോപ്പായി.
 ആ ശബ്ദം നമ്മുടെ ചങ്ങാതി കുഞ്ചാക്കോയുടെ തന്നെ. ഒപ്പം ഇരുട്ടത്തു നിന്നും വെളിച്ചത്തിലേയ്ക്ക് ആള്‍ പ്രത്യക്ഷനാകുകയും ചെയ്തു.

“എന്താടാ കോപ്പാ ഇത്? പാതിരായ്ക്കു മൂക്കുമുട്ടെ തെറിയോ?” സോജന്‍ ചൂടായി.

“എടാ..ഇന്ന് കൊറെ കള്ളച്ചാരായം പിടിച്ചിട്ടൊണ്ട്. സാറന്മാര് നന്നായി കീറിയിട്ട് കെടക്കുവാ ” കുഞ്ചാക്കോ പറഞ്ഞു.

“അപ്പം ഇതെവിടാ സ്ഥലം?”

“അറിയത്തില്ലെ? എക്സൈസ് ഓപ്പീസ്. അടുത്ത കെട്ടിടത്തിലല്ലേ എനിയ്ക്കു പണി. സാറന്മാരുമായി എനിയ്ക്കു നല്ല പരിചയാ. വല്ല ഓം‌ലെറ്റോ കറിയോ മേടിച്ചുകൊടുത്താ മതി ഇഷ്ടം പോലെ സാധനം കിട്ടും!”

ഒരു സര്‍ക്കാരാപ്പീസിന്റെ ഗതിയേ! ഒരു ബള്‍ബു പോലും അതിന്റെ മുന്നില്‍ തെളിച്ചിട്ടില്ല.
ഡിസംബറിലെ ചൂളന്‍ കാറ്റ് ചെവിയിലേയ്ക്കടിച്ചു കയറി മേലാകെ വിറപ്പിയ്ക്കുന്നുണ്ടായിരുന്നു. അവന്റെയൊരു യോഗമെന്നോര്‍ത്തു ഞങ്ങളു വണ്ടി വിട്ടു.  കുഞ്ചാക്കോ പുറകിലെ പ്ലാറ്റ്ഫോമിലേയ്ക്കു മറിഞ്ഞു.

നല്ല കുളിര്, വണ്ടിയുടെ കുലുക്കം. ഞാനുറങ്ങിപ്പോയി. എപ്പോഴോ കണ്ണു തുറക്കുമ്പം മണി മൂന്നര. എത്തിയത് ഒരു ടൌണിലാണെന്നും അതു മാനന്തവാടിയാണെന്നും അല്പാല്പം മനസ്സിലായി വന്നു. അവിടെ ആ സമയത്ത് ഒരു തട്ടുകടയുണ്ടായിരുന്നു. നല്ല ചൂടന്‍ ചായ ഓരോന്നു ഉള്ളില്‍ ചെന്നപ്പോള്‍ കിലുകിലാ വിറയലിന് ചെറിയൊരു ബ്രേക്ക് കിട്ടി.

ടൂര്‍ പ്രോഗ്രാം അനുസരിച്ച് ഞങ്ങള്‍ തിരുനെല്ലിയ്ക്കാണ് പോകേണ്ടത്. അതിനെക്കുറിച്ച് തട്ടുകടക്കാരനുമായി ഡിസ്കസ് ചെയ്തപ്പോള്‍ അയാളൊരു ചിരി ചിരിച്ചു.

“മക്കളെ ഈ സമയത്തു പോയാല്‍ ചെലപ്പോ വീട്ടുകാരു തിരുനെല്ലിയ്ക്കു പോകേണ്ടി വരും, ബലിയിടാന്‍ ! വഴി മുഴുവനും ആനയും പുലിയുമാ!”

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായ വിവാഹകര്‍മ്മം കഴിയാത്തവരാണ് എല്ലാവരുമെന്നതിനാല്‍ ഭാഗ്യപരീക്ഷണം തല്‍ക്കാലം വേണ്ടെന്നു വച്ചു. നേരം പുലരാന്‍  മൂന്നുമണിക്കൂറെങ്കിലും ഉണ്ട്. അതു വരെ ഈ തണുപ്പത്ത് ഇവിടെ കുത്തിയിരിയ്ക്കേണ്ടി വരുമോ?

അപ്പോഴാണ് സോജന്റെ മണ്ടയില്‍ സൂര്യനുദിച്ചത്: കല്പറ്റയ്ക്ക് പോകാം!
അവിടെ അവന്റെ ഏതോ ഒരു സുഹൃത്തിന്റെ വീടുണ്ട്. വീടാകുമ്പോള്‍ ഒന്നു കുളിയ്ക്കാം, ചായ കുടിയ്ക്കാം, ബ്രേക്ക്ഫാസ്റ്റ് കഴിയ്ക്കാം, വേണമെങ്കില്‍ ഒന്നു നടുനിവര്‍ക്കുകയും ആവാം. അതു തന്നെ നല്ലത്.

വണ്ടി വിട് കല്പറ്റയ്ക്ക്.

വീണ്ടും യാത്ര, കുളിര്, കുലുക്കം, ഉറക്കം തൂങ്ങല്‍ .
സോജന്റെ വിളികേട്ട് കണ്ണു തുറന്നു. നേരം കഷ്ടിച്ച് പുലരുന്നതേയുള്ളു. ഒരു കുന്നിന്‍ ചരുവിലാണ്. എങ്ങും തേയില ചെടികള്‍ .  സിനിമയില്‍ കാമുകികാമുകന്മാര്‍ ഓടിനടന്നു ഡാന്‍സ് കളിയ്ക്കുന്ന മാതിരിയുള്ള ലൊക്കേഷന്‍ . ചുളു ചുളാ വീശുന്ന കാറ്റ്. മുഖത്തു സ്പര്‍ശിച്ചു പോകുന്ന മഞ്ഞ് . ഹാ..അതൊരനുഭവം തന്നെയാണേ!

അല്പം നടന്നപ്പോള്‍ ഒരു കൊച്ചു വീടിന്റെ മുറ്റത്തെത്തി. സോജന്‍ കുറേ തട്ടുകയും മുട്ടുകയും വിളിയ്ക്കുകയുമൊക്കെ ചെയ്തു. കുറേ നേരത്തെ അധ്വാനത്തിനു ശേഷം ആ വാതില്‍ തുറന്നു. മേലാകെ പുതച്ച് ഇറങ്ങി വന്ന രൂ‍പം, എട്ടുപേര്‍ നിരന്നു നില്‍ക്കുന്നതു കണ്ട് അന്തം വിട്ട് കണ്ണുതള്ളി. ഒരു നിമിഷം കൊണ്ട് കക്ഷിയുടെ കുളിരുമാറിയെന്ന് മുഖം കണ്ടാലറിയാം.

സോജന്‍ പേര്‍ ചൊല്ലി വിളിച്ച് പരിചയം പുതുക്കി.
അല്പസമയത്തിനു ശേഷം ഞങ്ങളെല്ലാം വീട്ടിനകത്തേയ്ക്ക് ആനയിയ്ക്കപ്പെട്ടു. മണ്ണു തേച്ച മുറിയിലെ ഒരു കട്ടില്‍ , ചാണകം മെഴുകിയ തറയില്‍ വിരിച്ച പുല്പായ എന്നിവയില്‍ എട്ടുപേരും സൌകര്യം പോലെ സ്വയം നിക്ഷേപിച്ചു. കുറച്ചു സമയത്തിനുശേഷം ആവിപറക്കുന്ന കട്ടന്‍ കാപ്പി കിട്ടി. വിശാലമായ പറമ്പ് കക്കൂസിന്റെ ആവശ്യകതയെ ഇല്ലാതാക്കി. കുളിയെക്കുറിച്ചുള്ള വിദൂരചിന്ത പോലും ആര്‍ക്കും ഉണ്ടായില്ല. താടിയെല്ലിന്റെ അതിവേഗ കൂട്ടിമുട്ടല്‍ നിര്‍ത്തിയ്ക്കാന്‍ കൈയിലുള്ള തോര്‍ത്ത് കൊണ്ട്  താടി കൂട്ടി വട്ടത്തില്‍ കെട്ടി.

അപ്പോഴാണ് സോജന്‍ പറഞ്ഞത്, നമുക്ക് പൂക്കോട്ട് തടാകം കാണാന്‍ പോകാം!
 ഞാന്‍ ധാരാളം കേട്ടിട്ടുണ്ട് ഈ തടാകത്തെപ്പറ്റി. അതുകൊണ്ടു തന്നെ ആ നിര്‍ദേശം ഇഷ്ടപ്പെട്ടു. ഇവിടെ നിന്നും അടുത്താണത്രേ. ഈ വീട്ടിലെ ആള്‍ , അതായത് സോജന്റെ ചങ്ങാതി കൂട്ടു വരാമെന്നു സമ്മതിച്ചു. കക്ഷിയ്ക്ക് പൂക്കോട്ട് തടാകം നല്ല പരിചയമുണ്ടത്രേ.  എല്ലാവരും ഹാപ്പിയായി. ഒരാള്‍ ഗൈഡായിട്ടുണ്ടെങ്കില്‍ യാത്രയ്ക്കൊരു രസമുണ്ട്.

അങ്ങനെ ആ കൊച്ചുവെളുപ്പാന്‍ കാലത്ത് ഞങ്ങള്‍ പുറപ്പെട്ടു. ഇതേവരെ ജീപ്പിന്റെ മുന്‍‌വശത്ത് സൈഡു സീറ്റില്‍ ഗമയിലിരുന്ന ഞാന്‍ പുറകിലേയ്ക്ക് തള്ളപ്പെട്ടു. എന്റെ സ്ഥാനത്ത് വിശിഷ്ടാഥിതി “ഗൈഡ്“ അപ്പോയിന്റ് ചെയ്യപ്പെട്ടു. ചെറിയ മുറുമുറുപ്പോടെയെങ്കിലും ഞാനംഗീകരിയ്ക്കാന്‍ നിര്‍ബന്ധിതനായി. ഗൈഡിനെ പിണക്കരുതല്ലോ!ഗൈഡ് പല വീരകഥകളും പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക് ജീപ്പ് നിര്‍ത്തി വയറു നിറയെ അപ്പവും മുട്ടക്കറിയും മേടിച്ചു കൊടുത്തു.

യാത്ര തുടരുകയാണ്.  രണ്ടു മണിക്കൂര്‍ യാത്രയ്ക്കു ശേഷം  വഴിയരുകില്‍ ഒരു ബോര്‍ഡ് കണ്ടു. “പൂക്കോട്”. സൈഡിലേയ്ക്കൊരു വഴിയും. ഗൈഡ് പറഞ്ഞു: 

“അങ്ങോട്ട് വിട്! “

വണ്ടി തിരിഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ മനസ്സിലായി വണ്ടി ഒരു കുന്നു കയറുകയാണ്. സൈഡിലൊക്കെ വേലി കെട്ടി തിരിച്ചിരിയ്ക്കുന്നു. അവിടെ ധാരാളം ഓറഞ്ച് മരങ്ങള്‍ , നിറയെ ഓറഞ്ചും.

“അല്ലാ വണ്ടി കുന്നിലേയ്ക്കാണല്ലോ? തടാകം കുന്നിന്മേലാണോ?” ഞാന്‍ ചോദിച്ചു.

“ആണല്ലോ! അതല്ലേ ഇതിന്റെ പ്രത്യേകത. കുന്നിന്മുകളിലുള്ള ഒരേ ഒരു തടാകമാണിത്.”

ഗൈഡ് കഴുത്തു തിരിച്ച് എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു.
 സത്യത്തില്‍ വലിയ ആവേശം തോന്നി. കുന്നിന്‍ മുകളിലെ തടാകം എന്തായാലും അത്യുഗ്രന്‍ കാഴ്ച ആയിരിയ്ക്കും. ഞങ്ങളെല്ലാം ഹാപ്പി, കെട്ടുവിട്ട കുഞ്ചാക്കോ വരെ.

കുലുങ്ങി കുലുങ്ങി വണ്ടി കയറിക്കൊണ്ടിരുന്നു. എങ്കിലും ഈ ഭൂപ്രകൃതി കണ്ടിട്ട് എനിയ്ക്കങ്ങോട്ടു വിശ്വാസം വരുന്നില്ല, ഇതിന്റെ മുകളില്‍ ഒരു തടാകമുണ്ടെന്ന്! പക്ഷേ ഗൈഡ് ഉറപ്പിച്ചു പറയുന്നതു കൊണ്ട് വിശ്വസിക്കാതിരിയ്ക്കുന്നതെങ്ങനെ?

അല്പം കൂടി കയറി കഴിഞ്ഞപ്പോള്‍ ഒരു നിരപ്പിലെത്തി. അവിടെ, വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല, വലിയൊരു ചുറ്റുമതില്‍ !ഉള്ളില്‍ ചില കെട്ടിടങ്ങള്‍ . ആകെപ്പാ‍ടെ എന്തൊക്കെയോ ഉണ്ടവിടെ.

“ഞാന്‍ പറഞ്ഞില്ലേ..ഇവിടെയാണ് തടാകം.” ഗൈഡ് ഗാംഭീര്യത്തോടെ പറഞ്ഞു. അവിടെ കണ്ട ഒരു ഗേറ്റിനു മുന്‍പില്‍ ജീപ്പു നിര്‍ത്തി ഞങ്ങളിറങ്ങി.

നോക്കുമ്പോള്‍ ഉള്ളില്‍ കുറെ സുന്ദരിക്കിളികള്‍ ഷട്ടില്‍ കളിയ്ക്കുന്നു! ഒന്നും ചിന്തിച്ചില്ല, എല്ലിന്‍ കഷണം കണ്ട ശ്വാനന്മാരെപ്പോലെ ഞങ്ങള്‍ ഗേറ്റു ഓടിക്കടന്നു. താഴോട്ടുള്ള പടികള്‍ ചാടിയിറങ്ങി.
കാട്ടുമാക്കാന്മാരെപ്പോലെയുള്ള (മുടിയാകെ ചപ്രശയാണല്ലോ), കുളിയ്ക്കുക പോലും ചെയ്യാത്ത ഞങ്ങളെ കണ്ട കിളികള്‍ ഉച്ചത്തില്‍ ചിലച്ചു. പെട്ടെന്നതാ യൂണിഫോം ധരിച്ച അഞ്ചെട്ട് കൂറ്റന്മാര്‍ പാഞ്ഞു വരുന്നു! ഒന്നും മനസ്സിലായില്ല.

“ആരെടാ അത്? എന്താടാ കാര്യം?” കൂറ്റന്മാര്‍ മുക്രയിട്ടു.

ബ്രേക്കിട്ടപോലെ ഞങ്ങള്‍ നിന്നു. കൂറ്റന്മാര്‍ ഞങ്ങളെ വലയം ചെയ്തു. അതോടെ സകല റൊമാന്‍സും ആവിയായി. “അല്ലാ ഇതല്ലേ പൂക്കോട്ട് തടാകം?“  ഞാന്‍ വിറച്ചു കൊണ്ട് (സത്യമായിട്ടും കുളിരുകൊണ്ടാണേ) ചോദിച്ചു. 

“പൂക്കോട്ട് തടാകമോ? ആരുടെ പൂക്കോട്ട് തടാകം? നിങ്ങളെവിടുന്നാ വരുന്നെ?”

“കണ്ണൂര്‍ ആലക്കോട്ട് നിന്ന്..”

“ഇവിടെയാ പൂക്കോട്ട് തടാകമെന്ന് നിങ്ങളോടാരാ പറഞ്ഞെ?”

“ദോ..ദാണ്ടെ ആ ചങ്ങായി”. വെള്ളത്തില്‍ മുക്കിയ പൊരുന്നക്കോഴിയെപ്പോലെ നില്‍ക്കുന്ന ഗൈഡിനെ ചൂണ്ടി ഞാന്‍ പറഞ്ഞു.

ഞങ്ങളുടെ സ്ഥിതി കണ്ട് അവന്മാര്‍ തണുത്തെന്നു തോന്നുന്നു.

“ഹ..ഹ.. പൊന്നു സുഹൃത്തുക്കളെ, ഇതു പ്രൈവറ്റ് റിസോര്‍ട്ടാണ്.”

“അല്ല ചേട്ടാ, ഞങ്ങള്‍ക്കിതൊക്കെ ഒന്നു കാണാന്‍ പറ്റ്വോ?” ഞാന്‍ ചൊദിച്ചു.

“ഇല്ലല്ലോ. ഇവിടെ മെംബര്‍മാര്‍ക്ക് മാത്രമേ പ്രവേശനമുള്ളു.“

“ഞങ്ങളോരോ മെംബര്‍ഷിപ്പ് എടുക്കാം.”

“മെംബര്‍ഷിപ്പിന് ഒരു ലക്ഷം രൂപയാണ് ”

അന്ന് ഒരേക്കര്‍ നല്ല റബര്‍ തോട്ടത്തിന് ഒരു ലക്ഷം തികച്ചും വേണ്ട.

“ശരി, നിങ്ങളിവിടെ നില്‍ക്കണ്ട, വേഗം പൊയ്ക്കോ. ആരെങ്കിലും കമ്പ്ലൈന്റ് ചെയ്താല്‍ കുഴപ്പമാകും”.

വീണ്ടും ജീപ്പ് സ്റ്റാര്‍ട്ടായി. ഞാന്‍ മുന്‍സീറ്റില്‍ പഴയ ഗമയോടെ. ഗൈഡിനെ പുറകില്‍ ഒരു മൂലയില്‍ തിരുകി വച്ചു. സോജന്റെ വിലക്കുകളും അപേക്ഷകളും തള്ളിക്കൊണ്ട്, രാവിലെ ചെയ്തു തന്ന ഉപകാരങ്ങളെ മന:പൂര്‍വം മറന്നുകൊണ്ട്, സാമാന്യം നല്ല “നിഘണ്ടുരഹിത പദാഭിഷേകം“ കുഞ്ചാക്കോയുടെ വകയായും സഹായത്തിന് എന്റെ വകയായും  ഉണ്ടായിട്ടും, ഗൈഡ് കമാന്നൊരക്ഷരം മിണ്ടിയില്ല.

വാല്‍ക്കഷണം: പിന്നെ ഞങ്ങള്‍ വഴി ചോദിച്ച് സാക്ഷാല്‍ പൂക്കോട്ട് തടാകം കണ്ടു. അവിടെ വച്ച് ഗൈഡ് വഴിപിരിഞ്ഞു, ആരോടും ഒന്നും മിണ്ടാതെ. അയാള്‍ പോയശേഷമാണ് സോജന്റെ വക കലശാഭിഷേകം ഉണ്ടായത്. ഇന്നോര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു. അയാളോട് അങ്ങനെയൊന്നും പറയരുതായിരുന്നു.

Wednesday 23 June 2010

ആലക്കോടന്‍ വിശേഷങ്ങള്‍ : “ഉടുമ്പു തൈലം.“

നമ്മുടെ പത്രങ്ങളിലെ കോളം പരസ്യങ്ങള്‍ നോക്കിയാല്‍ ഏറ്റവും അധികം കാണുക ചില യന്ത്രങ്ങളുടെയും ലേഹ്യങ്ങളുടെയും പരസ്യമായിരിയ്ക്കും. ഒപ്പം ചില “ഡോക്ടര്‍മാരു”ടെയും. യന്ത്രങ്ങള്‍ ഉറുക്ക്, ചരട്, തകിട് ഇങ്ങനെ പല കാറ്റഗറി വരും. പ്രധാന ഉന്നം ധനം, ഒപ്പം പെണ്ണ് ഇവയെ ആകര്‍ഷിയ്ക്കല്‍ .
ലേഹ്യങ്ങള്‍ തടി വയ്ക്കാന്‍ , ശരീരത്തിലെ കുഴപ്പം പിടിച്ച ചില ഭാഗങ്ങള്‍ വളരാന്‍ , പിന്നെ "A"സര്‍ട്ടിഫിക്കറ്റുള്ള ചില കാര്യങ്ങള്‍ക്ക് വീര്യം പകരാന്‍ എന്നിവയ്ക്കായി പ്രയോഗിയ്ക്കപ്പെടും. “ഡോക്ടര്‍മാര്‍‌“ എല്ലാവരുടെയും തന്നെ സര്‍ട്ടിഫിക്കറ്റ് മേല്‍ വിഷയത്തിലാണ്. ഞാന്‍ പത്രവായന ആരംഭിച്ചകാലം മുതല്‍- അതായത് ഏകദേശം 30 വര്‍ഷത്തോളമായി യാതൊരു മാറ്റവുമില്ലാത്ത ഫോട്ടോ വച്ച ഡോക്ടര്‍മാരെ ഇന്നും കോളത്തില്‍ കാണാം. ഇതില്‍ നിന്നും ഒരു കാര്യം ഉറപ്പാണ് നമ്മൂടെ നാട്ടാരെ ഏറ്റവും അധികം അലട്ടുന്നത് "A" വിഷയമാണ്. ഇതറിയാവുന്ന ചിലര്‍ ലാടന്‍ എന്നൊരു പേരില്‍ നാട്ടിലിറങ്ങും. കരിങ്കുരങ്ങ്, ഉടുമ്പ് , അജമാംസം അങ്ങനെയൊക്കെ പേരിട്ട് പല ലേഹ്യങ്ങളും നാട്ടാര്‍ക്ക് വില്‍ക്കും. എന്തൊരു തിക്കും തിരക്കുമാണെന്നോ അതു മേടിയ്ക്കാന്‍ , ഇന്നസെന്റ് സാറ് പറഞ്ഞപോലെ ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാന്‍ കണ്ട മാതിരി. ആലക്കോട്ടെ ബിവറേജസിന്റെ മുന്നില്‍ മാത്രമേ അതു പോലെ തിരക്കു ഞാന്‍ കണ്ടിട്ടുള്ളു.

ഒരിയ്ക്കല്‍ ആലക്കോട് ടൌണില്‍ ഇതുപോലൊരു വൈദ്യന്‍ ലേഹ്യമുണ്ടാക്കി. അതായത് ലൈവായിട്ട്. അത് കാണേണ്ട കാഴ്ച തന്നെയാണ്. ഏകദേശം ഒരു മൂന്നു മണിയോടെ ടൌണിലെ ഒഴിഞ്ഞു കിടക്കുന്ന ഒരു കടയുടെ തിണ്ണയില്‍ നിന്നും ഒരു സ്പീക്കറില്‍ കൂടിയങ്ങനെ പാട്ടൊഴുകി വരുന്നു. കാര്യമറിയാനുള്ള ആകാംക്ഷയോടെ നമ്മളു നോക്കുമ്പം ഒരാള്‍ മാരുതി വാനില്‍ നിന്നും ഓരോരോ ചെറിയ പൊതികള്‍ എടുത്ത് നിരത്തുകയാണ്.  പൊതികള്‍ അഴിച്ചപ്പോള്‍ മനസ്സിലായി, ഏതൊക്കെയോ പച്ചമരുന്നുകളും അങ്ങാടി മരുന്നുകളുമൊക്കെയാണ്. അവസാനം ഒരു ബോര്‍ഡും വച്ചു. ബോര്‍ഡില്‍ ഒരു ആടിന്റെ പടം. അടിയില്‍ “അജമാംസ ലേഹ്യം” എന്നൊരെഴുത്തും. അപ്പോള്‍ കാണാം ബോര്‍ഡിനു ചുവട്ടിലായി ഒരാട്ടിന്‍ തല നമ്മളെ തുറിച്ചു നോക്കുന്നു. സംഗതി കാര്യമായിട്ടാണ്.
ആലക്കോട്ടുകാരല്ലെ, ഒരാള്‍ ഉച്ചത്തില്‍ ഒന്നു കോട്ടുവായിട്ടാല്‍ ചുറ്റും കൂടും എന്താ കാര്യമെന്നറിയാന്‍ . ഇവിടേം കൂടി. അപ്പോള്‍ വൈദ്യന് ഉഷാറു കൂടി. പിന്നെ, ചെറിയൊരടുപ്പ്, അടുപ്പിന്മേല്‍ ഉരുളി, ഉരുളിയില്‍ എണ്ണ, പിന്നെ ഓരോരോ ക്രമത്തില്‍ ഓരൊ മരുന്ന്. അവസാനം ആട്ടിന്‍ തല. അതിനിടയില്‍ ഇടമുറിയാതെ പാട്ട്. വൈദ്യന്‍ ആരുടേയും മുഖത്തു പൊലും നോക്കാതെ ഇളക്കോടിളക്ക്. അങ്ങനെ സന്ധ്യയോടെ ലേഹ്യം റെഡി. അപ്പോഴാണ് വൈദ്യന്‍ ലേഹ്യത്തിന്റെ ഗുണഗണങ്ങളെ പറ്റി വര്‍ണന തുടങ്ങിയത്. അതു കേട്ടപ്പോഴെ നമ്മളവിടെ നിന്നിട്ട് കാര്യമില്ലന്ന് മനസിലായി. കല്യാണം കഴിയ്ക്കാത്ത ഞാന്‍ ലേഹ്യം മേടിച്ചിട്ടെന്തു ചെയ്യാന്‍ ?  ഇനിയൊരു പരീക്ഷണത്തിനു മേടിച്ചുകഴിച്ചിട്ട് വല്ല കുഴപ്പവുമൊപ്പിച്ചാല്‍ പിന്നെ മാനക്കേടുകൂടിയാകും.
എന്നാല്‍ അവിടെ കൂടി നിന്ന എല്ലാവരും അവിവാഹിതരല്ലല്ലോ! വൈദ്യന് സാധനം മുഴുവന്‍ ചിലവായി. നല്ല കോളടിച്ച സംതൃപ്തിയോടെ അയാള്‍ ഒരു മണിക്കൂറിനകം ആലക്കോടു നിന്നും മാരുതി വിട്ടു. സാധനം മേടിച്ച ആലക്കോട്ടുകാര്‍ക്ക് വൈദ്യനേക്കാള്‍ സംതൃപ്തി. പലരുടെയും മുഖത്തൊരു കള്ളച്ചിരി തത്തിക്കളിച്ചു. മിക്ക ടീമുകളും നേരത്തെ വീടു പിടിച്ചു.

നമ്മുടെ മാത്തപ്പന്‍ ചേട്ടനും ഒരെണ്ണം മേടിച്ചതായി ഞങ്ങള്‍ക്ക് അറിവു കിട്ടി. പിറ്റേന്നു മുതല്‍ ഞങ്ങള്‍ പുള്ളിയെ നിരീക്ഷിച്ചുതുടങ്ങി. എന്തെങ്കിലും മാറ്റമുണ്ടോന്നറിയണമല്ലോ! അന്ന് നല്ല ഉറക്കച്ചടവോടെയാണ് വന്നതെന്നു മനസ്സിലായി. എന്നാലോ മുഖത്തൊരു തെളിച്ചമില്ല. രണ്ട്, മൂന്ന്, നാല് , അഞ്ചാമത്തെ ദിവസം മാത്തപ്പന്‍ ചേട്ടന്‍ നല്ല ചൂടിലാണ് വന്നത്. ഞങ്ങള്‍ നേക്കിന് കൂടി കാര്യമന്വേഷിച്ചു. കുറച്ച് നേരത്തെ പ്രയത്നത്തിനൊടുവില്‍ , ഒന്നു രണ്ട് അസംസ്കൃത വാക്കുകളുടെ അകമ്പടിയോടെ സംഗതി വെളിയില്‍ വന്നു. ഇന്‍സ്റ്റന്റ് ഫലം പ്രതീക്ഷിച്ചാണ് കക്ഷി ലേഹ്യം മേടിച്ചത്. മേടിച്ച അന്നു രാത്രി അനാവശ്യമായി ഉറക്കമിളയ്ക്കുക കൂടി ചെയ്തു. ഫലമൊന്നുമില്ല. സാരമില്ല, ബാക്കി കൂടി കഴിച്ചു നോക്കാം, ഒന്നുമല്ലങ്കിലും സംഗതി ആടാണല്ലോ. ആ ഒരു പ്രതീക്ഷയോടെ കഴിപ്പ് തുടര്‍ന്നു. മൂന്നാം ദിവസം മുതല്‍ ലേഹ്യത്തിനൊരു പുളിപ്പ്. നാലാം ദിവസം പുളിപ്പ് കൂടി. അഞ്ചാം ദിവസം ആകെ പതഞ്ഞ് കുപ്പിയ്ക്കു വെളിയിലായില്‍ ചാടി. അതോടെ വൈദ്യന്റെ മൂന്നുതലമുറയ്ക്ക് തെറി പറഞ്ഞുകൊണ്ട് ബാക്കി ലേഹ്യം മുറ്റത്തിനു താഴേയ്ക്ക് ആഞ്ഞൊരേറു കൊടുത്തു മാത്തപ്പന്‍ ചേട്ടന്‍ .

ഞാന്‍ ഫൈസല്‍ കോം‌പ്ലക്സ് അന്തേവാസിയായിരിയ്ക്കുന്നത് അത്യാവശ്യം വിപ്ലവം മൂത്തു നില്‍ക്കുന്ന കാലത്താണ്. അതോടൊപ്പം പരിസ്ഥിതി പ്രേമവും. പോരെ, ഒരു ചെറുപ്പക്കാരന്‍ വഴിതെറ്റാന്‍ ഇതിലധികം വേറെന്തു വേണം? അന്ന് സകല ജീവജാലങ്ങളോടും എനിയ്ക്ക് കാരുണ്യവും സഹതാപവുമൊക്കെയാണ് (ചിക്കന്‍ എന്നറിയപ്പെടുന്ന ഒരിനം വെളുത്ത പക്ഷി, ബീഫ് എന്ന ഒരിനം നാല്‍ക്കാലി ഇവയൊഴികെ). കഴിയുന്നത്ര ഒരെറുമ്പിനെപ്പോലും ഞാന്‍ നോവിയ്ക്കില്ല, ഇങ്ങോട്ട് കടിയ്ക്കാത്ത പക്ഷം.

ഒരു ദിവസം രാവിലെ ഞാന്‍ നമ്മുടെ ഓഫീസിലേക്കു വരുന്നു. തുറന്നു വല്ലോം വരച്ചാലല്ലേ കഞ്ഞികുടി നടക്കൂ. അപ്പൊഴതാ ടൌണില്‍ ഒരു മൂലയ്ക്ക് നല്ല ആള്‍ക്കൂട്ടം. ഒന്നെത്തി നോക്കാതെ പോകുന്നതെങ്ങിനെ? കൂടിനിന്ന മനുഷ്യമതിലിനിടയിലൂടെ മുഖം തിരുകി കയറ്റി.  ഞാനെന്താ ഈ കാണുന്നത്?
കുളിക്കുകയോ പല്ലുതേക്കുകയോ ചെയ്യാത്ത ഒരു രൂപം. കൈയിലും കഴുത്തിലുമൊക്കെ കുറെ ചരടുകള്‍ .നിലത്തങ്ങനെ പടഞ്ഞിരിയ്ക്കുകയാണ്. ആടുത്ത് ഒരു അലുമിനിയ ചരുവം ചാരി വച്ചിരിയ്ക്കുന്നു. അതിനകത്ത് എന്തെല്ലാമോ ചെത്തിപ്പൂളി ഇട്ടിരിയ്ക്കുന്നു. അടിയില്‍ ഊറിക്കിടക്കുന്നു നല്ല ചുവന്ന നിറമുള്ള എണ്ണ. നിരത്തി വച്ചിരിയ്ക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികളിലെല്ലാം ചുവന്ന നിറം. അതൊന്നുമല്ല എന്നെ ഞെട്ടിച്ചത്. അയാളുടെ അടുത്ത് നാലഞ്ച് ഉടുമ്പുകള്‍ . അതേ ജീവനുള്ളവ..പലതും അവശരാണ്. മലര്‍ന്നു കിടയ്ക്കുന്നവയുടെ വെളുത്ത അടിവയറ് തെളിഞ്ഞു നില്‍ക്കുന്നു. അവ കൈകാലുകള്‍ പതിയെ ചലിപ്പിച്ചുകൊണ്ടെയിരുന്നു.

“അയ്യാ.. വാങ്കയാ.. ഇതു ശുത്തമാന ഉടുമ്പെണ്ണ അയ്യാ..ഉങ്ക സംസാരത്തെ കുശിയാക്കവുതുക്ക് ഏകപ്പെട്ട തൈലം അയ്യാ. വാങ്കയ്യാ. ചെറിയ കുപ്പി പത്തു രൂപ വലിയ കുപ്പി ഇറുപതു രൂപ”
എനിയ്ക്കൊന്നും മനസ്സിലായില്ല. എന്തു സംസാരം? ഞാനാ ഉടുമ്പുകളെ മാത്രമേ നോക്കിയുള്ളു. പാവങ്ങള്‍ .എന്നിലെ പരിസ്ഥിതി സ്നേഹി സടകുടഞ്ഞെണീറ്റു. ഇതനുവദിച്ചുകൂടാ.
ഞാന്‍ വേഗം സോജന്റെ എസ്.ടി.ഡി. ബൂത്തിലേയ്ക്കു പാഞ്ഞു.
“സോജാ.. പോലീസ് സ്റ്റേഷനിലെ നമ്പറെത്രയാ?”
“എന്താ.. ബിജൂ. എന്തു പറ്റീ?” സോജന്‍ അന്തം വിട്ടു.
“കാര്യമുണ്ട്. നമ്പറു പറ”.
ഞാന്‍ നമ്പറു കുത്തി. റിങ്ങുണ്ട്. അതാ ആരോ ഫോണെടുത്തു കഴിഞ്ഞു.
“ഹലോ ഗുഡ് മോര്‍ണിങ്ങ്. .................. പൊലീസ് സ്റ്റേഷന്‍ “ ഹായ് എന്തൊരു വിനയപൂര്‍വമായ പരിചയപ്പെടുത്തല്. ഫോണെടുത്ത അങ്ങത്ത എത്ര കഷ്ടപ്പെട്ടായിരിയ്ക്കും ആ ശബ്ദം അങ്ങനെ മധുരതരമാക്കിയിരിയ്ക്കുക.
“സാറേ.. ഇത് ആലക്കോടുന്നാ. ഇവിടൊരാള് ഉടുമ്പെണ്ണ വില്‍ക്കുന്നു. ജീവനൊള്ള ഉടുമ്പുമൊണ്ട്!”
“ഉടുമ്പെണ്ണയാ.. ആരാടാ സംസാരിയ്ക്കുന്നത്?”
നോക്കിക്കേ എത്ര പെട്ടന്നാ അങ്ങത്ത പോലീസായതെന്ന്. ആ കടുപ്പിച്ച ശബ്ദം കേട്ടതോടെ എന്റെ പരിസ്ഥിതിബോധം ഒട്ടുമുക്കാലും ഒലിച്ചു പോയെന്നതാണ് സത്യം.
പേര് പറയണമോ എന്നു ശങ്കിച്ചെങ്കിലും പറഞ്ഞു പോയി.
“ഞാന്‍ ബിജൂ.”
“ഏതു ബിജു? ഉടുമ്പെണ്ണ വില്‍ക്കുന്നേന് പോലീസെന്നാ വേണം? നിനക്കു രാവിലെ പണിയൊന്നുമില്ല അല്ലേ?”
“സാറേ..ഉടുമ്പ് വന്യജീവിയല്ലേ..അതിനെ പിടിയ്ക്കാമ്പാടില്ലാന്നാ നിയമം”. എങ്ങെനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. നമ്മളു വിളിച്ചതിനൊരു റീസണ്‍ കൊടുത്തില്ലേല്‍ ചിലപ്പോള്‍ വാദി പ്രതിയാകും.
“വല്ല ഫോറസ്റ്റോഫീസിലും പോയി പറ.” അങ്ങത്ത ഗൌരവം വിടുന്നില്ല.
“എന്നാ ഞാന്‍ മുകളില്‍ പറഞ്ഞോളാം!” അതെങ്ങിനെ എന്റെ വായില്‍ നിന്നും വീണന്നെറിയില്ല. തലയൂരാനുള്ള വ്യഗ്രതയിലാവും. അല്ലാതെ ഏതു മുകളില്‍ പോകാന്‍ ? എന്നാല്‍ അതേറ്റു. അങ്ങത്ത അല്പം മയത്തിലായി.
“ഓരോ മാരണമൊക്കെ. എവിടെയാ ഉടുമ്പുകച്ചവടം?” ഞാന്‍ സ്ഥലം പറഞ്ഞുകൊടുത്ത് ഫോണ്‍ വച്ചു. സത്യം പറഞ്ഞാല്‍ ഞാന്‍ വിയര്‍ത്തിരുന്നു. പോലീസ് സ്റ്റേഷനില്‍ വിളിയ്ക്കാന്‍ തോന്നിയ പരിസ്ഥിതിബോധത്തെ രണ്ടു ചീത്ത പറഞ്ഞുകൊണ്ട് ഞാന്‍ പോയി ഓഫീസ്  തുറന്നു.

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സോജന്‍ എന്നോട് വന്നു പറഞ്ഞു:
“ബിജു, പോലീസ് വന്നു ഉടുമ്പിനേം വൈദ്യനേം പൊക്കിക്കൊണ്ടു പോയീ!” ഹാ.. അതു കേട്ടപ്പോള്‍ ഒരഭിമാനം തോന്നി. എന്റെ വാക്കിനെ പോലീസ് വിലവെച്ചിരിയ്ക്കുന്നു. പരിസ്ഥിതി ബോധമേ നിന്നെ ചീത്ത പറഞ്ഞതിന് മാപ്പ്.
ഉച്ചയോടെ വൈദ്യനെയും ഉടുമ്പുകളെയും പോലീസ് വിട്ടതായി ഞാനറിഞ്ഞു. വിട്ടെങ്കില്‍ വിട്ടു. ഇനി ഞാനില്ല, വേലിയിലിരിയ്ക്കുന്ന ഉടുമ്പിനെയെടുത്ത് തോളത്ത് വയ്ക്കാന്‍ .
മൂന്നു ദിവസം കഴിഞ്ഞ് സോജന്റെ ബൂത്തില്‍ പരിചയക്കാരനായ ഒരു പോലീസുകാരന്‍ ഫോണ്‍ ചെയ്യാന്‍ വന്നു.  കക്ഷിയാണ് പറഞ്ഞത്, നാലു പോലീസുകാര്‍ ആശുപത്രിയിലാണത്രേ! ഒക്കെ പെന്‍ഷന്‍ പറ്റാറായവര്‍
“എന്തു പറ്റീ?“
“കാര്യം രഹസ്യമാണ്. ആരോടും പറയണ്ട. എന്തോ എണ്ണ പുറത്തുപറയാന്‍ പറ്റാത്തിടത്ത് തേച്ചിട്ട്, പൊള്ളി നാശമായി.  രണ്ടു ദിവസമായി ആശുപത്രിയിലാണ്.  “.

വാല്‍ക്കഷണം: പോലീസുകാര്‍ വൈദ്യരെ സ്റ്റേഷനില്‍ കൊണ്ടു പോയി  എണ്ണയെക്കുറിച്ച് വിശദമായി ചോദ്യം ചെയ്തു. “സംസാര“ത്തെ സന്തോഷിപ്പിയ്ക്കുന്ന എണ്ണയാണെന്ന് വൈദ്യര്‍ പറഞ്ഞു കൊടുത്തു. “സംസാരം“ എന്നു വച്ചാല്‍ ഭാര്യയെന്നര്‍ത്ഥം. ഏമാന്മാര്‍ എണ്ണ മൊത്തം വാങ്ങി വച്ചിട്ട് വൈദ്യരോട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. എന്നിട്ട് ഓരൊരുത്തരായി  വീതിച്ചെടുത്തു. ഇതിനിടയില്‍ എണ്ണ തേയ്ക്കേണ്ട അളവിനെക്കുറിച്ച് ചോദിയ്ക്കാന്‍  വിട്ടു.
കൂടുതല്‍ തേച്ചാല്‍ കൂടുതല്‍  ഫലമെന്ന് ധരിച്ചു കാണും പാവം ഏമാന്മാര്‍ .

----------------------------------------------------------------------------------------
ഇഷ്ടപ്പെട്ടെങ്കില്‍ ഒരോട്ട് കുത്തിയേക്ക്.

Sunday 13 June 2010

ആലക്കോടന്‍ വിശേഷങ്ങള്‍ :-ഒരു കരാറുകാരന്റെ അന്ത്യം.

ഫൈസല്‍ കോം‌പ്ലക്സിലെ എന്റെ സ്ഥാപനം പ്ലാന്‍ ,എസ്റ്റിമേറ്റ് , സൂപ്പര്‍വിഷന്‍ എന്നിവയാണ് നടത്തിപ്പോന്നത്. റബറിന്റെ വളര്‍ച്ച ആലക്കോട്കാരുടെ ജീവിതത്തിലും ഉയര്‍ച്ചയുണ്ടാക്കി. അങ്ങനെ അവര്‍ പുതിയ വീടുകള്‍ പണിയാന്‍ ആരംഭിച്ചു. കാശുള്ളവര്‍ പോലും ഇപ്പോ ലോണെടുത്താണല്ലോ വീടുവയ്പ്. ഇവിടെയും അങ്ങനെ തന്നെ. ബാങ്കില്‍ നിന്നും ലോണ്‍ കിട്ടണമെങ്കില്‍ പ്ലാനും എസ്റ്റിമേറ്റും നിര്‍ബന്ധം. ഇതാണ് നമ്മുടെ ഒരു തൊഴില്‍ സാധ്യത. അല്ലാതെ നല്ലൊരു പ്ലാന്‍ വരച്ച് വീടു വയ്ക്കണമെന്ന ആഗ്രഹത്തിലൊന്നുമല്ല ആള്‍ക്കാര്‍ നമ്മളെ സമീപിക്കുന്നത്. (അതിനുള്ള കഴിവൊന്നും നമുക്കുണ്ടായിരുന്നുമില്ല)

തളിപ്പറമ്പിലോ കണ്ണൂരോ ഒക്കെ ഉള്ള വരപ്പുകാര്‍ സ്ക്വയര്‍ അടി പറഞ്ഞ കാശ് മേടിയ്ക്കുമ്പോള്‍ നമ്മുക്ക് അക്കാര്യം ചിന്തിയ്ക്കാനേ പറ്റില്ല. ഏറെക്കുറെ മീന്‍ മാര്‍ക്കറ്റിലെ ഒരു സ്ഥിതിയാണ് നമ്മുടെ മാര്‍ക്കറ്റില്‍ .
മൂന്നു ടൈപ്പ് ആള്‍ക്കാരാണ് നമ്മുടെ ക്ലൈന്റ്സ്.
ഒന്ന്: തികച്ചും മാന്യരായ, ന്യായമായ പ്രതിഫലം അറിഞ്ഞു തരുന്നവര്‍ - വളരെ വിരളമായ ജനുസ്.
രണ്ട്: എവിടെയും പേശണമെന്ന് മുന്നേ തീരുമാനിച്ചുറപ്പിച്ചവര്‍ . അഞ്ഞൂറ് കിട്ടണമെങ്കില്‍ ആയിരം പറയണം ഇവരുടെ അടുത്ത്. -ഏറ്റവും കൂടുതലുള്ള ജനുസ്.
മൂന്ന്: ചില പരിചയക്കാര്‍ , അകന്ന ചില ബന്ധുക്കള്‍ . നമ്മള്‍ വിചാരിയ്ക്കും പരിചയക്കാരല്ലേ, നമ്മുടെ അവസ്ഥ അറിഞ്ഞ് ന്യായമായി എന്തെങ്കിലും തരും. ആയിരം തരുകയാണെങ്കില്‍ വേണ്ട അഞ്ഞൂറ് മതിയെന്നു പറഞ്ഞ് വണ്ടറടിപ്പിയ്ക്കണം എന്നൊക്കെ. എന്നാല്‍ സംഭവിയ്ക്കുന്നതോ? പ്ലാനും എസ്റ്റിമേറ്റുമെല്ലാം കിട്ടി ബോധിച്ചു കഴിഞ്ഞാല്‍ പിന്നെ നമ്മുടെ മുഖത്തു നോക്കി സമൃദ്ധമായി ഒരു ചിരിചിരിയ്ക്കും.
 “എന്നാ പിന്നെ..ബിജു..ഞാനങ്ങിറങ്ങട്ടെ. സമയമുള്ളപ്പോള്‍ അതിലെയൊക്കെ ഒന്നിറങ്ങണം. അപ്പ ശരി”.
 കക്ഷി ഇറങ്ങി ഒറ്റ നടപ്പങ്ങു നടക്കും. നമ്മളെന്തു ചെയ്യാനാണ്? നിര്‍ബന്ധിച്ചു കാശു മേടിയ്ക്കാന്‍ പറ്റുമോ?
ഇവരില്‍ ചിലര്‍ വേറൊരു ടൈപ്പാണ്‍.” കൈയില്‍ ചുരുട്ടിപ്പിടിച്ച് എന്തോ ഒന്ന് നമ്മുടെ കൈക്കുള്ളില്‍ വച്ചു തരും. “ഇന്നാ ഇതിരിയ്ക്കട്ടെ”. തുറന്നു നോക്കാന്‍ പറ്റില്ലല്ലോ! ഇഷ്ടന്‍ ഒരു ചിരി പാസാക്കിയിട്ട് കൂളായി ഇറങ്ങിപ്പോകും. ആളുമാറിക്കഴിഞ്ഞ് നമ്മള്‍ പ്രതീക്ഷയോടെ കൈ നിവര്‍ത്തി നോക്കും. അഞ്ഞൂറോ ആയിരമോ?
മുഷിഞ്ഞ ഒരു അന്‍പത് അല്ലെങ്കില്‍ നൂറു രൂപാ നോട്ട്! -ഇവരും എണ്ണത്തില്‍ അധികമില്ല.
പേശാന്‍ വരുന്ന ചിലരുടെ ചോദ്യം ഇങ്ങനെ : “അങ്ങോട്ടുമിങ്ങോട്ടും നാലു വര ഇടുന്നതിനാണോ ആയിരം രൂപാ? വൈകുന്നേരം വരെ കിളച്ചാല്‍ നൂറുരൂപയെ ഒള്ളല്ലോ!”
കിളയും വരയും ഒരുപോലാണെന്നു കരുതുന്ന ഇവനോട് എന്താ  പറയുക?

അതുകൊണ്ടാണ് സുനില്‍ സാറിന്റെ കമ്പ്യൂട്ടര്‍ വിദ്യ പരീക്ഷിച്ചു നോക്കാമെന്നു ഞാ‍ന്‍ വിചാരിച്ചത്. കമ്പ്യൂട്ടറില്‍ നല്ല ഭംഗിയായി വരച്ചു കൊടുത്താല്‍ പിന്നെ ആരും പേശില്ലായിരിയ്ക്കും. അങ്ങനെ നാല്പതിനായിരം രൂപാ ലോണെടുത്ത് കമ്പ്യൂട്ടര്‍ മേടിച്ച് വച്ച് വര തുടങ്ങി.
ആലക്കോട്ടുകാരോടാണോ കളി. നല്ല ഡി.റ്റി.എസ്. ചിരി പാസാക്കികൊണ്ടവര്‍ പറഞ്ഞത്: “ആഹാ..ഇപ്പോ നല്ല സൌകര്യമായില്ലേ..മുമ്പത്തെപോലെ കഷ്ടപ്പെട്ടു കൈകൊണ്ടൊന്നും വരയ്ക്കണ്ടല്ലോ. ഇനി ഇരുനൂറ്റമ്പതേ ഞാന്‍ തരൂ!”
സുല്ലിട്ടു സാറെ, ഞാന്‍ സുല്ലിട്ടു. ലോണടയ്ക്കാന്‍ വഴി വേറെ നോക്കണം!

നമ്മളങ്ങിനെ തട്ടിമുട്ടി പോകുന്ന കാലം. ഒരു ദിവസം എനിയ്ക്കു പരിചയമുള്ള ഒരു മേസ്ത്രി, ബേബി കയറിവന്നു.
“സാറെ.എന്തെങ്കിലുമൊക്കെ പണിയുണ്ടെങ്കില്‍ പിടിച്ചു തരണം. കമ്മീഷന്‍ തരാം. സാറു മുന്‍പില്‍ നിന്നാ മതി. ബാക്കിയെല്ലാം ഞാന്‍ നോക്കികൊള്ളാം”. ആ മോഡലിലുള്ള കുറെ ഓഫറുകള്‍ നിരത്തി. ഞാനാലോചിച്ചപ്പോള്‍
ലോണെന്ന ഒരു കീറാമുട്ടി മുന്‍പില്‍ കിടക്കുന്നു. ആലക്കോട്ടുകാര്‍ക്ക് കമ്പ്യൂട്ടര്‍ പ്ലാന്‍ കൊടുക്കാന്‍ പോയതിന്റെ ഫലം. ഇനി ഇതു വഴി വല്ലതും തടയുന്നെങ്കില്‍ അങ്ങനെയാവട്ടെ. അതുമല്ല,ഇതു നമുക്കു വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല.  ക്ലൈന്റ്സിനോടൊക്കെ ഒന്നു പറഞ്ഞാല്‍ സാധിയ്ക്കാവുന്നതേ ഒള്ളൂ. നല്ല കമ്മീഷന്‍ അടിയ്ക്കുകയും ചെയ്യാം.
അങ്ങനെയുള്ള മധുരമനോഹര സ്വപ്നങ്ങളില്‍ പ്രലോഭിതനായി ഞാന്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ തലവെച്ചു.

അന്ന് രയറോം ഗവണ്‌മെന്റ് സ്കൂളില്‍ ടാങ്കോ പൈപ്പോ ഇല്ല. കുട്ടികള്‍ ഒരു കിണറ്റില്‍ നിന്നാണ് വെള്ളം കോരുന്നത്. നാട്ടുകാരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് കണ്ണൂര്‍ എം.പി.യുടെ ഫണ്ടില്‍ നിന്നും ടാങ്കുകെട്ടാന്‍ തുക അനുവദിച്ചു. പി.ടി.എ. കൂടി ടാങ്കു പണി കരാര്‍ കൊടുക്കാന്‍ തീരുമാനിച്ചു.
അന്ന് സ്കൂളിലെ പ്രധാന അധ്യാപകന്‍ എന്റെ ഒരു ബന്ധുവാണ്. പോരാഞ്ഞിട്ട് പി.ടി.എ. പ്രസിഡണ്ട് നല്ല പരിചയക്കാരനും. ആ ഒരു ബലത്തില്‍ ടാങ്ക് പണിയും സൂപ്പര്‍വിഷനും നമുക്കു കിട്ടി. അന്‍പത് രൂപാ മുദ്രപ്പത്രത്തില്‍ എഗ്രിമെന്റ്. സര്‍ക്കാര് സ്ഥാപനമല്ലേ.
 ആദ്യത്തെ സംരംഭം. സ്ക്വയര്‍ ഫീറ്റിന് രണ്ട് രൂപാ കമ്മീഷന്‍ .സംഗതി കിടിലന്‍ . എന്തു കളിച്ചാലും ഒരു അയ്യായിരം രൂപാ കൈയില്‍ കിട്ടും. സൂപ്പര്‍വിഷനെന്നും പറഞ്ഞ് ചുമ്മാ ഇടയ്ക്കൊക്കെ പൊയി നോക്കണം അത്ര തന്നെ. എതായാലും ഇനി കുറെ പണി പിടിയ്ക്കണം. ബേബിയ്ക്ക് അത്യാവശ്യം തട്ടും പലകയുമൊക്കെ ഉണ്ടെന്നു തോന്നുന്നു. എല്ലാവരുടെയും മുന്‍പില്‍ വച്ചുള്ള ആ “സാറെ“ വിളിയും ആ ബഹുമാനവുമൊക്കെ എനിയ്ക്കങ്ങു ബോധിച്ചു. മേസ്ത്രിയ്ക്ക് വിവരമുണ്ട്.

അപ്പോള്‍ മധ്യവേനലവധി ആണ്.  സ്ക്കൂളിലെ ഒരു മുറിയില്‍ മണല്‍ സിമന്റ് എന്നിവ വച്ച് പൂട്ടി താക്കോല്‍ എന്നെ ഏല്പിച്ചിരിയ്ക്കുകയാണ്. എനിയ്ക്കാണതിന്റെ പൂര്‍ണ ഉത്തരവാദിത്തം. പി.ടി.എ.കാരും സാറന്മാരുമൊക്കെ വല്ലപ്പോഴും വന്നാലായി. പിന്നെ നമ്മുടെ ബന്ധു അധ്യാപകന് നമ്മളെ വലിയ വിശ്വാസവുമാണല്ലോ.

പണി തുടങ്ങിയതോടെ ശരിയായ ബേബി വെളിയില്‍ വന്നു. ഭയങ്കര വിനയവും ഭവ്യതയുമൊക്കെ ആണ്. എന്നാല്‍ എപ്പൊഴും കാശു വേണം. ഒരു പ്രാവശ്യം കൊടുത്തില്ലെങ്കില്‍ പിറ്റേദിവസം ആളെ കാണില്ല. പണിക്കൂലിയെക്കാള്‍ അധികം തുക എപ്പോഴും കക്ഷിയുടെ കൈയില്‍ കാ‍ണും. നമുക്കിവനെ ഒഴിവാക്കാനും പറ്റാതായി.

ഒന്നും പറയണ്ട എങ്ങിനെയൊക്കെയോ വാര്‍പ്പ് കഴിഞ്ഞു. ഇനി തേപ്പ് മാത്രം മതി. ഏതായാലും അപ്പോഴേയ്ക്കും ഒരു കാര്യം ഉറപ്പായി കമ്മീഷന്‍ ഗോപിയാകും. ബന്ധു സാറിനെ ഓര്‍ത്താല്‍ പണിയിട്ടു പോകാന്‍ പറ്റില്ല. തന്നെയുമല്ല ആദ്യത്തെ പണിയല്ലെ! എങ്ങിനെയെങ്കിലും തീര്‍ത്തുകൊടുത്തില്ലെങ്കില്‍ മാനക്കേടാകും. തന്നെയോ എഗ്രിമെന്റ് തെറ്റിച്ചാല്‍ കാശ് അങ്ങോട്ട് കൊടുക്കേണ്ടിയും വരും.
മേസ്ത്രിയെ പിന്നെ അവസരം വരുമ്പോള്‍ പിടിയ്ക്കാം, ഈ കുടുക്കില്‍ നിന്നൊന്നു ഊരിയാല്‍ മതിയെന്നായി.
എന്തിനേറെ പറയുന്നു, ബേബി മേസ്ത്രിയുടെ കൈയും കാലും പിടിച്ച് തേപ്പ് ആരംഭിച്ചു. പണിയ്ക്ക് ബേബി മാത്രമേ ഒള്ളു, പിന്നെ സഹായത്തിനായി ഒരു പെണ്ണാളും. അതാണു കുഴപ്പം. ഇപ്പോ പണികള്‍ക്കു പോകുന്നുണ്ടെങ്കിലും ഈ പെണ്ണുമ്പിള്ളയ്ക്ക് കുറച്ച് ചീത്തപ്പേരുള്ളതാണ്.
എനിയ്ക്കെന്തു  ചെയ്യാന്‍ പറ്റും? മേസ്ത്രി ഇന്നയാളെകൊണ്ടു പണിയെടുപ്പിച്ചു കൂടാ എന്നൊന്നും നമുക്കു പറയാന്‍ പറ്റില്ലല്ലോ? ഇനി അതിന്റെ പേരില്‍ അവന്‍ ഉഴപ്പിയാല്‍ പിന്നെ അതുപുലിവാലാകും.
ഞാന്‍ മണലും സിമന്റുമൊക്കെയിരിയ്ക്കുന്ന താക്കോല്‍ ബേബിയെ ഏല്‍പ്പിച്ചു. നമ്മളവിടെ വായും പൊളിച്ച് കുത്തിയിരിയ്ക്കേണ്ട കാര്യമൊന്നുമില്ല. ഇടയ്ക്കൊക്കെ ഒന്നു നോക്കി പോകണം അത്ര തന്നെ.

അവധിക്കാലമാണ് സ്കൂളില്‍ അങ്ങനെ ആളൊന്നുമില്ല. എങ്ങെനെയൊക്കെയോ തേപ്പും കഴിഞ്ഞു കിട്ടി. സത്യത്തില്‍ അപ്പോഴാണ് ശ്വാസം നേരെ വീണത്. കണക്കു തീര്‍ത്തു വന്നപ്പം നമുക്ക് കിട്ടേണ്ട കമ്മീഷന്‍ അടക്കം ബേബിയുടെ കൈയില്‍.
“ബേബീ ഈ പരിപാടി പറ്റത്തില്ല. കമ്മീഷനെട്”.
“ എന്റെ സാറെ  അമ്മച്ചി ആശുപത്രിയിലായി ഒത്തിരി കാശ് ചെലവായി സാറെ. മൊത്തം കടമായി.   അടുത്ത പണിയ്ക്ക് ഇതുകൂടി കൂട്ടി എടുത്തോ സാറെ” (അതേടാ  പുല്ലെ, അടുത്ത പണി! നിനക്ക് ഞാന്‍ ഇനി പണി തരുന്നുണ്ട്!).
മതിയായി. ഇനി മേലാല്‍ ഈ പരിപാടിയ്ക്കില്ല. ഒരു മാതിരി കോപ്പേര്‍പ്പാട്! കാശു വല്ലോം കിട്ടിയോ അതുമില്ല, നമ്മളു വെയിലും കൊണ്ട് നടന്നതു മിച്ചം.

ഏതായാലും മാഷുമ്മാരുടെ മുന്‍പില്‍ മാനം കെട്ടില്ല. സ്കൂള്‍ തുറക്കാനായി. ക്ലാസ് മുറിയാകെ വൃത്തികേടായി കിടക്കുകയാണ്. മൊത്തം മണലും സിമന്റുമെല്ലാം ചിതറിക്കിടക്കുന്നു. പി.ടി.എ. കൂടി ക്ലാസുമുറിയൊക്കെ വൃത്തിയാക്കാന്‍ തീരുമാനിച്ചു. 
എല്ലാവരും വരുന്നതല്ലേ നമ്മുടെ പണിയൊക്കെ ഒന്നു കാണിച്ചു കൊടുത്തേക്കാം, ഒരു വെയിറ്റിരിയ്ക്കട്ടെ. പി.ടി.എ. വക വൃത്തിയാക്കല്‍ യജ്ഞത്തിന്റന്നു ഞാനും ചെന്നു സ്കൂളില്‍ . മാഷിനെ ഞാന്‍ ടാങ്കിന്റെ ചുറ്റും നടന്നു ഓരോന്നു കാണിച്ചു കൊണ്ടിരുന്നു.
“മാഷെ ഞാന്‍ ഫുള്‍ ടൈം നിന്നാ പണിയൊക്കെ നടത്തിച്ചത്. അതല്ലേ പണിയ്ക്കിത്ര വൃത്തി. പിന്നെ ബേബി നല്ല ഒന്നാന്തരം പണിക്കാരനല്ലെ!”
മാഷിന് പണി നന്നേ പിടിച്ചെന്നു തോന്നുന്നു. ചെറിയൊരു ചിരിയൊക്കെ മുഖത്തു കാണുന്നുണ്ട്.
“അടുത്ത വര്‍ഷം സ്കൂളിന്റെ പുതിയ കെട്ടിടം പണിയൊണ്ട്. നീ വേണെ പിടിച്ചോ..നന്നായിട്ടു ചെയ്യിച്ചാ മതീ.” മാഷിന്റെ ബന്ധുസ്നേഹം പുറത്തു വന്നു.
അന്നേരം പി.ടി.എ.കാരും ചില സാറന്മാരും ഒക്കെ കൂടി ക്ലാസ് റൂം വൃത്തിയാക്കലാണ്.

“ഏ മാഷെ ഒന്നിങ്ങു വന്നേ “ അകത്തു നിന്ന് പി.ടി.എ. പ്രസിഡണ്ടാണ്. “ആ ബിജുവിനേം വിളിച്ചോ”
എന്താണാവോ? മണലും സിമന്റുമൊക്കെ കണക്കിനേ എടുത്തുള്ളല്ലോ. നമ്മളു തിരിമറിയൊന്നും ചെയ്തിട്ടില്ല.

ഞാനും മാഷും ക്ലാസു മുറിയ്ക്കകത്തേയ്ക്കു ചെന്നു.
സിമന്റ് ചാക്കുകള്‍ ബാക്കിയുള്ളത് അടുക്കി വച്ചിട്ടുണ്ട്. മണല്‍ ബാക്കിയുള്ളത് കോരി മാറ്റിക്കൊണ്ടിരിയ്ക്കുകയാണ് പ്രസിഡണ്ടും മറ്റു ചിലരും.
നമ്മളു ചെന്ന പാടെ എല്ലാവരും കൂടെ എന്നെ വല്ലാത്തയൊരു നോട്ടം! സത്യം പറഞ്ഞാല്‍ എനിയ്ക്കാകെ പരിഭ്രമമായി. പ്രസിഡണ്ടിന്നേ വരെ എന്നെ ഇങ്ങിനെ നോക്കിയിട്ടില്ല.
“എന്താ പ്രസിഡണ്ടേ വിളിച്ചേ.. ഞങ്ങളു ടാങ്കൊക്കെ ഒന്നു നോക്കിക്കാണുകയായിരുന്നു. ബിജുവിന്റെ പണിയിയ്ക്കല്‍ വല്യ തെറ്റില്ല” മാഷു എന്നെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു. കമ്മീഷന്‍ കിട്ടിയില്ലെങ്കിലും ഒരല്പം അഭിമാനം തോന്നി അന്നേരം.

“ങും.. ബിജുവിന്റെ പണി തെറ്റില്ലാന്നാ ഞങ്ങക്കും തോന്നുന്നെ” പ്രസിഡണ്ട് ഒരു മാതിരി കൊള്ളിച്ചു പറഞ്ഞു.

“അതെന്താ..അങ്ങനെ പറയുന്നെ..?” നമുക്കങ്ങനെ ചോദിയ്ക്കാനുള്ള അവകാശമുണ്ടല്ലോ.

“അല്ലാ മുറീടെ താക്കോല്‍ ബിജു തന്നെയല്ലേ സൂക്ഷിച്ചിരുന്നെ?”

“അതേ..ഞാന്‍ ഫുള്‍ടൈം ഇവിടെ തന്നെയായിരുന്നല്ലോ?” നുണയാണെന്നറിഞ്ഞു കൊണ്ടു തന്നെ പറഞ്ഞു.

“എന്നാ ഇമ്മാതിരിപ്പണി ഇവിടെ കാണിയ്ക്കാമ്പാടില്ലായിരുന്നു. ഇതൊരു സ്ക്കൂളാണെന്നോര്‍ക്കണം!”
സത്യം പറഞ്ഞാല്‍ ഞാനാകെ ചൂളിപ്പോയി. ഞാനെന്തുകാണിച്ചു? ഇനി ബേബി മേസ്ത്രി വല്ല കക്കൂസും ഒപ്പിച്ചോ?

“സാറിങ്ങോട്ടു നോക്കിക്കേ..” പ്രസിഡണ്ട് ഒരു കൂന മണല്‍ തട്ടി നിരത്തിക്കൊണ്ടു പറഞ്ഞു. ഞാന്‍ നോക്കുമ്പം........
ഹിന്ദുസ്ഥാന്‍ ലാറ്റെക്സിന്റെ അഞ്ചെട്ട് പ്രജനന നിരോധനോപാധികള്‍ ചിതറി വീണു!

ഹോ.. ആ നിമിഷം ഭൂമി പിളര്‍ന്നു ഞാന്‍ താഴ്ന്നു പോയിരുന്നെങ്കില്‍ .....
എടാ പന്ന ബേബി, നിന്നെ വിശ്വസിച്ചാണല്ലോ ഞാന്‍ താക്കോല്‍ ഏല്പിച്ചു പോയത്! നീ അവളെ പണിയ്ക്കു കൂട്ടിയപ്പോഴെ ഞാനിതു മുന്‍പില്‍ കാണണമായിരുന്നു. എന്റെ പിഴ!.. വലിയ പിഴ!!

വാല്‍ക്കഷണം: പിന്നീട് ആലക്കോട് വച്ച് ഞാന്‍ ബേബിയെ കണ്ടു. സാറെ പുതിയ പണി വല്ലതുമൊണ്ടേ പറയണേ. അവന്‍ പിന്നേം വിനയാന്വിത കുഞ്ചിതനായി.
“എടാ പുല്ലെ നിനക്കാ മണലു മൊത്തം തേയ്ക്കാന്‍ പാടില്ലായിരുന്നോ”
 ഇതു മാത്രമേ അപ്പൊഴെന്റെ വായില്‍ വന്നുള്ളു. കാര്യം മനസ്സിലായിട്ടോ എന്തോ ബേബി പിന്നെ ഇന്നേ വരെ എനിയ്ക്കു മുഖം തന്നിട്ടില്ല. ഞാന്‍ കരാറുജോലിയും നിര്‍ത്തി.
----------------------------------------------------------------------
ഇഷ്ടപ്പെട്ടെങ്കില്‍ ഒരോട്ട് കുത്തിയേക്ക്.

Monday 7 June 2010

ആലക്കോടന്‍ വിശേഷങ്ങള്‍ :- “ ഏപ്രില്‍ ഫൂള്‍ “

മ്മുടെ നാട്ടിലെ യുവജനങ്ങള്‍ക്ക് നോബല്‍ സമ്മാനം വരെ ലഭിയ്ക്കാന്‍ തക്കവണ്ണമുള്ള ഗമണ്ടന്‍ ഐഡിയകള്‍ പൊട്ടിമുളയ്ക്കുന്ന രാവാണല്ലോ മാര്‍ച്ച് -31ന്റെ രാത്രി. ആര്‍ക്കെന്തൊക്കെ എന്തൊക്കെ ഭാവനയാണ് വിടരുകയെന്ന് നേരം പുലര്‍ന്നാലേ അറിയൂ. അതിനു വേണ്ടി രാത്രിയിലെത്ര അധ്വാനത്തിനും റെഡി.
കീടനാശിനിക്കടയുടെ ബോര്‍ഡ് ഹോട്ടലിനും, കള്ളുഷാപ്പിന്റെ ബോര്‍ഡ് പാരലല്‍ കോളേജിനും മാറ്റി വയ്ക്കലൊക്കെ സാധാരണ ഐറ്റംസ് മാത്രം.

ഒരിയ്ക്കല്‍ ഉയരം കുറഞ്ഞ, ഒരു പാവം പരമഭക്തന്‍ ബാര്‍ബര്‍ ഏപ്രില്‍ ഫൂളിന്റന്നു
കടതുറക്കാന്‍ വന്നപ്പോള്‍ , കടയുടെ തട്ടി തൂക്കുന്ന കമ്പികളില്‍ നിരത്തി തൂക്കിയിട്ടിരിയ്ക്കുന്നു ഉപയോഗിച്ചു നാശമായ ജട്ടികള്‍ .ആ പാവത്തിന് എത്ര എത്തിപൊങ്ങി നോക്കിയിട്ടും ആ കണിവസ്തുക്കള്‍ എടുത്തു മാറ്റാന്‍ പറ്റിയില്ല. അവസാനം ആരെയോ വിളിച്ച് അതെടുത്തു കളഞ്ഞിട്ട് കട തുറക്കാതെ  വീട്ടില്‍ പോയ്ക്കളഞ്ഞു അങ്ങേര് ‍; ഒന്നാന്തീയതി തന്നെ മോശം കണിയാണത്രെ!
ഇതൊക്കെയാണ് ലോകനടപ്പെന്നു ഞങ്ങള്‍ ഫൈസല്‍ കോം‌പ്ലക്സുകാര്‍ക്കും അറിയാം. ഇക്കാര്യങ്ങളിലൊന്നും ആരും മോശവുമല്ല, ഈ ഞാനൊഴികെ!(സത്യമായിട്ടും അതേ).

നമ്മടെ കോം‌പ്ലക്സിലാണ് ആലക്കോട്ടെ റിട്ടയില്‍ ന്യായവില ഷാപ്പ് അഥവാ റേഷന്‍ കട പൊതുവിതരണം നിര്‍വഹിച്ചു പോരുന്നത്. ജോയി എന്ന മാന്യദേഹമാണ് പൊതുജന സേവനാര്‍ത്ഥം ആ റിസ്ക് തലയിലേറ്റിയിരിയ്ക്കുന്നത്.
പണ്ടൊക്കെ നല്ല ലാഭമായിരുന്നെങ്കിലും ഇന്നത്രയ്ക്കൊന്നുമില്ല.
എന്റെ ഓര്‍മ്മയിലുള്ള പഴയ റേഷന്‍ കടക്കാരൊക്കെ, പാവം കാര്‍ഡുകാരുടെ നേരെ ഫ്യൂഡല്‍ ജന്മിമാരെപ്പോലെ അലറുന്നവരായിരുന്നെങ്കില്‍ ഇവിടെ നേരെ തിരിച്ചായിരുന്നു. ആലക്കോട്ടെ വര്‍ഗ ബോധമുള്ള തൊഴിലാളി പെണ്ണുങ്ങള്‍
ജോയിയുടെ നേരെയായിരുന്നു അലറുന്നത്.
“റേഡിയോയില്‍ ഈയാഴ്ച പത്തുകിലോ അറിയൊണ്ടന്നാണല്ലോ പറഞ്ഞത്. ബാക്കി അരിയെവിടെ?”
“അത്..ഡിപ്പോയിന്നിത്രയേ കിട്ടിയൊള്ളു” പാവം ജോയി വിക്കും.
“മണ്ണെണ്ണ നാലു ലിറ്ററോ? ബാക്കിയൊരു ലിറ്ററ് മറിച്ചായിരിയ്ക്കും?”
“ഈ മാസം ഇത്രയേ കിട്ടിയൊള്ളൂ” ജോയി പിന്നേം വിക്കും.
ചില പെണ്ണുങ്ങള്‍ കുറച്ച് കൂടി ഉഷാറാക്കും. പിന്നെ, ജോയിയുടെ മട്ടും മാതിരിയുമൊക്കെ കണ്ട് വിട്ടേക്കും.
കടയുടെ ചുവരില്‍ ഒരു പരാതിപ്പെട്ടി ആണിയടിച്ചു വച്ചിട്ടുണ്ട്. മാറാലകള്‍ കൊണ്ട് അലങ്കരിച്ച ഒരു മരപ്പെട്ടി.  അബദ്ധത്തില്‍ പോലും അതിലൊരു കടലാസു കഷണം
അതില്‍ വീഴാതെ ജോയി ശ്രദ്ധിക്കാറുണ്ട്. പിന്നെ, വല്ലപ്പോഴും സപ്ലൈ ഓഫീസര്‍ മിന്നല്‍ ചെക്കിംഗിനു വരുന്ന വിവരം മുന്‍‌കൂട്ടി അറിയിക്കുന്നതു കൊണ്ട് അന്ന് തുടച്ച് വൃത്തിയാക്കിവയ്ക്കും.

ഈ ജോയിയുടെ വീട് ആലക്കോട് അരങ്ങം അമ്പലത്തിനടുത്ത്. അരങ്ങത്തിനു പോകുന്ന വഴിയ്ക്കാണ് ആലക്കോട് പോലീസ് സ്റ്റേഷന്‍ . എത്രയെത്ര കള്ളന്മാരുടെ കാറലും കരച്ചിലും അവിടമാകെ പ്രകമ്പനം കൊള്ളിച്ചിരിയ്ക്കുന്നു.

അങ്ങനെ ഒരു മാര്‍ച്ച് 31. ചെറുപ്പക്കാര്‍ക്ക് ഐഡിയകള്‍ ഉദിയ്ക്കുന്ന സായന്തനം. ജോയി അന്ന് കോം‌പ്ലക്സ് അന്തേവാസികളെ, ഇന്‍‌ക്ലൂഡിങ്ങ് സുനില്‍ സാര്‍ - തന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചു.
എന്ത് ഏപ്രില്‍ ഫൂളിനും പാര്‍ട്ടിയോ?
സത്യത്തില്‍ കക്ഷിയുടെ കൊച്ചിന്റെ ബെര്‍ത്ത്ഡേയോ മറ്റോ ആണത്രേ! ചെറുതായിട്ടൊരു ആഘോഷം അത്രയേ ഉള്ളൂ. എന്തായാലും നമ്മളൊഴിഞ്ഞു. കാരണം  പാര്‍ട്ടി കഴിഞ്ഞിട്ട് രാത്രിയില്‍ വീട്ടില്‍ പോക്ക് വലിയ ചടങ്ങാകും. ഒന്നുകില്‍ നടക്കണം. അല്ലെങ്കില്‍ ഓട്ടോയോ മറ്റൊ പിടിയ്ക്കണം. രണ്ടായാലും നമുക്കു മുതലാകില്ല. ബാക്കി ടീമിനൊക്കെ ആലക്കോട് അടുത്തായിട്ടുതന്നെയാണ് വീട്. അതുകൊണ്ട് അവരു പോകട്ടെ.(ഇച്ചിരി കടിയും കുടിയും നഷ്ടം. ആ.. സാരമില്ല)

അങ്ങനെ അവരു പോയി. പിറ്റേന്ന് ഏപ്രില്‍ ഫൂള്‍ സുദിനം. അവിടുന്നും ഇവിടുന്നും ഓരോ കഥകളൊക്കെ കേള്‍ക്കുന്നുണ്ട്. ബോര്‍ഡ് മാറ്റിയതും കോണകം കെട്ടിത്തൂക്കിയതും ടയര്‍ കൂട്ടിയിട്ടു കത്തിച്ചതും അങ്ങനെ പലതും. ഹോ.. ഓരോ വര്‍ഷവും എത്ര കഷ്ടപ്പെട്ടിട്ടാ ഓരോ പുതുമകള്‍ കണ്ടുപിടിയ്ക്കുന്നത്!
പാര്‍ട്ടിയ്ക്കു പോയവര്‍ അതിന്റെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. കേട്ടപ്പോള്‍ പോകാതിരുന്നതില്‍ വളരെ ഹാപ്പി.
പിന്നേ...  പ്ലം കേക്കും ചായയുമൊന്നും ഞാന്‍ കാണാത്ത സാധനങ്ങളല്ലെ!

നമ്മുടെ ഫൈസല്‍ കോം‌പ്ലക്സ് ടീം തിരികെ വരുമ്പോള്‍ ഏതൊക്കെയോ വില്ലന്മാര് ടീമുകള്‍ വഴിയില്‍ തട്ടിയും മുട്ടിയും നില്പുണ്ടായിരുന്നത്രേ. ഏതായാലും നമ്മുടെ ടീമുകള്‍ അലമ്പിനൊന്നും പോയില്ലാന്നാണ് പറഞ്ഞത്. നല്ല കാര്യം.
ശരി, വല്ല പണിയുമുണ്ടെങ്കില്‍ ചെയ്തേക്കാം. എല്ലാം സ്വന്തം മാളങ്ങളിലെയ്ക്ക് പോയി.

എതാണ്ട് ഒരു പതിനൊന്നു മണി. കോം‌പ്ലക്സില്‍ വലിയ തിരക്കൊന്നുമില്ല. ജോയി ആര്‍ക്കോ അരി തൂക്കുന്നു. മോട്ടോര്‍ കടയില്‍ വൈന്‍ഡിങ്ങ് തകൃതിയായി നടക്കുന്നു. ഗ്യാസ് കട പതിവു പോലെ അടച്ചിട്ടിട്ട് കക്ഷികള്‍ സോജന്റെ ബൂത്തിലിരിയ്ക്കുന്നു.(ഗ്യാസില്ലാത്തതിനെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ ഒഴിവാക്കാനുള്ള എളുപ്പമാര്‍ഗം.)
നമ്മളും എന്തോ ചൊറിഞ്ഞു കൊണ്ടിരിപ്പാണ്.
അന്നേരം കാക്കിയിട്ട, തൊപ്പി വച്ച, മീശയുള്ള ഒരു രൂപം ഫൈസല്‍ കോം‌പ്ലക്സില്‍ കാലുകുത്തി. അതേ അസ്സല്‍ പോലീസ്! കോണ്‍സ്റ്റബിള്‍ ചാത്തുക്കുട്ടി. വല്ല ഫോണ്‍ ചെയ്യാനുമായിരിയ്ക്കും. ഏതായാലും കൈയില്‍ മോട്ടോറില്ല, റേഷന്‍ കാര്‍ഡില്ല, ഗ്യാസ് കുറ്റിയില്ല, പിന്നെ പ്ലാനും എസ്റ്റിമേറ്റും ഉണ്ടാക്കാനോ! ച്ഛായ്.. വിദൂര സാധ്യത പോലുമില്ല, അപ്പപ്പിന്നെ ഫോണ്‍ തന്നെ.
ഏല്ലാവനും തല പൊന്തിച്ചു, ചേര തല പൊക്കുന്ന പോലെ. ചെറിയൊരു ബഹുമാനം കൊടുത്തേക്കാം. സംഗതി പോലീസാണ്. എല്ലാം മനസ്സില്‍ വയ്ക്കുന്ന ജാതിയാണ്‍, എന്നിട്ട് അവസരം വരുമ്പം എടുത്തു പെരുമാറുകയും ചെയ്യും.
കക്ഷി കൃത്യം നടുഭാഗത്തായി വന്നു നിന്നുകൊണ്ട് ചുറ്റും ഒരു നോട്ടം നോക്കി. സംഗതി അത്ര ഒരു പന്തിയല്ലാത്ത പോലെ?

“ഇന്നലെ ആരൊക്കെയാടാ രാത്രിയില്‍ ഏപ്രില്‍ പൂള്‍ ആഘോഷിയ്ക്കാന്‍ പോയേ?”
ഇടിവെട്ടും പോലെ ആ ചോദ്യം ഫൈസല്‍ കോം‌പ്ലക്സിന്റെ ചുമരുകളെ പ്രകമ്പനം കൊള്ളിച്ചു. ഞാനൊഴിച്ച് എല്ലാവന്റേം മുഖം തൈരു പോലെ വെളുത്തു.
ഒന്നന്തിച്ചു നിന്ന ശേഷം  ജോയി ചാത്തുക്കുട്ടി പോലീസിന്റെ അടുത്തേയ്ക്കു ചെന്നു.
“സാറെ ഞങ്ങള് കുറച്ച് പേര് എന്റെ വീട്ടി പോയിരുന്നു. ഏപ്രില്‍ പൂളൊന്നുമായിരുന്നില്ല സാറെ..കൊച്ചിന്റെ ബര്‍ത്ത്ഡേ...”വിക്കി വിക്കി പാവം ഒപ്പിച്ചു.
“ങാ..എല്ലാം സ്റ്റേഷനില്‍ വന്നിട്ടു പറയാം. എസ്.ഐ. സാറ് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്.  ഒരു മണിയ്ക്ക് വന്നേക്കണം” ചാത്തുക്കുട്ടി സാറ് കനത്തില്‍ പറഞ്ഞിട്ട് വന്ന പോലെ അമര്‍ത്തിച്ചവിട്ടി പോയി.

നിര്‍ജീവമായിരുന്ന കോം‌പ്ലക്സ് എത്രപെട്ടെന്നാണ് ഉണര്‍ന്നത്. ജോയി, സോജന്‍ , ഗ്യാസ്, മോട്ടോര്‍ വൈന്‍ഡിങ്ങ് മുതലാളിമാര്‍ എല്ലാവരും ഒത്തുകൂടി.സുനില്‍ സാറിനെ മുകളില്‍ ഷോപ്പില്‍ നിന്നും ആളയച്ചു വരുത്തി. എല്ലാത്തിന്റേം സ്ഥിതി ഇഞ്ചികടിച്ച മാതിരി. ആര്‍ക്കും കാര്യം തിരിയുന്നില്ല. നമ്മളാരും ഒന്നും ചെയ്തിട്ടില്ലല്ലോ? പിന്നെന്താ കാര്യം?
ഞാനും സഹതാപ പൂര്‍വം ഒപ്പം കൂടി. (ഹായ് ഞാനിതിലില്ലല്ലോ..  എല്ലാവന്റേം മുഖം കാണുമ്പം എന്തൊരു സുഖം!) ടൈമില്ല. ഒരു മണിയ്ക്ക് ചെല്ലാനാണു പറഞ്ഞത്. വേഗം റെഡിയായിയ്ക്കോ!
സ്റ്റേഷനില്‍ പോകേണ്ടി വരുമെന്നറിഞ്ഞപ്പോള്‍ സുനില്‍ സാറിന്റെയും സോജന്റെയും മുഖം വല്ലാതെ വിളറിയല്ലോ. എന്തോ ഒരു വൈക്ലബ്യം രണ്ടു പേരെയും അലട്ടുന്നതു പോലെ..സുനില്‍ സാറ് എന്തിനോ പോക്കറ്റില്‍ പരതുന്നുണ്ട്. കാശിനാണെന്നു തോന്നുന്നു. ആ കീശയില്‍ കാശുണ്ടാവാറേ ഇല്ലല്ലോ! (ഒക്കെ ഭദ്രമായി മേശയില്‍ പൂട്ടിവയ്ക്കും) ഇനിയിപ്പോ പോലീസിനു കൈക്കൂലി കൊടുക്കാനോ മറ്റോ ആണോ?

അധികം താമസിയാതെ ഫൈസല്‍ കോം‌പ്ലക്സിലെ ഏക ടോയിലറ്റിനു മുന്‍പില്‍ ഒരു ക്യൂ പ്രത്യക്ഷമായി. ഉള്ളില്‍ കേറുന്നവനൊക്കെ സാധാരണയിലധികം സമയമെടുക്കുന്നുണ്ടോ?
ഇതിനിടയില്‍ സുനില്‍ സാറും സോജനും എന്തോ കൂടിയാലോചിച്ചെന്നു തോന്നുന്നു;  രണ്ടും കൂടി പുറത്തെയ്ക്ക് ധൃതിയില്‍ പോയി. ജോയി ടോയിലറ്റിന്റെ ഊഴം കാത്ത് വിഷണ്ണനായി നടക്കുന്നു. മൂത്രമൊഴിക്കലാണൊ വയറൊഴിയലാണോ അകത്തു നടക്കുന്നത്?

സമയം പോയിക്കൊണ്ടിരിയ്ക്കുകയാണ്. ഏമാന്റെ ഡെഡ് ലൈന്‍ അടുത്തുവരുന്നു. അന്നേരം സോജനും സുനില്‍ സാറും ഓരോ ചെറിയ പൊതിയുമായി തിരക്കിട്ട് വന്നു. ടോയിലറ്റിലുണ്ടായിരുന്ന ജോയിയെ കതകിനു തട്ടിവിളിച്ച് തെറി പറഞ്ഞ് പുറത്തിറക്കി. ഇനി സമയം വൈകിയതിന്റെ വക പോലീസ് ഇടി മേടിയ്ക്കണ്ട.

എതായാലും പാവങ്ങള്‍ അധികം വൈകാതെ ഒരു ഓട്ടോ വിളിച്ച് പോലീസ് സ്റ്റേഷനിലേയ്ക്ക് പാഞ്ഞു പോയി. ഞാന്‍ അവരെ സഹതാപത്തോടെ യാത്രയാക്കി. പോയ് വരൂ നന്‍പര്‍കളെ..വിധിയുണ്ടെങ്കില്‍ ഇനിയും പാക്കലാം!

എതാണ്ട് ഒരു മണിയ്ക്കൂറിനകം എല്ലാവരും തിരിച്ചെത്തി; യാതൊരു പരിക്കും ഇല്ലാതെ! ഹാ..എന്തൊരാശ്വാസവും സന്തോഷവുമാണ് എല്ലാത്തിനും. എല്ലുകള്‍ക്കോ പല്ലുകള്‍ക്കോ യാതൊന്നും സംഭവിയ്ക്കാതെ രക്ഷപെട്ടല്ലോ..അല്ലെങ്കിലും അരങ്ങത്തപ്പനും ആലക്കോട് മാതാവിനും നേര്‍ന്നതൊന്നും വൃഥാവിലാവാറില്ലല്ലോ.

സ്റ്റേഷന്‍ വിശേഷമറിയാന്‍ ഞങ്ങള്‍ (ചങ്ങാതികള്‍ മാത്രം) ഒത്തു കൂടി.
ഏതോ അലമ്പു ടീമുകള്‍ ഇന്നലെ രാത്രി പോലീസ് സ്റ്റേഷന്റെ മുന്‍പിലെത്തിയപ്പോള്‍ അഞ്ചുമിനിട്ടു നിര്‍ത്താതെ കൂവിയത്രെ! ആ സമയങ്ങളില്‍ അതിലെ പോയവരെയെല്ലാം പിറ്റേന്ന് പോലീസ് വിളിപ്പിച്ചു. അക്കൂട്ടത്തില്‍ ഇവരെയും വിളിപ്പിച്ചു എന്നേയുള്ളു. കുഴപ്പക്കാരല്ലന്നു ബോധ്യമായതുകൊണ്ട് വിടുകയും ചെയ്തു.

“എതായാലും ഈ പോക്കു കൊണ്ടൊരു ഗുണമുണ്ടായി.” സോജന്‍ പറഞ്ഞു.
“എന്തു ഗുണം?”
“ഇതൊന്നു മാറ്റണമെന്നു കരുതിയിട്ട് കൊറെ നാളായി”
കക്ഷി  ഒരു പൊതി തുറന്നു കാണിച്ചു. കീറിപ്പറിഞ്ഞ ഒരു ജെട്ടി!
(അമ്പടാ പുതിയതു മേടിയ്ക്കാനായിരുന്നല്ലേ വീരന്മാര്‍ കടയിലേയ്ക്കോടിയത്! അല്ലാ എന്നിട്ടും പഴയതു കളഞ്ഞിട്ടില്ല!)
“ഓ.. എനിയ്ക്ക്  നഷ്ടമാ ഒണ്ടായത്..” സുനില്‍ സാറ് വിഷമത്തോടെ പറഞ്ഞു. 
“എന്തു പറ്റി സാറെ?”
“യാതൊരു ആവശ്യവുമില്ലാതെയാ ഞാന്‍ പുതിയത് മേടിച്ചേ..മുപ്പത്തഞ്ചു രൂപാ പോയിക്കിട്ടി”
“നല്ലതൊണ്ടായിരുന്നേ പിന്നെന്തിനാ സാറു പുതിയതു മേടിച്ചേ ?”
“അതല്ലന്നേ.. ഞാനീ കുന്ത്രാണ്ടം ഉപയോഗിക്കാറേ ഇല്ല!”


വാല്‍ക്കഷണം:- പോലീസ് സ്റ്റേഷനില്‍ പോയാല്‍ മുണ്ടഴിപ്പിയ്ക്കുമെന്നായിരുന്നു ചങ്ങാതിമാരുടെ ജനറല്‍ നോളജ്. അതു കൊണ്ടാണ് സോജനും സുനില്‍ സാറും അടിയന്തിരമായി മുപ്പത്തഞ്ചു രൂപാ വീതം മുടക്കാന്‍ നിര്‍ബന്ധിതരായത്.
ഇഷ്ടപ്പെട്ടെങ്കില്‍ ഒരു വോട്ട് കുത്തിയേക്ക്.

Sunday 30 May 2010

ഞങ്ങടെ സ്വന്തം ശാസ്ത്രജ്ഞന്‍

രാജാവും കൊട്ടാരവും പരിവാരങ്ങളുമെല്ലാമുള്ള നാട്ടുരാജ്യം ആലക്കോട്ട് അവശ്യം ഉണ്ടായിരിയ്ക്കേണ്ടതായ “അതും“ ഉണ്ടായിരുന്നു. ന്ന്വച്ചാല്‍ ഒരു ശാസ്ത്രജ്ഞന്‍ ! ഇതു കളിയായി പറയുന്നതല്ല. ഒറിജിനല്‍ ശാസ്ത്രജ്ഞന്‍ തന്നെ. തികഞ്ഞ സസ്യാഹാരിയും (കുപ്പി ഉണ്ടെങ്കില്‍ മാത്രം അല്പം ചിക്കന്‍ കഴിക്കും, അതും ദിവസത്തില്‍ ഒരിയ്ക്കല്‍ മാത്രം) കൈത്തറി വസ്ത്രം മാത്രം ധരിയ്ക്കുന്നവനും (അതിട്ടാലല്ലേ ഒരു ബു.ജി.ലുക്കുവരുകയുള്ളു) താടി,മുടി ഇവകള്‍ കൊണ്ട് ആലക്കോട്ടുള്ള ഒരു ബാര്‍ബര്‍ക്കും ഉപകാരമില്ലാത്തവനും  ആജാനുബാഹുവും ആയ ഇദ്ദേഹം ഏതു കാര്യവും മുന്‍‌കൂട്ടികാണാനും ബുദ്ധിപരമായും ശാസ്ത്രീയമായും ഉപയോഗപ്പെടുത്താനും അഗ്രഗണ്യനത്രേ! ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയുള്ള ഇദ്ദേഹത്തിന്റെ ശാസ്ത്രനാമം സുനില്‍ എന്നാകുന്നു. പ്രായം കൊണ്ട് സമനെങ്കിലും ബഹുമാനം കൊണ്ട് സാറെന്ന് ഞാന്‍ പറയും.
പണ്ട് ആലക്കോട്ടേയ്ക്ക് തിരുവിതാംകൂര്‍ അച്ചായന്മാരുടെ കുടിയേറ്റം ഉണ്ടായതോടെ എമ്പാടും റബര്‍ തോട്ടങ്ങള്‍ ഉണ്ടായി വന്നു. ഈ റബറിന്റെയൊരു പ്രത്യേകത എന്നു പറഞ്ഞാല്‍ കിഴക്കു വെള്ളകീറും മുന്‍പു പട്ട കീറിയാലേ (ടാപ്പിംഗ്) പാലു നന്നായി കിട്ടൂ. അതു കൊണ്ടു തന്നെ, അച്ചായന്മാരെല്ലാം(അല്ലാത്തവരും) കോഴികൂകും മുന്‍പ് ഒരിറക്ക് കട്ടന്‍‌കാപ്പിയുമടിച്ച് റബര്‍കൂടയെടുത്ത് എളിയില്‍ തിരുകി, റബര്‍കത്തിയില്‍
കുപ്പിപിഞ്ഞാണത്തിന്റെ ചീളുകൊണ്ട് “കിചും കിചും“ എന്നു രാകി മൂര്‍ച്ചയാക്കികൊണ്ട് റബര്‍ തോട്ടത്തിലേയ്ക്ക് നടക്കും.അന്നൊക്കെ ഇരുട്ടു മാറ്റാന്‍ എവെറെഡിയുടെ മൂന്നുബാറ്ററി ടോര്‍ച്ചാണ് ആശ്രയം. ചില വിരുതന്മാര്‍ മെഴുകുതിരി, മണ്ണെണ്ണ വിളക്ക് മുതലായ പരമ്പരാഗത പ്രകാശസ്രോതസുകളും ഉപയോഗിയ്ക്കും. റബര്‍ തടിയില്‍ കൊള്ളാതെ കൃത്യം പട്ടയില്‍ തന്നെ കത്തിപ്രയൊഗം നടത്താന്‍ വെളിച്ചം അത്യന്താപേക്ഷിതം. ടോര്‍ച്ചും കൈയില്‍ പിടിച്ച് എന്തായാലും ഈ പരിപാടി ഒക്കത്തില്ല. അപ്പോള്‍ പിന്നെ മിക്കവാറും പേര്‍ പതിവായി സ്വന്തം വായ, കഴുത്തിനും തോളിനുമിടയ്ക്കുള്ള പ്രദേശം, കക്ഷപ്രദേശം ഇവ കഴിവും യുക്തിയും സൌകര്യവുമനുസരിച്ച് ടോര്‍ച്ച് പിടിക്കാന്‍ ഉപയോഗിച്ചു പോന്നു. ഇടയ്ക്കിടെ സ്ഥാനം മാറ്റേണ്ടതിനാലും “മേ കോ”ന്നു നിന്നുകൊണ്ടുള്ള ഈ അഭ്യാസം ശരീരത്തിന്റെ പലഭാഗങ്ങളിലും വേദന ഉണ്ടാക്കുന്നതിനാലും ഇവര്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കായി അന്വേഷിച്ചു കൊണ്ടിരുന്നു.(പരമ്പരാഗത മാര്‍ഗം സ്വീകരിയ്ക്കുന്നവര്‍ക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നു.) പലരും കണ്ടെത്തിയ വഴി സ്വന്തം പ്രേയസിയെയും ഈ പരിപാടിയില്‍ (ടോര്‍ച്ച് പിടിക്കാന്‍ )ഉള്‍പ്പെടുത്തുക എന്നതാണ്. എന്നാല്‍ വെളുപ്പാന്‍ കാലത്തെ കുളിരും നക്ഷത്രവെളിച്ചം മാത്രമുള്ള ഇരുട്ടും റബറിലകളില്‍ തട്ടിവരുന്ന ഇളം കാറ്റും എല്ലാം കൂടി ചേര്‍ന്ന് പലര്‍ക്കും ഇത് ടാപ്പിംഗിന് വീണ്ടും കാലതാമസമുണ്ടാക്കാനേ സഹായിച്ചുള്ളൂ.
അങ്ങനെയിരിയ്ക്കേ, ഏതോ ഒരാള്‍  നായാട്ടുകാരന്റെ തലയില്‍ കെട്ടുന്ന ഹെഡ് ലൈറ്റ് കാണാന്‍ ഇടവരുകയും ഒരെണ്ണം മേടിച്ചു കൊണ്ടുവരുകയും ചെയ്തു.നമ്മുടെ സുനില്‍ സാറ് ഈ സാധനത്തിന്റെ വിപണന സാധ്യത മനസ്സിലാക്കി അത് സ്വന്തമായി ഉണ്ടാക്കാനുള്ള “സുന“ സംഘടിപ്പിച്ചു. ആലക്കോട്ടുകാര്‍ ഇരുകൈയും നീട്ടിയാണ് പുള്ളിയുടെ ഹെഡ് ലൈറ്റ് സ്വീകരിച്ചത്. ആകെയൊരു ബുദ്ധിമുട്ടുള്ളത്, കാശിന്മേലുള്ള പേശലാണ്. എല്ലാം പരിചയക്കാര്‍ .വായ് കൊണ്ടു പറഞ്ഞാലും ബില്ലെഴുതിക്കൊടുത്താലും ആലക്കോട്ടുകാര്‍ പേശും. അതിനെ മറികടക്കാന്‍ സുനില്‍ സാറ് കണ്ടെത്തിയ വിദ്യ അത്യന്താധുനികമായിരുന്നു. അന്ന് അപൂര്‍വമായിരുന്ന “കമ്പ്യൂട്ടര്‍ “ എന്ന സാധനം അരലക്ഷത്തിലധികം രൂപ (ഒരേക്കര്‍ സ്ഥലത്തിന്റെ വില)  കൊടുത്ത് കടയില്‍ മേടിച്ചു വച്ചു! ദിനേശ് ബീഡിയും വലിച്ച്  കാലിച്ചായയും കുടിച്ച് , ഹെഡ് ലൈറ്റൊരെണ്ണം മേടിക്കുമ്പം പേശിക്കിട്ടുന്ന കാശിന് പോകുന്ന വഴിയ്ക്ക് പട്ട ഷാപ്പിലൊന്ന് കേറണമെന്നും കരുതി വന്ന ആലക്കോട്ടെ പാവം അച്ചായന്മാരോട് സുനില്‍ സാറ് പറഞ്ഞു;
“ വെയ്റ്റ്. കമ്പ്യൂട്ടറിപ്പം അടിയ്ക്കും..!(ബില്ല്)“
നേരാം വണ്ണം ഒരു കാല്‍കുലേറ്റര്‍ പോലും കണ്ടിട്ടില്ലാത്ത ആ പാവം കണ്ണും തള്ളി നില്‍കുമ്പോള്‍ കിര്‍ കിര്‍ എന്ന ശബ്ദത്തോടെ പ്രിന്റര്‍ ബില്ലൊരെണ്ണം അടിച്ചു പുറത്തോട്ടു തള്ളിത്തരും.രൂപാ അഞ്ഞൂറ്റന്‍പത്!
“അല്ല ഇച്ചിരി കൊറയത്തില്ലേ?”
എന്നാ ചെയ്യാനാ ചേട്ടാ, കമ്പ്യൂട്ടറടിച്ചതു കണ്ടില്ലേ?എനിക്കൊന്നും ചെയ്യാമ്പറ്റത്തില്ല. ” കമ്പ്യൂട്ടറടിച്ചാ പിന്നെ അപ്പീലില്ലെന്ന അറിവില്‍ പാവം, പട്ടച്ചാരായത്തിന്റെ മോഹപ്പക്ഷിയെ അന്തരീക്ഷത്തിലേയ്ക്കെറിഞ്ഞു കളഞ്ഞും കൊണ്ട് പറഞ്ഞ കാശും കൊടുത്ത് സാധനം മേടിച്ച് സ്ഥലം കാലിയാക്കും. പിന്നെ ആകെയൊരാശ്വാസം ബില്ല് കമ്പ്യൂട്ടറിലടിച്ചതാണല്ലോ! വേറെവിടെയുണ്ട് കമ്പ്യൂട്ടറ്?
അങ്ങനെ വിവരസാങ്കേതിക വിദ്യയെ മാര്‍കറ്റിങ്ങില്‍ എങ്ങെനെ ലാഭകരമായി ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം തെളിയിച്ചു. ആലക്കോടിനു പകരം കൊള്ളവുന്ന മറ്റെവിടെയെങ്കിലുമാണെങ്കില്‍ ഉന്നതങ്ങളിലെത്തേണ്ട അപൂര്‍വ പ്രതിഭ!
ഇങ്ങനെയൊക്കെ ആണെങ്കിലും താനൊരു മഹാനാണെന്ന യാതൊരു ജാഡയും പുള്ളിക്കില്ല.(സത്യമായിട്ടും).  ഫൈസല്‍ കോം‌പ്ലക്സിലെ ഏഴാംകൂലികളായ ഞങ്ങളോട് കമ്പനി കൂടുന്ന കാര്യത്തില്‍ യാതൊരു പിശുക്കും കാണിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ ഷോപ്പ് ഫൈസല്‍ കോം‌പ്ലക്സിനോട് ചേര്‍ന്ന് അല്പം മുകളിലാണ്. ഷോപ്പിന്റെ പുറകില്‍ കൂടെയുള്ള സ്റ്റെപ്പ് ഇറങ്ങിയാല്‍ കോം‌പ്ലക്സിലെത്തി. ഇടയ്ക്കിടെ സുനില്‍ സാറ് അങ്ങനെ എത്തും. വരുമ്പോള്‍ ഒരു കെട്ട് കഥകളും കൊണ്ടുവരും. (സോറി ഒന്നും ചോദിച്ചേക്കല്ല്, എഴുതാന്‍ പറ്റത്തില്ല. സൈബര്‍ ക്രൈമാകും)
സുനില്‍ സാറ് പുതുതായി ആലോചിയ്ക്കുന്നത്, പാരമ്പര്യേതര ഊര്‍ജ ഉറവിടങ്ങളെക്കുറിച്ചാണ്. അതായത് പുതിയ ഏതെങ്കിലും വിദ്യയിലൂടെ ഗ്യാസ് ഉണ്ടാക്കുക. ഗ്യാസിനെക്കുറിച്ച് ചിന്തിയ്ക്കാന്‍ കാരണമുണ്ട്, രണ്ടെണ്ണം. ഒന്ന്- ഫൈസല്‍ കോം‌പ്ലക്സില്‍ ഒരു പ്രൈവറ്റ് ഗ്യാസ് ഏജന്‍സിയുള്ളത് അറിയാമല്ലോ! മിക്കവാറും ദിവസങ്ങളില്‍ കുറ്റീം താങ്ങിപ്പിടിച്ച് വരുന്ന പാവങ്ങള്‍ അടച്ചിട്ട ഏജന്‍സിയാണ് കാണുക. ഇത് പലപ്പൊഴും അവിടുത്തെ സമാധാനാന്തരീക്ഷത്തിനു ഭംഗം വരുത്തുമായിരുന്നു.  രണ്ട്- കോം‌പ്ലക്സിലെ ചിക്കന്‍ കടയുടമയും പരോപകാരിയുമായ ജോര്‍ജ് വൈകുന്നേരങ്ങളില്‍ വിഷമാവസ്ഥയിലായിരുന്നു;വെട്ടിക്കൂട്ടിയ കോഴിയുടെ തൂവല്‍. തോല്, പോട്ടി കീട്ടിയെല്ലാം എവിടെ കൊണ്ടു കളയുമെന്നോര്‍ത്ത്.(ഇപ്പോള്‍ അങ്ങനെയൊരു പ്രശ്നമില്ല. അതിനൊക്കെ ആവശ്യക്കാരുണ്ട്).
സുനില്‍ സാറിന്റെ ശാസ്ത്രബുദ്ധി മിന്നി. ഈ രണ്ടുപ്രശ്നത്തിനുമുള്ള പരിഹാരം ഒറ്റപ്പോയന്റില്‍ സാറ് കണ്ടു. ഇക്കണ്ട കോഴി വേസ്റ്റെല്ലാം ഒരു “പ്ലാന്റി“ല്‍ നിക്ഷേപിയ്ക്കുക. ഒരാഴ്ച കഴിഞ്ഞാല്‍ നല്ലൊന്നാന്തരം മീഥേന്‍ ഗ്യാസ് കിട്ടും! സംഗതി വിജയിച്ചാല്‍ ഗ്യാസുമായി, മാലിന്യ സംസ്കരണവുമായി. ആവശ്യം ജോര്‍ജിന്റേതുകൂടിയായതിനാല്‍ പ്രോജക്ടില്‍ പുള്ളിയേയും ഉള്‍പ്പെടുത്തി, കാശിനല്പം വലിവുള്ളതിനാല്‍ “വര്‍ക്കിങ്ങ്” പാര്‍ട്നറായിട്ട്.
പ്രാഥമിക പരീക്ഷണത്തിനായി പ്ലാന്റ് തയ്യാറാക്കണം. വലിയൊരു വീപ്പ സംഘടിപ്പിച്ചു. വേസ്റ്റ് ഇടാന്‍ ഒരു വലിയ ദ്വാരം. ഗ്യാസ് എടുക്കാന്‍ പുറത്തേയ്ക്ക് " L" ഷേപ്പുള്ള ഇരുമ്പ് പൈപ്പ്. ഇത്രയുമായപ്പോള്‍ പ്ലാന്റ് റെഡി. നല്ല പെയിന്റൊക്കെ അടിച്ച് സിമ്പ്ലനാക്കി പ്ലാന്റ് കോഴിക്കടയുടെ അടുത്ത് തന്നെ സ്ഥാപിച്ചു.(മൊത്തം മാന്‍ പവറ് വര്‍ക്കിങ്ങ് പാര്‍ട്നറുടെ വക). അതായത് നമ്മുടെ മാത്തഞ്ചേട്ടന്റെ കടയുടെ മുന്‍‌പില്‍ തന്നെ.
അങ്ങനെ ഞങ്ങളെയെല്ലാം സാക്ഷിയാക്കി പ്ലാന്റില്‍ “ഇന്ധനം“ നിറച്ചു. ദ്വാരങ്ങളെല്ലാം അടച്ച് സീല്‍ ചെയ്തു. പൈപ്പ് അതിന്റെ താഴെയുള്ള ഒരു ടാപ്പ് പൂട്ടി അടച്ചു. ഇനി ഒരാഴ്ച കഴിഞ്ഞ് ടാപ്പ് തുറന്നാല്‍ ഗ്യാസ് റെഡി.
 ഞങ്ങളെല്ലാം ദിവസമെണ്ണികാത്തിരുന്നു. സുനില്‍ സാറും ജോര്‍ജും ഇടക്കിടെ വന്ന് പ്ലാന്റ്  പിടിച്ചു കുലുക്കിയിട്ടു പോകും. മിക്സിങ്ങ് കറക്ടാകാനാണത്രേ (ആ.!നമുക്കെന്നാ കോപ്പറിയാം?).
തൊടാന്‍ പേടിച്ച് ഞാന്‍ ഇടയ്ക്കൊക്കെ അതിന്റെ അടുത്തെത്തി ശ്രദ്ധിച്ചു നോക്കും. നമ്മളിനി കേറി വല്ലടത്തും തൊട്ടിട്ട് പൊട്ടിത്തെറിയ്ക്കുകയോ മറ്റൊ ചെയ്താലോ! അതുകൊണ്ട് സുമാര്‍ മൂന്നടി മാറിയേ ഞാന്‍ നില്‍ക്കൂ. അകത്തുനിന്ന് എതാണ്ട് ഇരമ്പലൊക്കെ കേള്‍ക്കാം, ഗ്യാസ് ട്രബിളുള്ളവന്‍ കടല തിന്ന മാതിരി. ഗ്യാസ് ഉണ്ടാകുന്നതാണ്.
ഒരാഴ്ച തികഞ്ഞു! പ്ലാന്റ് ട്രയല്‍ റണ്‍ നടത്തുന്നതിന്നാണ്. മിക്കവാറും ആലക്കോടിന്നു കിടുങ്ങും. ചെറിയ കാര്യമാണോ? അവനനനു വേണ്ട ഗ്യാസ് സ്വന്തമായി ഉല്പാദിപ്പിയ്ക്കാം. വെറുതെ കുറ്റിയും ചുമന്ന് കണ്ട ഏജന്‍സിക്കാരന്റെ തിണ്ണ നിരങ്ങണ്ട.കണ്ടോ ആള്‍ക്കാര്‍ ക്യൂ നിന്നു പ്ലാന്റിന് ഓര്‍ഡര്‍ ചെയ്യും.
രാവിലെ ഏതാണ്ടു പത്തുമണിയോടെ സുനില്‍ സാറ് പുതിയ കൈത്തറി ഷര്‍ട്ടുമിട്ട് (ഇസ്തിരിയിടാത്തത്-ബു.ജി.) നല്ല പ്ലെസന്റ് ലുക്കില്‍ വന്നു. ജോര്‍ജ്ജും കൂടി. കുറച്ചങ്ങു മാറി ഞങ്ങള്‍ ഏഴാംകൂലികളും. (ആര്‍ക്കും അത്ര അടുക്കാനുള്ള ധൈര്യമില്ലായിരുന്നു എന്നതും സത്യം.) ഇനിയിപ്പോ പ്ലാന്റ് തുറക്കാം. വെറുതെ തുറന്നാല്‍ ഗ്യാസിന്റെ പ്രെഷര്‍ അറിയാന്‍ പറ്റില്ല. നല്ല പ്രൊഡക്ഷനുണ്ടെങ്കില്‍ നല്ല പ്രഷറുമുണ്ടാകും. അത് ചെക്കു ചെയ്യാന്‍ പറ്റിയ ഉപകരണമൊന്നും തല്‍ക്കാലം കൈയിലില്ല. ശാസ്ത്രബുദ്ധിയ്ക്കാണോ ഐഡിയയ്ക്കു പഞ്ഞം. ഒറ്റ ബലൂണ്‍ കിട്ടിയാല്‍ പോരേ? നിര്‍ഭാഗ്യവശാല്‍ ഒരു കടയിലും വലിയ ബലൂണൊന്നും ഇല്ലായിരുന്നു, ഒക്കെ പീക്കിരി ടൈപ്പുമാത്രം. പക്ഷേ അതിലും സൂപ്പര്‍ സാധനം അതാ ഷെല്‍ഫിലിരിയ്ക്കുന്നു. നിരോധ് ! ഒരെണ്ണം മേടിച്ചു. നല്ല വലിപ്പവുമുണ്ട്, ബലവും കിട്ടും.നിരോധ് നന്നായി വീര്‍പ്പിച്ച് ഓട്ടയൊന്നുമില്ലന്ന് ഉറപ്പുവരുത്തി. (വിവരമില്ലാത്ത ചിലവന്മാര്‍ ഒരു മാതിരി ചിരി ചിരിച്ചു, ആസാക്കുന്ന മാതിരി!) ബലം പരിശോധിച്ച “മര്‍ദ്ദ പരിശോധനാ യന്ത്രം“ അഥവാ നിരോധ് കാല്‍ ഭാഗം പൈപ്പിലേയ്ക്ക് കയറ്റിയിട്ടു. തോമസ് ആല്‍‌വാ എഡിസനെയും അബ്ദുള്‍ കലാമിനെയും മനസ്സില്‍ ധ്യാനിച്ച്  ടാപ്പ് പതിയെ തുറന്നു. പണ്ടാരടങ്ങാനായിട്ട് എത്ര പിടിച്ചിട്ടും ടാപ്പ് അനങ്ങുന്നില്ല. അവസാനം രണ്ടും കൈയും കൊണ്ട് നല്ല ബലത്തില്‍ ടാപ്പങ്ങു തുറന്നു. പ്രയോഗിയ്ക്കേണ്ട ഫോഴ്സിന്റെ കാല്‍കുലേഷന്‍ തെറ്റിയിട്ടോ എന്തോ ടാപ്പ് മുഴുവനങ്ങു തുറന്നു പോയി!
 നിരോധ് “ഭും” എന്നും പറഞ്ഞങ്ങു വീര്‍ക്കുന്നതും കണ്ടു; സ്കഡ് മിസൈല്‍ പോലെ സുനില്‍ സാറിന്റെ മുഖത്തേയ്ക്ക് പാഞ്ഞു ചെല്ലുന്നതും കണ്ടു. പിക്കറ്റിങ്ങിനിടെ ടിയര്‍ ഗ്യാസ് പൊട്ടിയ പോലൊരു സിറ്റ്വേഷനായിരുന്നു പിന്നെ. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത പത്ത് കക്കൂസ് ടാങ്ക് ഒന്നിച്ചു പൊട്ടിയാലെന്ന മാതിരിയുള്ള ഒരു സവിശേഷ ഗന്ധം അവിടാകെ പരന്നു. ഒറ്റച്ചാട്ടത്തിന് ഞങ്ങളൊക്കെ ഓടി റോഡില്‍ ചാടി. സുനില്‍ സാറ് എങ്ങോട്ട് പോയെന്ന് ഓട്ടത്തിനിടെ കാണാനും പറ്റിയില്ല. മാത്തപ്പന്‍ ചേട്ടന് പലവിധ കാരണങ്ങളാല്‍ അത്ര പെട്ടെന്നോടി രക്ഷപെടാനായില്ല. അതുകൊണ്ട് ആ ഗന്ധം മൂക്കില്‍ കൂടി കയറി കുടല്‍മാല വരെ ഇളക്കി കളഞ്ഞു!
 ഏതാണ്ട് അരമണിക്കൂര്‍ കൊണ്ട് ഒരു വിധം അന്തരീക്ഷം നോര്‍മലാകുകയും ഓടിയവരെല്ലാം തിരികെ എത്തുകയും ചെയ്തു. പക്ഷേ പ്ലാന്റിന്റെ ഗന്ധത്തെയും വെല്ലുന്ന അസംസ്കൃത പദങ്ങള്‍ മാത്തപ്പന്‍ ചേട്ടന്റെ വക അന്തരീക്ഷത്തില്‍ തത്തിക്കളിയ്ക്കുന്നുണ്ടായിരുന്നു..
ഏതാണ്ട് രണ്ടു ചന്ദ്രമാസങ്ങള്‍ കഴിയേണ്ടി വന്നു സുനില്‍ സാറ് വീണ്ടും ഫൈസല്‍ കോം‌പ്ലക്സില്‍ കാലുകുത്താന്‍ .
വാല്‍ക്കഷണം: എനിയ്ക്ക് ഇദ്ദേഹത്തോട് അദ്ദേഹമറിയാത്ത ഒരു കടപ്പാടുണ്ട്. ഞാനാദ്യമായി ഒരു കമ്പ്യൂട്ടര്‍ സ്പര്‍ശിയ്ക്കുന്നത് ഇദ്ദേഹത്തിന്റെ ഷോപ്പില്‍ നിന്നാണ്. വളരെ ആത്മാര്‍ത്ഥമായി അദ്ദേഹം, എന്റെ ജോലിയ്ക്ക് അതുകൊണ്ടുള്ള പ്രയോജനങ്ങള്‍പറഞ്ഞു തന്നു. അങ്ങനെയാണ് ഞാനൊരു കമ്പ്യൂട്ടര്‍ ലോണെടുത്ത് മേടിച്ചത്. ലോണടയ്ക്കാന്‍ പറ്റിയില്ലെങ്കിലും കമ്പ്യൂട്ടര്‍ പഠിച്ചു, ഗള്‍ഫില്‍ ജോലിയും കിട്ടി, ഇന്നദ്ദേഹത്തെ പറ്റി കഥ(വാസ്തവം)യും എഴുതി. ഗുരോ അവിടുത്തേയ്ക്കെന്റെ പ്രണാമം.

(ഇഷ്ടപ്പെട്ടെങ്കില്‍ ഒരു വോട്ട് കുത്തിയേക്ക്!)

Saturday 29 May 2010

പാറശ്ശാല തങ്കണ്ണന്‍

ആലക്കോട്ടെ രാജവംശം തിരുവിതാംകൂറില്‍ നിന്നും തിരുകുടിയേറ്റം നടത്തിയതാകുന്നു. അന്നിവിടം ചുറ്റും മലകളാലും കാടിനാലും അലങ്കരിക്കപ്പെട്ട വെറും ഇസ്പേഡാഴാംകൂലി ഗ്രാമം. ഒരു ടാറിടാത്ത പെരുവഴീം നാലു കടകളും രണ്ടു ചായക്കടേം. കഴിഞ്ഞു ആലക്കോട്.
അന്നാലക്കോട്ടെ മുഖ്യാകര്‍ഷണം രാജപ്പന്റെ ചായക്കടയിലെ “ഉണ്ടക്ക”(ബോണ്ട -ഉണ്ടന്‍‌പൊരി എന്നൊക്കെ പറയുന്ന അതേ സാധനം)യും “അമ്മാവന്റെ” ഹോട്ടലിലെ ബീഫും പൊറോട്ടയും പിന്നെ പേരില്ലാത്ത പട്ട ഷാപ്പും ആയിരുന്നു. പിന്നെ പിന്നെ തിരുവിതാംകൂറില്‍ നിന്നും തടിമിടുക്കും ചങ്കൊറപ്പുമുള്ള നല്ല അച്ചായന്മാര്‍ കുറ്റീം പറിച്ച് പെണ്ണും പെടക്കോഴീം നാടന്‍ തൂമ്പായും കാച്ചിയ വാക്കത്തിയുമൊക്കെയായി ഇവിടേയ്ക്ക് കുടിയേറി. അങ്ങനെയിവിടം പുരോഗമിച്ച് പുരോഗമിച്ച് ഇന്നത്തെ ആലക്കോടായി. രാജാവുള്ളപ്പോള്‍ പരിവാരവും വേണമല്ലോ? അങ്ങനെ തെക്ക് പാറശാ‍ലയില്‍ നിന്നും പകുതി അണ്ണാച്ചി പകുതി മലയാളി സൈസിലുള്ള കുറെ പേരും വന്നു. അവരങ്ങിനെ രാജാവിനെ സേവിച്ചുംകൊണ്ട് പല പല വേലകളിലേര്‍പ്പെട്ടു ജീവിച്ചു. പിന്നെ പിന്നെ പലരും സ്വന്തം വേലകള്‍ തേടി പ്പോയി. ഡ്രൈവര്‍ ,കല്‍പ്പണിക്കാര്‍ , ആശാരിമാര്‍ , കൂലിപ്പണിക്കാര്‍ അങ്ങനെയങ്ങനെ. അച്ചായന്മാര്‍ “എന്നതാടാ കൂവേ “ എന്നു ചൊദിച്ചപ്പോള്‍ പാറശാലക്കാര്‍ “എന്തരണ്ണാ “ എന്നു തിരിച്ചുപറഞ്ഞു. ഇതിനിടയില്‍ “വന്നിനി, പോയിനി, നിന്നിനി” എന്നൊക്കെ പറഞ്ഞ് കുറെ അസ്സല്‍ മലബാറുകാരും ജീവിച്ചുവന്നു.
പാറശാല തങ്കന്‍ എന്ന തങ്കണ്ണന്‍ അത്യാവശ്യം മോശമില്ലാത്ത ഒരാശാരി ആണ്. വല്യ നിലയിലൊന്നുമായില്ലെങ്കിലും നാലഞ്ചു മക്കളുടെ കഞ്ഞികുടിയും വൈകിട്ടത്തെ തണ്ണിയടിയും  മുട്ടില്ലാതെ നടന്നു പോകുന്നുണ്ട്. അതില്‍ കവിഞ്ഞ, കൊമ്പത്തെ ആളാവണമെന്ന വാശീം തങ്കണ്ണനില്ല.
പാവത്താനായ ഈ തങ്കണ്ണനെക്കുറിച്ച് ഒരുപാട് കള്ളക്കഥകള്‍ അസൂയാലുക്കള്‍ പറഞ്ഞു പരത്തിയിട്ടുണ്ട്. അവരുടെ പറച്ചില്‍ കേട്ടാല്‍ തോന്നും സംഗതി സത്യമാണെന്ന്. പിന്നെ തങ്കണ്ണനോട് ചൊദിച്ച് അത് പ്രൂവ് ചെയ്യാനൊന്നും ആരും മിനക്കെട്ടിട്ടില്ല. പാറശാല തെറിയ്ക്ക് വല്ലാത്ത കടുപ്പമാണത്രേ!
കള്ളക്കഥ ഒന്ന് : ഒരിക്കല്‍ പുതുതായി കുടിയേറിയ ഒരച്ചായന്റെ പുരപണിയ്ക്ക് കട്ടിലയുണ്ടാക്കാന്‍ തങ്കണ്ണനെയാണത്രേ വിളിച്ചത്. അച്ചായന്‍ താമസം പ്ലാസ്റ്റിക്കിന് മറച്ച ഷെഡില്‍ . തങ്കണ്ണന്‍ അല്പം തണലു നോക്കി മുറ്റത്തു നിന്ന ഒരു പേര ചുവട്ടിലിരുന്ന് പണിതുടങ്ങി .കട്ടിലയെല്ലാം അടിച്ച് കൂട്ടി ഭിത്തിയില്‍ വയ്ക്കാന്‍ പൊക്കുമ്പോഴാണത്രേ അതു ശ്രദ്ധിയ്ക്കുന്നത്, കട്ടില പേരയെ ഉള്ളിലാക്കിയാണ് അടിച്ചത്! (ഇതു പിന്നെ ഒരു സിനിമയില്‍ ജഗതി അനുകരിച്ചിട്ടുണ്ട്!)
കള്ളക്കഥ രണ്ട് (ഇതു പക്ഷേ കള്ളക്കഥയല്ലെന്നാണ് ആലക്കോടുകാരൊന്നടങ്കം അവകാശപ്പെടുന്നത്): ഒരിക്കല്‍ ജോര്‍ജെന്നു പേരുള്ള ഒരച്ചായന്‍ തങ്കണ്ണന്റെ വീട്ടില്‍ നിന്നും ഒരു കട്ടില്‍ പണിയിച്ചുകൊണ്ടു പോയി. നൂറു രൂപ കൂടി കൊടുക്കണം ബാക്കി. അത് വീട്ടില്‍ വന്നു മേടിച്ചുകൊള്ളാനും പറഞ്ഞു. (അന്നൊക്കെ അങ്ങനെ നടക്കും. ഇന്നെങ്ങാനുമാണെങ്കില്‍......)
തങ്കണ്ണന്‍ ഒരുച്ച നേരത്താണ് ബാക്കി കാശു മേടിയ്ക്കാന്‍ ചെന്നത്.
“ജോര്‍ജണ്ണന്റെ വീടിതു തന്നെ? ” പുറത്താരെയും കാണാത്തതുകൊണ്ട് തങ്കണ്ണന്‍ ഉച്ചത്തില്‍ ചൊദിച്ചു.
അകത്തു നിന്നും ചെറുപ്പക്കാരിയായ ലിസി ചേച്ചിയാണിറങ്ങി വന്നത്.
“അതെ. ആരാ.. എന്താ കാര്യം?”
“ജോര്‍ജണ്ണനെവിടഏ..?”
“”അച്ചായനിവിടില്ലല്ലോ”
“അതു ശരി. ഒരു നൂറു രൂപയുണ്ട്...കിടക്കുന്നോ?”
ലിസിച്ചേച്ചിയൊന്നു ഞെട്ടിയിട്ട് അതിവേഗം ഉള്ളിലേയ്ക്കു പോയത് കാശെടുക്കാനാണെന്ന് തങ്കണ്ണന്‍ തെറ്റിദ്ധരിച്ചു. പക്ഷേ ഒരു മുഴുത്ത കുറ്റിച്ചൂലുമായി അലറിക്കൊണ്ട് ചാടിത്തുള്ളി വന്ന ലിസിച്ചേച്ചിയോട്   “എന്തര് പ്രച്ന“മെന്നു ചോദിച്ചെങ്കിലും അന്ധാളിപ്പുകൊണ്ടാകം ഒച്ച വെളിയില്‍ വന്നില്ല.
അസ്സലു കാഞ്ഞിരപ്പള്ളിക്കാരി റബറച്ചായത്തിയാണ് ലിസിച്ചേച്ചി. പുള്ളിക്കാരീടടുത്താണോ വിളച്ചില്‍ ? ഒച്ചേം ബഹളോം കേട്ട് അയല്‍ക്കാരു കൂടി. (പണ്ടങ്ങിനെയാ അയലത്തൊരു ബഹളം കേട്ടാല്‍ ആളോടീക്കൂടും)
അയല്‍‌ക്കാര്‍ ആണുങ്ങള്‍ തങ്കണ്ണനെ പിടിച്ച് ക്വസ്റ്റ്യന്‍ ചെയ്തപ്പോളല്ലേ കാര്യം തിരിഞ്ഞത്. “നൂറു രൂപ കിട്ടാനുണ്ട്, അതുണ്ടോ” എന്നതിന്റെ പാറശ്ശാലന്‍ വേര്‍ഷനാണത്രേ തങ്കണ്ണന്‍ ലിസിചേച്ചിയോട് മൊഴിഞ്ഞത്? കാഞ്ഞിരപ്പള്ളിക്കാരിയെന്തിനാ ചൂലുമായി വന്നതെന്ന് കുറെക്കാലം കഴിഞ്ഞാണ് തങ്കണ്ണന് മനസ്സിലായത്!
ഇങ്ങനെയൊക്കെ ഇരിയ്ക്കുന്ന കാലഘട്ടത്തിലാണ് ആലക്കോട്ടേയ്ക്ക് വികസനം ബസു കയറിയെത്തുന്നതും ഫൈസല്‍ കോമ്പ്ലക്സൊക്കെ പൊന്തിവരുന്നതും. ഫൈസല്‍ കോപ്ലക്സിലെ ഓരോ പൊത്തുകളില്‍ ചേക്കേറി ഞാനും എന്റെ തലതിരിഞ്ഞ ചങ്ങാതിമാരും അര്‍മാദിച്ച് നടക്കുന്ന കാലം. തങ്കണ്ണന് അല്പം പ്രായമൊക്കെ ആയി. മക്കള്‍ പണിയ്കു പോകുന്നുണ്ട്. ചെറിയൊരു വീടൊക്കെയായി, കറന്റുണ്ട്, ഫോണില്ല. ഇടയ്ക്കൊക്കെ പാറശാലയ്ക്കു വിളിയ്ക്കാന്‍ സോജന്റെ ബൂത്തില്‍ വരും.
അന്നാലക്കോട്ടെ ടെലിഫോണ്‍ എക്സ്ചേഞ്ചെന്നു പറഞ്ഞാല്‍ കൊച്ചിയ്ക്ക് വിളിച്ചാല്‍ കൊയിലാണ്ടിയ്ക്കു കിട്ടുന്ന തരത്തിലാണ്. വൈകുന്നേരമായാല്‍ വെറുതെ ഫോണെടുത്ത് ചെവിയില്‍ വച്ചാല്‍ ആരൊക്കെയോ എവിടേയ്ക്കൊക്കെയോ വിളിച്ച് ചീത്ത പറയുന്നതു കേള്‍ക്കാം.
പരാതി കേട്ട് കേട്ട് മടുത്തിട്ട് ഡിപ്പാര്‍ട്മെന്റ് പുതിയ എക്സ്ചേഞ്ചൊരെണ്ണമങ്ങു സ്ഥാപിച്ചുകളഞ്ഞു! ഇഷ്ടം പോലെ കണക്ഷനും കൊടുക്കാന്‍ തുടങ്ങി. അങ്ങനെ നമ്മുടെ തങ്കണ്ണനും  കിട്ടി കണക്ഷന്‍ . എന്തൊരു സന്തോഷമായിരുന്നു! അറിയാവുന്ന നമ്പരൊക്കെ എടുത്തു തലങ്ങും വിലങ്ങും കുത്തി.
അന്നു വൈകുന്നേരം ഞങ്ങളെല്ലാം തിരക്കിട്ട ജോലിയേര്‍പ്പെട്ടു കൊണ്ടിരുന്നപ്പോള്‍ (..ന്ന്വച്ചാല്‍ പരദൂഷണം ) വായ് നിറയെ ചിരിച്ചുംകൊണ്ട് തങ്കണ്ണന്‍ ഫൈസല്‍ കോമ്പ്ലക്സിലേയ്ക്ക് ആഗതനായി.
 “എടെ സോജാ ഫോണു കിട്ടിയടേ..“
“ഓ എന്നാ ഇന്നു ചിലവ് തങ്കണ്ണന്റെ വക”. നനഞ്ഞിടം മാന്താന്‍ സോജനെ കഴിഞ്ഞിട്ടേയുള്ളു. (ചെലവെന്നു പറഞ്ഞാല്‍ കുപ്പിയെന്ന് പരിഭാഷ)
കുപ്പിയെന്ന മനക്കോട്ട ഫൌണ്ടേഷനോടെ പൊളിച്ച് കൊണ്ട് ഓരോ ചായയ്ക്കും പരിപ്പുവടയ്ക്കും ഓര്‍ഡര്‍ ചെയ്തുകളഞ്ഞു തങ്കണ്ണന്‍ .എന്തരൊ ആവട്ടെ, പശുവിന്റെ വായില്‍ പല്ലില്ലെങ്കിലും സാരമില്ല.
“ഓ ഈ ടെലിഫോണ്‍കാരുടെ പുതിയ ഓരോ വിദ്യേ.. വിളിയ്ക്കുന്ന ആള്‍‌ടെ പേരു വരെ അവര്‍ക്കു നിച്ചയം തന്നെ!” ചായേം കടീം കൊണ്ടുവന്ന ഹോട്ടലിലെ പാണ്ടിപ്പയ്യന്റെ കൈയിലേയ്ക്ക് മുപ്പത്തഞ്ചു രൂപ എടുത്തുകൊടുത്തിട്ട് തങ്കണ്ണന്‍ പറഞ്ഞു.
“അതെന്തു വിദ്യ തങ്കണ്ണാ?”. പരിപ്പുവടയ്ക്കിട്ടൊരു കടി പാസാക്കികൊണ്ട് സോജന്‍ .
“അല്ല ഞാനിന്നൊരു ഫോണ്‍ വിളിച്ചെ. ആ നമ്പരു തെറ്റാന്ന് എന്റെ പേരു പറഞ്ഞിട്ടല്ലെ എക്സേഞ്ചീന്നു പറഞ്ഞെ!”
“പേരോ?”
“തന്നെ. തങ്കന്‍ അതായത് ഞാന്‍ വിളിച്ച നമ്പര്‍` തെറ്റാന്ന് ഒരു പെണ്‍‌കൊച്ച് തന്നെയാ
എന്നോടു പറഞ്ഞെ“.
അതൊന്നറിയണമല്ലോ. നമ്മളറിയാത്ത പുതിയ ഏര്‍പ്പാട് എക്സ്ചേഞ്ചിലോ?
“തങ്കണ്ണന്‍ ആ നമ്പര് ഇങ്ങോട്ടൊന്നു കുത്തിയ്ക്കേ” ബൂത്തിലെ സ്പീക്കര്‍ ഫോണിന്റെ സ്പീക്കര്‍ ഓണിലിട്ടു കൊണ്ട് സോജന്‍ പറഞ്ഞു.
തങ്കണ്ണന്‍ ആവേശത്തോടെ നമ്പര്‍ കുത്തി.
“ സോറി. "താങ്കള്‍ " വിളിയ്ക്കുന്ന നമ്പര്‍ തെറ്റാണ്. ദയവായി ഡയറക്ടറിയില്‍ നോക്കുക”.
കിളിനാദം ഒഴുകി വന്നു.
ഈ കുരുത്തംകെട്ടവന്മാര്‍ക്ക് ചായേം പരിപ്പുവടേം മേടിച്ചു കൊടുത്ത തന്നെ തല്ലണമെന്നൊ മറ്റോ  പാവം തങ്കണ്ണന്‍ ശപിച്ചിരിയ്ക്കാന്‍ എല്ലാ സാധ്യതയുമുണ്ട്, അത്രയ്ക്കല്ലായിരുന്നോ ചിരി.