ഒരു യുവാവിനെ സംബന്ധിച്ചിടത്തോളം യുവാവെന്ന നിലയിലുള്ള അവന്റെ സ്വാതന്ത്ര്യം വിവാഹത്തിന്റെ തലേന്നാള്‍ രാത്രി വരെ മാത്രം. അതിനിടയില്‍ അവനെത്ര ഉല്ലസിച്ചിട്ടുണ്ടോ അതായിരിയ്ക്കും അവന്റെ പില്‍ക്കാല ജീവിതത്തില്‍ സന്തോഷിയ്ക്കാന്‍ ബാക്കിയുണ്ടാവുക. എന്നു വെച്ചു കല്യാണം കഴിച്ചവര്‍ക്കൊന്നും സന്തോഷമില്ല എന്നല്ല പറഞ്ഞു വരുന്നത്. അതു സന്തോഷം വേറെ!
കൂട്ടുകാരോടൊപ്പം കൂത്താടുക, പെണ്‍പിള്ളേരുടെ പുറകേ നടക്കുക, അവസരം കിട്ടിയാല്‍ പഞ്ചാരയടിയ്ക്കുക, ആരോടും ഉത്തരവാദിത്തമില്ലാതെ അര്‍മാദിച്ചു നടക്കുക, ഇതൊക്കെ വിവാഹത്തിനു മുന്‍പല്ലേ പറ്റൂ. (ടൂ ഹരിഹര്‍ നഗര്‍ വന്ന ശേഷം മധ്യവയസ്കരും ആ പരിപാടി തുടങ്ങിയെന്നു തോന്നുന്നു.) ഇങ്ങനെ കൂത്താടാന്‍ ഏറ്റവും നല്ല ഏര്‍പ്പാടാണ് ടൂര്‍ അഥവാ വിനോദയാത്ര.
ഒരിക്കല്‍ ഞങ്ങള്‍ ഫൈസല്‍ കോമ്പ്ലക്സുകാര്‍ ഒരു ടൂര്‍ നടത്തി, വയനാട്ടിലേയ്ക്ക്. നമ്മുടെ സോജന്‍ ഒന്നാന്തരം ഡ്രൈവര്‍ ആണ്. അവന്റെ ചേട്ടന് ഒരു ജീപ്പുമുണ്ട്. അപ്പോള്‍ സഹായനിരക്കില്‍ ഒരു യാത്രയ്ക്കു ബുദ്ധിമുട്ടില്ലല്ലോ?
ഞങ്ങള്‍ എട്ടുപേരാണ് ആ യാത്രയ്ക്കുണ്ടായിരുന്നത്.
ഒരു ഡിസംബര്‍ മാസം രാത്രി ഒന്‍പതുമണിയോടെ ഭക്ഷണം കഴിഞ്ഞ് അത്യാവശ്യം “ഇന്ധനം” ബിവറേജസില്‍ നിന്നും സംഭരിച്ച് ഞങ്ങള്‍ ഏഴുപേര്‍ കയറിയ ജീപ്പ് വയനാട് ലക്ഷ്യമാക്കി ഫ്ലാഗ് ഓഫ് ചെയ്തു. എട്ടാമന്‍ ശ്രീകണ്ഠാപുരത്താണുള്ളത്. ആലക്കോടുകാരനാണെങ്കിലും അവിടെ എന്തോ അല്‍ഗുല്‍ത്ത് പരിപാടിയുമായി കൂടിയിരിയ്ക്കുകയാണ്. ഇഷ്ടനെ അവിടെ നിന്നും “പിക്ക“ണം.
ഏതാണ്ട് പത്ത് മണിയ്ക്ക് ശ്രീകണ്ഠാപുരത്തെത്തി. ഈ ചങ്ങാതി നേരത്തെ പറഞ്ഞു തന്ന പ്രകാരം എവിടെയോ കൊണ്ടുപോയി വണ്ടി നിര്‍ത്തി. ഒരു വഴിവിളക്കിന്റെ വെട്ടം മാത്രം. എവിടൊക്കെയോ പട്ടി കുരയ്ക്കുന്നു. ഞങ്ങള്‍ വണ്ടി നിര്‍ത്തിയ പാടെ പൂഴിക്കൊട്ടക്കണക്കിന് തെറിയാണ് എതിരേറ്റത്! മദ്യത്തില്‍ കുഴഞ്ഞതുകാരണം തെറിയുടെ അര്‍ത്ഥത്തിന്റെ അത്രയും വീര്യം സൌണ്ടിനില്ല. എന്താണെന്നൊരു പിടിയും കിട്ടിയില്ല.
അപ്പോള്‍ കേള്‍ക്കാം:
“സാറെ, അതു നമ്മുടെ ആള്‍ക്കാരാ സാറെ..കുഴപ്പമൊന്നുമില്ല”.
തെറി സ്റ്റോപ്പായി.
ആ ശബ്ദം നമ്മുടെ ചങ്ങാതി കുഞ്ചാക്കോയുടെ തന്നെ. ഒപ്പം ഇരുട്ടത്തു നിന്നും വെളിച്ചത്തിലേയ്ക്ക് ആള്‍ പ്രത്യക്ഷനാകുകയും ചെയ്തു.
“എന്താടാ കോപ്പാ ഇത്? പാതിരായ്ക്കു മൂക്കുമുട്ടെ തെറിയോ?” സോജന്‍ ചൂടായി.
“എടാ..ഇന്ന് കൊറെ കള്ളച്ചാരായം പിടിച്ചിട്ടൊണ്ട്. സാറന്മാര് നന്നായി കീറിയിട്ട് കെടക്കുവാ ” കുഞ്ചാക്കോ പറഞ്ഞു.
“അപ്പം ഇതെവിടാ സ്ഥലം?”
“അറിയത്തില്ലെ? എക്സൈസ് ഓപ്പീസ്. അടുത്ത കെട്ടിടത്തിലല്ലേ എനിയ്ക്കു പണി. സാറന്മാരുമായി എനിയ്ക്കു നല്ല പരിചയാ. വല്ല ഓംലെറ്റോ കറിയോ മേടിച്ചുകൊടുത്താ മതി ഇഷ്ടം പോലെ സാധനം കിട്ടും!”
ഒരു സര്‍ക്കാരാപ്പീസിന്റെ ഗതിയേ! ഒരു ബള്‍ബു പോലും അതിന്റെ മുന്നില്‍ തെളിച്ചിട്ടില്ല.
ഡിസംബറിലെ ചൂളന്‍ കാറ്റ് ചെവിയിലേയ്ക്കടിച്ചു കയറി മേലാകെ വിറപ്പിയ്ക്കുന്നുണ്ടായിരുന്നു. അവന്റെയൊരു യോഗമെന്നോര്‍ത്തു ഞങ്ങളു വണ്ടി വിട്ടു. കുഞ്ചാക്കോ പുറകിലെ പ്ലാറ്റ്ഫോമിലേയ്ക്കു മറിഞ്ഞു.
നല്ല കുളിര്, വണ്ടിയുടെ കുലുക്കം. ഞാനുറങ്ങിപ്പോയി. എപ്പോഴോ കണ്ണു തുറക്കുമ്പം മണി മൂന്നര. എത്തിയത് ഒരു ടൌണിലാണെന്നും അതു മാനന്തവാടിയാണെന്നും അല്പാല്പം മനസ്സിലായി വന്നു. അവിടെ ആ സമയത്ത് ഒരു തട്ടുകടയുണ്ടായിരുന്നു. നല്ല ചൂടന്‍ ചായ ഓരോന്നു ഉള്ളില്‍ ചെന്നപ്പോള്‍ കിലുകിലാ വിറയലിന് ചെറിയൊരു ബ്രേക്ക് കിട്ടി.
ടൂര്‍ പ്രോഗ്രാം അനുസരിച്ച് ഞങ്ങള്‍ തിരുനെല്ലിയ്ക്കാണ് പോകേണ്ടത്. അതിനെക്കുറിച്ച് തട്ടുകടക്കാരനുമായി ഡിസ്കസ് ചെയ്തപ്പോള്‍ അയാളൊരു ചിരി ചിരിച്ചു.
“മക്കളെ ഈ സമയത്തു പോയാല്‍ ചെലപ്പോ വീട്ടുകാരു തിരുനെല്ലിയ്ക്കു പോകേണ്ടി വരും, ബലിയിടാന്‍ ! വഴി മുഴുവനും ആനയും പുലിയുമാ!”
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായ വിവാഹകര്‍മ്മം കഴിയാത്തവരാണ് എല്ലാവരുമെന്നതിനാല്‍ ഭാഗ്യപരീക്ഷണം തല്‍ക്കാലം വേണ്ടെന്നു വച്ചു. നേരം പുലരാന്‍ മൂന്നുമണിക്കൂറെങ്കിലും ഉണ്ട്. അതു വരെ ഈ തണുപ്പത്ത് ഇവിടെ കുത്തിയിരിയ്ക്കേണ്ടി വരുമോ?
അപ്പോഴാണ് സോജന്റെ മണ്ടയില്‍ സൂര്യനുദിച്ചത്: കല്പറ്റയ്ക്ക് പോകാം!
അവിടെ അവന്റെ ഏതോ ഒരു സുഹൃത്തിന്റെ വീടുണ്ട്. വീടാകുമ്പോള്‍ ഒന്നു കുളിയ്ക്കാം, ചായ കുടിയ്ക്കാം, ബ്രേക്ക്ഫാസ്റ്റ് കഴിയ്ക്കാം, വേണമെങ്കില്‍ ഒന്നു നടുനിവര്‍ക്കുകയും ആവാം. അതു തന്നെ നല്ലത്.
വണ്ടി വിട് കല്പറ്റയ്ക്ക്.
വീണ്ടും യാത്ര, കുളിര്, കുലുക്കം, ഉറക്കം തൂങ്ങല്‍ .
സോജന്റെ വിളികേട്ട് കണ്ണു തുറന്നു. നേരം കഷ്ടിച്ച് പുലരുന്നതേയുള്ളു. ഒരു കുന്നിന്‍ ചരുവിലാണ്. എങ്ങും തേയില ചെടികള്‍ . സിനിമയില്‍ കാമുകികാമുകന്മാര്‍ ഓടിനടന്നു ഡാന്‍സ് കളിയ്ക്കുന്ന മാതിരിയുള്ള ലൊക്കേഷന്‍ . ചുളു ചുളാ വീശുന്ന കാറ്റ്. മുഖത്തു സ്പര്‍ശിച്ചു പോകുന്ന മഞ്ഞ് . ഹാ..അതൊരനുഭവം തന്നെയാണേ!
അല്പം നടന്നപ്പോള്‍ ഒരു കൊച്ചു വീടിന്റെ മുറ്റത്തെത്തി. സോജന്‍ കുറേ തട്ടുകയും മുട്ടുകയും വിളിയ്ക്കുകയുമൊക്കെ ചെയ്തു. കുറേ നേരത്തെ അധ്വാനത്തിനു ശേഷം ആ വാതില്‍ തുറന്നു. മേലാകെ പുതച്ച് ഇറങ്ങി വന്ന രൂപം, എട്ടുപേര്‍ നിരന്നു നില്‍ക്കുന്നതു കണ്ട് അന്തം വിട്ട് കണ്ണുതള്ളി. ഒരു നിമിഷം കൊണ്ട് കക്ഷിയുടെ കുളിരുമാറിയെന്ന് മുഖം കണ്ടാലറിയാം.
സോജന്‍ പേര്‍ ചൊല്ലി വിളിച്ച് പരിചയം പുതുക്കി.
അല്പസമയത്തിനു ശേഷം ഞങ്ങളെല്ലാം വീട്ടിനകത്തേയ്ക്ക് ആനയിയ്ക്കപ്പെട്ടു. മണ്ണു തേച്ച മുറിയിലെ ഒരു കട്ടില്‍ , ചാണകം മെഴുകിയ തറയില്‍ വിരിച്ച പുല്പായ എന്നിവയില്‍ എട്ടുപേരും സൌകര്യം പോലെ സ്വയം നിക്ഷേപിച്ചു. കുറച്ചു സമയത്തിനുശേഷം ആവിപറക്കുന്ന കട്ടന്‍ കാപ്പി കിട്ടി. വിശാലമായ പറമ്പ് കക്കൂസിന്റെ ആവശ്യകതയെ ഇല്ലാതാക്കി. കുളിയെക്കുറിച്ചുള്ള വിദൂരചിന്ത പോലും ആര്‍ക്കും ഉണ്ടായില്ല. താടിയെല്ലിന്റെ അതിവേഗ കൂട്ടിമുട്ടല്‍ നിര്‍ത്തിയ്ക്കാന്‍ കൈയിലുള്ള തോര്‍ത്ത് കൊണ്ട് താടി കൂട്ടി വട്ടത്തില്‍ കെട്ടി.
അപ്പോഴാണ് സോജന്‍ പറഞ്ഞത്, നമുക്ക് പൂക്കോട്ട് തടാകം കാണാന്‍ പോകാം!
ഞാന്‍ ധാരാളം കേട്ടിട്ടുണ്ട് ഈ തടാകത്തെപ്പറ്റി. അതുകൊണ്ടു തന്നെ ആ നിര്‍ദേശം ഇഷ്ടപ്പെട്ടു. ഇവിടെ നിന്നും അടുത്താണത്രേ. ഈ വീട്ടിലെ ആള്‍ , അതായത് സോജന്റെ ചങ്ങാതി കൂട്ടു വരാമെന്നു സമ്മതിച്ചു. കക്ഷിയ്ക്ക് പൂക്കോട്ട് തടാകം നല്ല പരിചയമുണ്ടത്രേ. എല്ലാവരും ഹാപ്പിയായി. ഒരാള്‍ ഗൈഡായിട്ടുണ്ടെങ്കില്‍ യാത്രയ്ക്കൊരു രസമുണ്ട്.
അങ്ങനെ ആ കൊച്ചുവെളുപ്പാന്‍ കാലത്ത് ഞങ്ങള്‍ പുറപ്പെട്ടു. ഇതേവരെ ജീപ്പിന്റെ മുന്‍വശത്ത് സൈഡു സീറ്റില്‍ ഗമയിലിരുന്ന ഞാന്‍ പുറകിലേയ്ക്ക് തള്ളപ്പെട്ടു. എന്റെ സ്ഥാനത്ത് വിശിഷ്ടാഥിതി “ഗൈഡ്“ അപ്പോയിന്റ് ചെയ്യപ്പെട്ടു. ചെറിയ മുറുമുറുപ്പോടെയെങ്കിലും ഞാനംഗീകരിയ്ക്കാന്‍ നിര്‍ബന്ധിതനായി. ഗൈഡിനെ പിണക്കരുതല്ലോ!ഗൈഡ് പല വീരകഥകളും പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക് ജീപ്പ് നിര്‍ത്തി വയറു നിറയെ അപ്പവും മുട്ടക്കറിയും മേടിച്ചു കൊടുത്തു.
യാത്ര തുടരുകയാണ്. രണ്ടു മണിക്കൂര്‍ യാത്രയ്ക്കു ശേഷം വഴിയരുകില്‍ ഒരു ബോര്‍ഡ് കണ്ടു. “പൂക്കോട്”. സൈഡിലേയ്ക്കൊരു വഴിയും. ഗൈഡ് പറഞ്ഞു:
“അങ്ങോട്ട് വിട്! “
വണ്ടി തിരിഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ മനസ്സിലായി വണ്ടി ഒരു കുന്നു കയറുകയാണ്. സൈഡിലൊക്കെ വേലി കെട്ടി തിരിച്ചിരിയ്ക്കുന്നു. അവിടെ ധാരാളം ഓറഞ്ച് മരങ്ങള്‍ , നിറയെ ഓറഞ്ചും.
“അല്ലാ വണ്ടി കുന്നിലേയ്ക്കാണല്ലോ? തടാകം കുന്നിന്മേലാണോ?” ഞാന്‍ ചോദിച്ചു.
“ആണല്ലോ! അതല്ലേ ഇതിന്റെ പ്രത്യേകത. കുന്നിന്മുകളിലുള്ള ഒരേ ഒരു തടാകമാണിത്.”
ഗൈഡ് കഴുത്തു തിരിച്ച് എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു.
സത്യത്തില്‍ വലിയ ആവേശം തോന്നി. കുന്നിന്‍ മുകളിലെ തടാകം എന്തായാലും അത്യുഗ്രന്‍ കാഴ്ച ആയിരിയ്ക്കും. ഞങ്ങളെല്ലാം ഹാപ്പി, കെട്ടുവിട്ട കുഞ്ചാക്കോ വരെ.
കുലുങ്ങി കുലുങ്ങി വണ്ടി കയറിക്കൊണ്ടിരുന്നു. എങ്കിലും ഈ ഭൂപ്രകൃതി കണ്ടിട്ട് എനിയ്ക്കങ്ങോട്ടു വിശ്വാസം വരുന്നില്ല, ഇതിന്റെ മുകളില്‍ ഒരു തടാകമുണ്ടെന്ന്! പക്ഷേ ഗൈഡ് ഉറപ്പിച്ചു പറയുന്നതു കൊണ്ട് വിശ്വസിക്കാതിരിയ്ക്കുന്നതെങ്ങനെ?
അല്പം കൂടി കയറി കഴിഞ്ഞപ്പോള്‍ ഒരു നിരപ്പിലെത്തി. അവിടെ, വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല, വലിയൊരു ചുറ്റുമതില്‍ !ഉള്ളില്‍ ചില കെട്ടിടങ്ങള്‍ . ആകെപ്പാടെ എന്തൊക്കെയോ ഉണ്ടവിടെ.
“ഞാന്‍ പറഞ്ഞില്ലേ..ഇവിടെയാണ് തടാകം.” ഗൈഡ് ഗാംഭീര്യത്തോടെ പറഞ്ഞു. അവിടെ കണ്ട ഒരു ഗേറ്റിനു മുന്‍പില്‍ ജീപ്പു നിര്‍ത്തി ഞങ്ങളിറങ്ങി.
നോക്കുമ്പോള്‍ ഉള്ളില്‍ കുറെ സുന്ദരിക്കിളികള്‍ ഷട്ടില്‍ കളിയ്ക്കുന്നു! ഒന്നും ചിന്തിച്ചില്ല, എല്ലിന്‍ കഷണം കണ്ട ശ്വാനന്മാരെപ്പോലെ ഞങ്ങള്‍ ഗേറ്റു ഓടിക്കടന്നു. താഴോട്ടുള്ള പടികള്‍ ചാടിയിറങ്ങി.
കാട്ടുമാക്കാന്മാരെപ്പോലെയുള്ള (മുടിയാകെ ചപ്രശയാണല്ലോ), കുളിയ്ക്കുക പോലും ചെയ്യാത്ത ഞങ്ങളെ കണ്ട കിളികള്‍ ഉച്ചത്തില്‍ ചിലച്ചു. പെട്ടെന്നതാ യൂണിഫോം ധരിച്ച അഞ്ചെട്ട് കൂറ്റന്മാര്‍ പാഞ്ഞു വരുന്നു! ഒന്നും മനസ്സിലായില്ല.
“ആരെടാ അത്? എന്താടാ കാര്യം?” കൂറ്റന്മാര്‍ മുക്രയിട്ടു.
ബ്രേക്കിട്ടപോലെ ഞങ്ങള്‍ നിന്നു. കൂറ്റന്മാര്‍ ഞങ്ങളെ വലയം ചെയ്തു. അതോടെ സകല റൊമാന്‍സും ആവിയായി. “അല്ലാ ഇതല്ലേ പൂക്കോട്ട് തടാകം?“ ഞാന്‍ വിറച്ചു കൊണ്ട് (സത്യമായിട്ടും കുളിരുകൊണ്ടാണേ) ചോദിച്ചു.
“പൂക്കോട്ട് തടാകമോ? ആരുടെ പൂക്കോട്ട് തടാകം? നിങ്ങളെവിടുന്നാ വരുന്നെ?”
“കണ്ണൂര്‍ ആലക്കോട്ട് നിന്ന്..”
“ഇവിടെയാ പൂക്കോട്ട് തടാകമെന്ന് നിങ്ങളോടാരാ പറഞ്ഞെ?”
“ദോ..ദാണ്ടെ ആ ചങ്ങായി”. വെള്ളത്തില്‍ മുക്കിയ പൊരുന്നക്കോഴിയെപ്പോലെ നില്‍ക്കുന്ന ഗൈഡിനെ ചൂണ്ടി ഞാന്‍ പറഞ്ഞു.
ഞങ്ങളുടെ സ്ഥിതി കണ്ട് അവന്മാര്‍ തണുത്തെന്നു തോന്നുന്നു.
“ഹ..ഹ.. പൊന്നു സുഹൃത്തുക്കളെ, ഇതു പ്രൈവറ്റ് റിസോര്‍ട്ടാണ്.”
“അല്ല ചേട്ടാ, ഞങ്ങള്‍ക്കിതൊക്കെ ഒന്നു കാണാന്‍ പറ്റ്വോ?” ഞാന്‍ ചൊദിച്ചു.
“ഇല്ലല്ലോ. ഇവിടെ മെംബര്‍മാര്‍ക്ക് മാത്രമേ പ്രവേശനമുള്ളു.“
“ഞങ്ങളോരോ മെംബര്‍ഷിപ്പ് എടുക്കാം.”
“മെംബര്‍ഷിപ്പിന് ഒരു ലക്ഷം രൂപയാണ് ”
അന്ന് ഒരേക്കര്‍ നല്ല റബര്‍ തോട്ടത്തിന് ഒരു ലക്ഷം തികച്ചും വേണ്ട.
“ശരി, നിങ്ങളിവിടെ നില്‍ക്കണ്ട, വേഗം പൊയ്ക്കോ. ആരെങ്കിലും കമ്പ്ലൈന്റ് ചെയ്താല്‍ കുഴപ്പമാകും”.
വീണ്ടും ജീപ്പ് സ്റ്റാര്‍ട്ടായി. ഞാന്‍ മുന്‍സീറ്റില്‍ പഴയ ഗമയോടെ. ഗൈഡിനെ പുറകില്‍ ഒരു മൂലയില്‍ തിരുകി വച്ചു. സോജന്റെ വിലക്കുകളും അപേക്ഷകളും തള്ളിക്കൊണ്ട്, രാവിലെ ചെയ്തു തന്ന ഉപകാരങ്ങളെ മന:പൂര്‍വം മറന്നുകൊണ്ട്, സാമാന്യം നല്ല “നിഘണ്ടുരഹിത പദാഭിഷേകം“ കുഞ്ചാക്കോയുടെ വകയായും സഹായത്തിന് എന്റെ വകയായും ഉണ്ടായിട്ടും, ഗൈഡ് കമാന്നൊരക്ഷരം മിണ്ടിയില്ല.
വാല്‍ക്കഷണം: പിന്നെ ഞങ്ങള്‍ വഴി ചോദിച്ച് സാക്ഷാല്‍ പൂക്കോട്ട് തടാകം കണ്ടു. അവിടെ വച്ച് ഗൈഡ് വഴിപിരിഞ്ഞു, ആരോടും ഒന്നും മിണ്ടാതെ. അയാള്‍ പോയശേഷമാണ് സോജന്റെ വക കലശാഭിഷേകം ഉണ്ടായത്. ഇന്നോര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു. അയാളോട് അങ്ങനെയൊന്നും പറയരുതായിരുന്നു.
വയനാടന്‍ കാലാവസ്ഥയും,യാത്രയും ഓര്‍മ്മിപ്പിച്ചതിനു നന്ദി,ബിജു
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteകൃഷ്ണകുമാര്‍ , നോനുസ് : അഭിപ്രായങ്ങള്‍ക്ക് നന്ദി
ReplyDeleteകൊള്ളാം... നന്നായിട്ടുണ്ട്....
ReplyDeleteദുഷ്ടന്‍മാര്‍......പാവം അതിയാന് വല്ല കാര്യവുമുണ്ടായിരുന്നോ വഴിയില്‍ കിടന്ന പാമ്പുകളെ എടുത്തു ---------ല്‍ വയ്കാന്‍.തിരുനെല്ലി എനിക്കേറെ പ്രീയപ്പെട്ട സ്ഥലം. മിക്കവാറും എല്ലാവര്‍ഷവും അവിടെ ഒന്ന് പോവും......സസ്നേഹം
ReplyDelete@ നൌഷു: വളരെ നന്ദി വന്നതിനും മിണ്ടിയതിനും.
ReplyDelete@ യാത്രികന്‍: അതിയാന്‍ അറിയാന്‍ വയ്യാത്ത കാര്യം ഏറ്റതാണു കുഴപ്പമായത്. സാക്ഷാല്‍ പൂക്കോട് അവിടെ നിന്നും കുറെ അകലെയാണ്. അതു മലമുകളിലൊന്നുമല്ല.
വയനാട് തീര്‍ച്ചയായും കണ്ടിരിയ്ക്കേണ്ട സ്ഥലമാണ്. വളരെ നന്ദി.
എനിക്കും യാത്ര ചെയ്യാൻ തോന്നുന്നു.
ReplyDeleteഹാ…ഹാാ.… തണുക്കുന്നു
പല്ലുകളിൽ തെറിനിറയുന്നു
വയറ്റിൽ മദ്ദ്യവും.
എന്റെയല്ല ട്ടോ…..
ജീപ്പ് മലയും മഞ്ഞും താണ്ടുന്നു.
ആ 'ഗൈഡിനെ' രാഷ്ട്രീയത്തില്‍ ഇറക്കിയാല്‍ തിളങ്ങും.കട്ടായം
ReplyDeleteവഴി കാട്ടി തരുന്നവനെ ഇങ്ങനെ തന്നെ ചെയ്യണം :) ഏതായാലും കുറെ തരുണികളെ കാണാന്‍ പറ്റിയില്ലേ പിന്നെന്തു തടാകം അല്ലെ
ReplyDelete@സാദിക്ക്: അന്ന് രാവിലെ വെറും അപ്പവും കറിയും മാത്രമേ കഴിച്ചിട്ടുള്ളു സാറെ..
ReplyDelete@ ഇസ്മായില്‍ : തീര്‍ച്ചയായും. ഇന്ന് പല നേതാക്കളും ഇത്തരം “ഗൈഡു”കളാ..
@ ഒഴാക്കന്‍ : ഓ.. തരുണികളെയൊന്നും നേരാം വണ്ണം കാണാന്‍ പറ്റിയില്ല. എല്ലാം ആ ക്കൂറ്റന്മാര്‍ വന്ന് കൊളമാക്കിയില്ലേ...
:)
ReplyDeleteഒരു 'ബാച്ചില' റുടെ അനുഭവങ്ങള്‍ പതിവ് പോലെ തികച്ചും രസകരമായി തോന്നി . പ്രത്യേകിച്ച് ' തിരുനെല്ലിക്ക് ഇപ്പോള്‍ പോയാല്‍ വീട്ടുകാര്‍ അങ്ങോട്ട് പോകേണ്ടി വരുമെന്നത് !. തടാകം കാണണമെന്ന് പറഞ്ഞിട്ട് "സുന്ദരികിളികളെ " കാണിച്ചു കൊടുത്ത ആ ഗൈഡിനെ പിന്നെ ആരും വിളിച്ചു കാണില്ല എന്ന് തോന്നുന്നു !.
ReplyDeleteഅഭിനന്ദനങ്ങള്‍
നന്നായിരിക്കുന്നു യാത്രാവിവരണം .കുറച്ചു നേരത്തേയ്ക്ക് ചെറുപ്പം തിരിച്ചുകിട്ടിയതുപോലെ.
ReplyDeleteആശംസകള്‍...
ReplyDeleteആലക്കോട്ട് രാജകുമാരന്റെ sreekandapuram സന്ദർശനം അലങ്കോലപ്പെട്ടതിൽ ഖേദമുണ്ട് .........
ReplyDeleteഅക്ബര്‍, മിനി നമ്പൂതിരി,അബ്ദുള്‍ ഖാദര്‍, ജിഷാദ്, സുഗന്ധി: അഭിപ്രായങ്ങള്‍ക്ക് നന്ദി.
ReplyDeleteഈ സുഗന്ധി നമ്മുടെ നാട്ടാരി ആണെന്നു തോന്നുണല്ലൊ? ശ്രീകണ്ഠാപുരവാസിയാണോ?
വിളിച്ചു വരുത്തിയിട്ട് ഊണില്ലയെന്ന് പറഞ്ഞതുപോലെയായി, പൂക്കോട്ട് തടാകത്തെപ്പറ്റിയൊന്നും പറഞ്ഞില്ല. അതോ കണ്ടില്ലയോ ?
ReplyDeleteഅതെ.ഒപ്പം ആലക്കോടിന്റേയും രയരോം പുഴയുടേയും കൂട്ടുകാരി.
ReplyDelete@കലാവല്ലഭന്‍ : വാല്‍ക്കഷണം കണ്ടില്ലയോ സാര്‍...:-) പൂക്കോട്ട് കണ്ടു. ആസ്വദിച്ചു. എന്നാലും മലമുകളിലെ “തടാക”മായിരുന്നു ജോര്‍
ReplyDelete@സുഗന്ധി : ഹാ..ഇങ്ങനെ കളിപ്പിയ്ക്കാതെ നേരെ പറ..ആരാ..?(മെയിലയച്ചാലും മതി). ഇങ്ങനെയൊരു കൂട്ടുകാരിയുണ്ടെങ്കില്‍ പരിചയപ്പെടണമല്ലോ!
Good one
ReplyDeleteNice one Biju. വളരെ നന്നായി എഴുതിയിരിക്കുന്നു ബിജു. ഞാന്‍ ആലക്കൊടുകാരന്‍ ആണേ ......
ReplyDeleteHa ha rajeshettanum ethiyo
ReplyDelete