Ind disable

Wednesday 23 June 2010

ആലക്കോടന്‍ വിശേഷങ്ങള്‍ : “ഉടുമ്പു തൈലം.“

നമ്മുടെ പത്രങ്ങളിലെ കോളം പരസ്യങ്ങള്‍ നോക്കിയാല്‍ ഏറ്റവും അധികം കാണുക ചില യന്ത്രങ്ങളുടെയും ലേഹ്യങ്ങളുടെയും പരസ്യമായിരിയ്ക്കും. ഒപ്പം ചില “ഡോക്ടര്‍മാരു”ടെയും. യന്ത്രങ്ങള്‍ ഉറുക്ക്, ചരട്, തകിട് ഇങ്ങനെ പല കാറ്റഗറി വരും. പ്രധാന ഉന്നം ധനം, ഒപ്പം പെണ്ണ് ഇവയെ ആകര്‍ഷിയ്ക്കല്‍ .
ലേഹ്യങ്ങള്‍ തടി വയ്ക്കാന്‍ , ശരീരത്തിലെ കുഴപ്പം പിടിച്ച ചില ഭാഗങ്ങള്‍ വളരാന്‍ , പിന്നെ "A"സര്‍ട്ടിഫിക്കറ്റുള്ള ചില കാര്യങ്ങള്‍ക്ക് വീര്യം പകരാന്‍ എന്നിവയ്ക്കായി പ്രയോഗിയ്ക്കപ്പെടും. “ഡോക്ടര്‍മാര്‍‌“ എല്ലാവരുടെയും തന്നെ സര്‍ട്ടിഫിക്കറ്റ് മേല്‍ വിഷയത്തിലാണ്. ഞാന്‍ പത്രവായന ആരംഭിച്ചകാലം മുതല്‍- അതായത് ഏകദേശം 30 വര്‍ഷത്തോളമായി യാതൊരു മാറ്റവുമില്ലാത്ത ഫോട്ടോ വച്ച ഡോക്ടര്‍മാരെ ഇന്നും കോളത്തില്‍ കാണാം. ഇതില്‍ നിന്നും ഒരു കാര്യം ഉറപ്പാണ് നമ്മൂടെ നാട്ടാരെ ഏറ്റവും അധികം അലട്ടുന്നത് "A" വിഷയമാണ്. ഇതറിയാവുന്ന ചിലര്‍ ലാടന്‍ എന്നൊരു പേരില്‍ നാട്ടിലിറങ്ങും. കരിങ്കുരങ്ങ്, ഉടുമ്പ് , അജമാംസം അങ്ങനെയൊക്കെ പേരിട്ട് പല ലേഹ്യങ്ങളും നാട്ടാര്‍ക്ക് വില്‍ക്കും. എന്തൊരു തിക്കും തിരക്കുമാണെന്നോ അതു മേടിയ്ക്കാന്‍ , ഇന്നസെന്റ് സാറ് പറഞ്ഞപോലെ ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാന്‍ കണ്ട മാതിരി. ആലക്കോട്ടെ ബിവറേജസിന്റെ മുന്നില്‍ മാത്രമേ അതു പോലെ തിരക്കു ഞാന്‍ കണ്ടിട്ടുള്ളു.

ഒരിയ്ക്കല്‍ ആലക്കോട് ടൌണില്‍ ഇതുപോലൊരു വൈദ്യന്‍ ലേഹ്യമുണ്ടാക്കി. അതായത് ലൈവായിട്ട്. അത് കാണേണ്ട കാഴ്ച തന്നെയാണ്. ഏകദേശം ഒരു മൂന്നു മണിയോടെ ടൌണിലെ ഒഴിഞ്ഞു കിടക്കുന്ന ഒരു കടയുടെ തിണ്ണയില്‍ നിന്നും ഒരു സ്പീക്കറില്‍ കൂടിയങ്ങനെ പാട്ടൊഴുകി വരുന്നു. കാര്യമറിയാനുള്ള ആകാംക്ഷയോടെ നമ്മളു നോക്കുമ്പം ഒരാള്‍ മാരുതി വാനില്‍ നിന്നും ഓരോരോ ചെറിയ പൊതികള്‍ എടുത്ത് നിരത്തുകയാണ്.  പൊതികള്‍ അഴിച്ചപ്പോള്‍ മനസ്സിലായി, ഏതൊക്കെയോ പച്ചമരുന്നുകളും അങ്ങാടി മരുന്നുകളുമൊക്കെയാണ്. അവസാനം ഒരു ബോര്‍ഡും വച്ചു. ബോര്‍ഡില്‍ ഒരു ആടിന്റെ പടം. അടിയില്‍ “അജമാംസ ലേഹ്യം” എന്നൊരെഴുത്തും. അപ്പോള്‍ കാണാം ബോര്‍ഡിനു ചുവട്ടിലായി ഒരാട്ടിന്‍ തല നമ്മളെ തുറിച്ചു നോക്കുന്നു. സംഗതി കാര്യമായിട്ടാണ്.
ആലക്കോട്ടുകാരല്ലെ, ഒരാള്‍ ഉച്ചത്തില്‍ ഒന്നു കോട്ടുവായിട്ടാല്‍ ചുറ്റും കൂടും എന്താ കാര്യമെന്നറിയാന്‍ . ഇവിടേം കൂടി. അപ്പോള്‍ വൈദ്യന് ഉഷാറു കൂടി. പിന്നെ, ചെറിയൊരടുപ്പ്, അടുപ്പിന്മേല്‍ ഉരുളി, ഉരുളിയില്‍ എണ്ണ, പിന്നെ ഓരോരോ ക്രമത്തില്‍ ഓരൊ മരുന്ന്. അവസാനം ആട്ടിന്‍ തല. അതിനിടയില്‍ ഇടമുറിയാതെ പാട്ട്. വൈദ്യന്‍ ആരുടേയും മുഖത്തു പൊലും നോക്കാതെ ഇളക്കോടിളക്ക്. അങ്ങനെ സന്ധ്യയോടെ ലേഹ്യം റെഡി. അപ്പോഴാണ് വൈദ്യന്‍ ലേഹ്യത്തിന്റെ ഗുണഗണങ്ങളെ പറ്റി വര്‍ണന തുടങ്ങിയത്. അതു കേട്ടപ്പോഴെ നമ്മളവിടെ നിന്നിട്ട് കാര്യമില്ലന്ന് മനസിലായി. കല്യാണം കഴിയ്ക്കാത്ത ഞാന്‍ ലേഹ്യം മേടിച്ചിട്ടെന്തു ചെയ്യാന്‍ ?  ഇനിയൊരു പരീക്ഷണത്തിനു മേടിച്ചുകഴിച്ചിട്ട് വല്ല കുഴപ്പവുമൊപ്പിച്ചാല്‍ പിന്നെ മാനക്കേടുകൂടിയാകും.
എന്നാല്‍ അവിടെ കൂടി നിന്ന എല്ലാവരും അവിവാഹിതരല്ലല്ലോ! വൈദ്യന് സാധനം മുഴുവന്‍ ചിലവായി. നല്ല കോളടിച്ച സംതൃപ്തിയോടെ അയാള്‍ ഒരു മണിക്കൂറിനകം ആലക്കോടു നിന്നും മാരുതി വിട്ടു. സാധനം മേടിച്ച ആലക്കോട്ടുകാര്‍ക്ക് വൈദ്യനേക്കാള്‍ സംതൃപ്തി. പലരുടെയും മുഖത്തൊരു കള്ളച്ചിരി തത്തിക്കളിച്ചു. മിക്ക ടീമുകളും നേരത്തെ വീടു പിടിച്ചു.

നമ്മുടെ മാത്തപ്പന്‍ ചേട്ടനും ഒരെണ്ണം മേടിച്ചതായി ഞങ്ങള്‍ക്ക് അറിവു കിട്ടി. പിറ്റേന്നു മുതല്‍ ഞങ്ങള്‍ പുള്ളിയെ നിരീക്ഷിച്ചുതുടങ്ങി. എന്തെങ്കിലും മാറ്റമുണ്ടോന്നറിയണമല്ലോ! അന്ന് നല്ല ഉറക്കച്ചടവോടെയാണ് വന്നതെന്നു മനസ്സിലായി. എന്നാലോ മുഖത്തൊരു തെളിച്ചമില്ല. രണ്ട്, മൂന്ന്, നാല് , അഞ്ചാമത്തെ ദിവസം മാത്തപ്പന്‍ ചേട്ടന്‍ നല്ല ചൂടിലാണ് വന്നത്. ഞങ്ങള്‍ നേക്കിന് കൂടി കാര്യമന്വേഷിച്ചു. കുറച്ച് നേരത്തെ പ്രയത്നത്തിനൊടുവില്‍ , ഒന്നു രണ്ട് അസംസ്കൃത വാക്കുകളുടെ അകമ്പടിയോടെ സംഗതി വെളിയില്‍ വന്നു. ഇന്‍സ്റ്റന്റ് ഫലം പ്രതീക്ഷിച്ചാണ് കക്ഷി ലേഹ്യം മേടിച്ചത്. മേടിച്ച അന്നു രാത്രി അനാവശ്യമായി ഉറക്കമിളയ്ക്കുക കൂടി ചെയ്തു. ഫലമൊന്നുമില്ല. സാരമില്ല, ബാക്കി കൂടി കഴിച്ചു നോക്കാം, ഒന്നുമല്ലങ്കിലും സംഗതി ആടാണല്ലോ. ആ ഒരു പ്രതീക്ഷയോടെ കഴിപ്പ് തുടര്‍ന്നു. മൂന്നാം ദിവസം മുതല്‍ ലേഹ്യത്തിനൊരു പുളിപ്പ്. നാലാം ദിവസം പുളിപ്പ് കൂടി. അഞ്ചാം ദിവസം ആകെ പതഞ്ഞ് കുപ്പിയ്ക്കു വെളിയിലായില്‍ ചാടി. അതോടെ വൈദ്യന്റെ മൂന്നുതലമുറയ്ക്ക് തെറി പറഞ്ഞുകൊണ്ട് ബാക്കി ലേഹ്യം മുറ്റത്തിനു താഴേയ്ക്ക് ആഞ്ഞൊരേറു കൊടുത്തു മാത്തപ്പന്‍ ചേട്ടന്‍ .

ഞാന്‍ ഫൈസല്‍ കോം‌പ്ലക്സ് അന്തേവാസിയായിരിയ്ക്കുന്നത് അത്യാവശ്യം വിപ്ലവം മൂത്തു നില്‍ക്കുന്ന കാലത്താണ്. അതോടൊപ്പം പരിസ്ഥിതി പ്രേമവും. പോരെ, ഒരു ചെറുപ്പക്കാരന്‍ വഴിതെറ്റാന്‍ ഇതിലധികം വേറെന്തു വേണം? അന്ന് സകല ജീവജാലങ്ങളോടും എനിയ്ക്ക് കാരുണ്യവും സഹതാപവുമൊക്കെയാണ് (ചിക്കന്‍ എന്നറിയപ്പെടുന്ന ഒരിനം വെളുത്ത പക്ഷി, ബീഫ് എന്ന ഒരിനം നാല്‍ക്കാലി ഇവയൊഴികെ). കഴിയുന്നത്ര ഒരെറുമ്പിനെപ്പോലും ഞാന്‍ നോവിയ്ക്കില്ല, ഇങ്ങോട്ട് കടിയ്ക്കാത്ത പക്ഷം.

ഒരു ദിവസം രാവിലെ ഞാന്‍ നമ്മുടെ ഓഫീസിലേക്കു വരുന്നു. തുറന്നു വല്ലോം വരച്ചാലല്ലേ കഞ്ഞികുടി നടക്കൂ. അപ്പൊഴതാ ടൌണില്‍ ഒരു മൂലയ്ക്ക് നല്ല ആള്‍ക്കൂട്ടം. ഒന്നെത്തി നോക്കാതെ പോകുന്നതെങ്ങിനെ? കൂടിനിന്ന മനുഷ്യമതിലിനിടയിലൂടെ മുഖം തിരുകി കയറ്റി.  ഞാനെന്താ ഈ കാണുന്നത്?
കുളിക്കുകയോ പല്ലുതേക്കുകയോ ചെയ്യാത്ത ഒരു രൂപം. കൈയിലും കഴുത്തിലുമൊക്കെ കുറെ ചരടുകള്‍ .നിലത്തങ്ങനെ പടഞ്ഞിരിയ്ക്കുകയാണ്. ആടുത്ത് ഒരു അലുമിനിയ ചരുവം ചാരി വച്ചിരിയ്ക്കുന്നു. അതിനകത്ത് എന്തെല്ലാമോ ചെത്തിപ്പൂളി ഇട്ടിരിയ്ക്കുന്നു. അടിയില്‍ ഊറിക്കിടക്കുന്നു നല്ല ചുവന്ന നിറമുള്ള എണ്ണ. നിരത്തി വച്ചിരിയ്ക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികളിലെല്ലാം ചുവന്ന നിറം. അതൊന്നുമല്ല എന്നെ ഞെട്ടിച്ചത്. അയാളുടെ അടുത്ത് നാലഞ്ച് ഉടുമ്പുകള്‍ . അതേ ജീവനുള്ളവ..പലതും അവശരാണ്. മലര്‍ന്നു കിടയ്ക്കുന്നവയുടെ വെളുത്ത അടിവയറ് തെളിഞ്ഞു നില്‍ക്കുന്നു. അവ കൈകാലുകള്‍ പതിയെ ചലിപ്പിച്ചുകൊണ്ടെയിരുന്നു.

“അയ്യാ.. വാങ്കയാ.. ഇതു ശുത്തമാന ഉടുമ്പെണ്ണ അയ്യാ..ഉങ്ക സംസാരത്തെ കുശിയാക്കവുതുക്ക് ഏകപ്പെട്ട തൈലം അയ്യാ. വാങ്കയ്യാ. ചെറിയ കുപ്പി പത്തു രൂപ വലിയ കുപ്പി ഇറുപതു രൂപ”
എനിയ്ക്കൊന്നും മനസ്സിലായില്ല. എന്തു സംസാരം? ഞാനാ ഉടുമ്പുകളെ മാത്രമേ നോക്കിയുള്ളു. പാവങ്ങള്‍ .എന്നിലെ പരിസ്ഥിതി സ്നേഹി സടകുടഞ്ഞെണീറ്റു. ഇതനുവദിച്ചുകൂടാ.
ഞാന്‍ വേഗം സോജന്റെ എസ്.ടി.ഡി. ബൂത്തിലേയ്ക്കു പാഞ്ഞു.
“സോജാ.. പോലീസ് സ്റ്റേഷനിലെ നമ്പറെത്രയാ?”
“എന്താ.. ബിജൂ. എന്തു പറ്റീ?” സോജന്‍ അന്തം വിട്ടു.
“കാര്യമുണ്ട്. നമ്പറു പറ”.
ഞാന്‍ നമ്പറു കുത്തി. റിങ്ങുണ്ട്. അതാ ആരോ ഫോണെടുത്തു കഴിഞ്ഞു.
“ഹലോ ഗുഡ് മോര്‍ണിങ്ങ്. .................. പൊലീസ് സ്റ്റേഷന്‍ “ ഹായ് എന്തൊരു വിനയപൂര്‍വമായ പരിചയപ്പെടുത്തല്. ഫോണെടുത്ത അങ്ങത്ത എത്ര കഷ്ടപ്പെട്ടായിരിയ്ക്കും ആ ശബ്ദം അങ്ങനെ മധുരതരമാക്കിയിരിയ്ക്കുക.
“സാറേ.. ഇത് ആലക്കോടുന്നാ. ഇവിടൊരാള് ഉടുമ്പെണ്ണ വില്‍ക്കുന്നു. ജീവനൊള്ള ഉടുമ്പുമൊണ്ട്!”
“ഉടുമ്പെണ്ണയാ.. ആരാടാ സംസാരിയ്ക്കുന്നത്?”
നോക്കിക്കേ എത്ര പെട്ടന്നാ അങ്ങത്ത പോലീസായതെന്ന്. ആ കടുപ്പിച്ച ശബ്ദം കേട്ടതോടെ എന്റെ പരിസ്ഥിതിബോധം ഒട്ടുമുക്കാലും ഒലിച്ചു പോയെന്നതാണ് സത്യം.
പേര് പറയണമോ എന്നു ശങ്കിച്ചെങ്കിലും പറഞ്ഞു പോയി.
“ഞാന്‍ ബിജൂ.”
“ഏതു ബിജു? ഉടുമ്പെണ്ണ വില്‍ക്കുന്നേന് പോലീസെന്നാ വേണം? നിനക്കു രാവിലെ പണിയൊന്നുമില്ല അല്ലേ?”
“സാറേ..ഉടുമ്പ് വന്യജീവിയല്ലേ..അതിനെ പിടിയ്ക്കാമ്പാടില്ലാന്നാ നിയമം”. എങ്ങെനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. നമ്മളു വിളിച്ചതിനൊരു റീസണ്‍ കൊടുത്തില്ലേല്‍ ചിലപ്പോള്‍ വാദി പ്രതിയാകും.
“വല്ല ഫോറസ്റ്റോഫീസിലും പോയി പറ.” അങ്ങത്ത ഗൌരവം വിടുന്നില്ല.
“എന്നാ ഞാന്‍ മുകളില്‍ പറഞ്ഞോളാം!” അതെങ്ങിനെ എന്റെ വായില്‍ നിന്നും വീണന്നെറിയില്ല. തലയൂരാനുള്ള വ്യഗ്രതയിലാവും. അല്ലാതെ ഏതു മുകളില്‍ പോകാന്‍ ? എന്നാല്‍ അതേറ്റു. അങ്ങത്ത അല്പം മയത്തിലായി.
“ഓരോ മാരണമൊക്കെ. എവിടെയാ ഉടുമ്പുകച്ചവടം?” ഞാന്‍ സ്ഥലം പറഞ്ഞുകൊടുത്ത് ഫോണ്‍ വച്ചു. സത്യം പറഞ്ഞാല്‍ ഞാന്‍ വിയര്‍ത്തിരുന്നു. പോലീസ് സ്റ്റേഷനില്‍ വിളിയ്ക്കാന്‍ തോന്നിയ പരിസ്ഥിതിബോധത്തെ രണ്ടു ചീത്ത പറഞ്ഞുകൊണ്ട് ഞാന്‍ പോയി ഓഫീസ്  തുറന്നു.

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സോജന്‍ എന്നോട് വന്നു പറഞ്ഞു:
“ബിജു, പോലീസ് വന്നു ഉടുമ്പിനേം വൈദ്യനേം പൊക്കിക്കൊണ്ടു പോയീ!” ഹാ.. അതു കേട്ടപ്പോള്‍ ഒരഭിമാനം തോന്നി. എന്റെ വാക്കിനെ പോലീസ് വിലവെച്ചിരിയ്ക്കുന്നു. പരിസ്ഥിതി ബോധമേ നിന്നെ ചീത്ത പറഞ്ഞതിന് മാപ്പ്.
ഉച്ചയോടെ വൈദ്യനെയും ഉടുമ്പുകളെയും പോലീസ് വിട്ടതായി ഞാനറിഞ്ഞു. വിട്ടെങ്കില്‍ വിട്ടു. ഇനി ഞാനില്ല, വേലിയിലിരിയ്ക്കുന്ന ഉടുമ്പിനെയെടുത്ത് തോളത്ത് വയ്ക്കാന്‍ .
മൂന്നു ദിവസം കഴിഞ്ഞ് സോജന്റെ ബൂത്തില്‍ പരിചയക്കാരനായ ഒരു പോലീസുകാരന്‍ ഫോണ്‍ ചെയ്യാന്‍ വന്നു.  കക്ഷിയാണ് പറഞ്ഞത്, നാലു പോലീസുകാര്‍ ആശുപത്രിയിലാണത്രേ! ഒക്കെ പെന്‍ഷന്‍ പറ്റാറായവര്‍
“എന്തു പറ്റീ?“
“കാര്യം രഹസ്യമാണ്. ആരോടും പറയണ്ട. എന്തോ എണ്ണ പുറത്തുപറയാന്‍ പറ്റാത്തിടത്ത് തേച്ചിട്ട്, പൊള്ളി നാശമായി.  രണ്ടു ദിവസമായി ആശുപത്രിയിലാണ്.  “.

വാല്‍ക്കഷണം: പോലീസുകാര്‍ വൈദ്യരെ സ്റ്റേഷനില്‍ കൊണ്ടു പോയി  എണ്ണയെക്കുറിച്ച് വിശദമായി ചോദ്യം ചെയ്തു. “സംസാര“ത്തെ സന്തോഷിപ്പിയ്ക്കുന്ന എണ്ണയാണെന്ന് വൈദ്യര്‍ പറഞ്ഞു കൊടുത്തു. “സംസാരം“ എന്നു വച്ചാല്‍ ഭാര്യയെന്നര്‍ത്ഥം. ഏമാന്മാര്‍ എണ്ണ മൊത്തം വാങ്ങി വച്ചിട്ട് വൈദ്യരോട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. എന്നിട്ട് ഓരൊരുത്തരായി  വീതിച്ചെടുത്തു. ഇതിനിടയില്‍ എണ്ണ തേയ്ക്കേണ്ട അളവിനെക്കുറിച്ച് ചോദിയ്ക്കാന്‍  വിട്ടു.
കൂടുതല്‍ തേച്ചാല്‍ കൂടുതല്‍  ഫലമെന്ന് ധരിച്ചു കാണും പാവം ഏമാന്മാര്‍ .

----------------------------------------------------------------------------------------
ഇഷ്ടപ്പെട്ടെങ്കില്‍ ഒരോട്ട് കുത്തിയേക്ക്.

17 comments:

 1. ഉടുമ്പ് പുരാണം കലക്കി. പിന്നെ അജമാംസ ലേഹ്യത്തിന്റെ ലൈവ് പ്രോഗ്രാം എന്റെ നാട്ടിലും ഉണ്ടായിരുന്നു, രാവിലെ മുതൽ വൈകുന്നേരം വരെ,,,
  ഈ ഇംഗ്ലീഷിലെ word verification ഒഴിവാക്കിയാൽ നന്നായിരിക്കും.

  ReplyDelete
 2. ആ പോലീസുകാരുടെ ഒരു കാര്യം.. ഹോ കഷ്ടം തന്നെ

  ReplyDelete
 3. ഉടുമ്പു പുരാണം കലക്കി...
  പരിസ്ഥിതിപ്രശ്നമായതുകൊണ്ട് ഉടുമ്പ്, മയിലെണ്ണ, അജമാംസരസാ‍യന വില്പനക്കാർ കുറയുമ്പോൾ... ലവണതൈലം, ഞവര തൈലം, മുസ്‌ലിപവർ എക്സ്ട്രാ മുതലായ ഹൈടെക്ക് രൂപങ്ങൾ ഇന്നും സജീവം. ഇക്കിളി മസ്സാജർ എന്ന സർവരോഗ സംഹാരിയെ നോക്കൂ.

  (ഇവിടെ വന്നു പലതവണ കമന്റെഴുതിയിട്ട്
  വേർഡ് വെരിഫിക്കേഷൻ എന്ന കടമ്പ കാരണം തിരിച്ചുപോയിരിക്കുന്നു. ഇതൊഴിവാക്കിയാൽ നന്ന്.)

  ReplyDelete
 4. valare nalla avatharanam.......

  ReplyDelete
 5. @മിനി: ഞാന്‍ വേഡ് വെരിഫിക്കേഷന്‍ നേരത്തെ ഒഴിവാക്കിയതായിരുന്നു. അബദ്ധത്തില്‍ അത് വീണ്ടും എങ്ങനെയോ ആയതാണ്.അതൊഴിവാക്കിയിട്ടുണ്ട്. ബുദ്ധിമുട്ടിയതില്‍ മാപ്പ്.
  @ജിത്തു: ഹ..ഹ. :)
  ‌@ അലി: ബുദ്ധിമുട്ടുണ്ടായതില്‍ മാപ്പ്.ബുദ്ധിമാന്മാരെന്ന് നടിയ്ക്കുന്ന മലയാളിയുടെ വിവരക്കേടാണ് ഇത്തരം ഉല്പന്നങ്ങളുടെ അതിപ്രസരം തെളിയിയ്ക്കുന്നത്.

  ReplyDelete
 6. @Rinu
  നന്ദി,അഭിപ്രായത്തിന്

  ReplyDelete
 7. തട്ടിപ്പില്‍ വീഴുന്നവരില്‍ മലയാളികള്‍ കൂടതലാണെന്ന് തോന്നുന്നു അല്ലേ?
  ‘എ’സര്‍ട്ടിഫിക്കറ്റ് സംഭവങ്ങള്‍ക്കും പിന്നെ ചുമ്മാ ഇരുന്ന് പൈസ ഉണ്ടാക്കാവുന്ന യന്ത്രങ്ങള്‍ക്കും ആണ് ഏറ്റവും ഡിമാന്റ്...

  നല്ല പോസ്റ്റ്..

  ReplyDelete
 8. ഉടുമ്പ് പുരാണം കൊള്ളാം...

  ReplyDelete
 9. good വളരെ നന്നായിരിക്കുന്നു ഇവന്മാരെയൊക്കെ എന്താ ചെയ്ക ...

  ReplyDelete
 10. "നോക്കണം സാര്‍, എന്‍റെ കൈയ്യിലുള്ള മരുന്നു കൊണ്ട് ആടിനെ ആനയാക്കാം ചേനയെ ആടുമാക്കാം, മരുന്നിന്‍റെ മാസ്മര ശക്തിയാണ്‌ സാര്‍"
  ഇതല്ലേ ഐറ്റം??
  :)

  ReplyDelete
 11. @ മൈലാഞ്ചി:തട്ടിപ്പു നടത്താനും അതില്‍ തലവെയ്ക്കാനും മലയാളിയെ കഴിഞ്ഞിട്ടേ ആളുള്ളു. വായനയ്ക്ക് നന്ദി.
  @ നൌഷു: കമന്റിന് നന്ദി.
  @ ആചാര്യന്‍ : കലികാലം അല്ലേ. നന്ദി.
  @ അരുണ്‍ : ഇപ്പോള്‍ മണിക്കൂറുകൊണ്ട് തടികുറയ്ക്കുന്ന തൈലങ്ങള്‍ ഇറങ്ങിയെന്നാ കേള്‍ക്കുന്നത്. ഭാവിയില്‍ ആടിനെ ആനയാക്കുന്ന തൈലം ഇറങ്ങാനും സാധ്യതയുണ്ട്. നന്ദി.

  ReplyDelete
 12. മാഷ് വാങ്ങിയ മരുന്ന് എന്താ ചെയ്തെ???

  ReplyDelete
 13. @ഹാഷിം: ഞാന്‍ മേടിച്ചില്ലായിരുന്നു.ഒരവിവാഹിതന്‍ പീഡനക്കേസിലൊക്കെ പെട്ടാല്‍ നാണക്കേടല്ലേ...

  ReplyDelete
 14. "ഉടുമ്പ് തൈലം " കലക്കി .ഒന്നാം തരം .ഓര്‍ത്തോര്‍ത്തു ചിരി വരുന്നു -പ്രത്യേകിച്ച് എണ്ണ 'പരീക്ഷിച്ച ' 'സാറന്‍മാരുടെ' സ്ഥിതിയോര്‍ത്ത്(അതുപോലെ ലേഹ്യം മേടിക്കാത്ത ബിജുവിനെ ഓര്‍ത്തപ്പോഴും!)

  ReplyDelete