Ind disable

Sunday 30 May 2010

ഞങ്ങടെ സ്വന്തം ശാസ്ത്രജ്ഞന്‍

രാജാവും കൊട്ടാരവും പരിവാരങ്ങളുമെല്ലാമുള്ള നാട്ടുരാജ്യം ആലക്കോട്ട് അവശ്യം ഉണ്ടായിരിയ്ക്കേണ്ടതായ “അതും“ ഉണ്ടായിരുന്നു. ന്ന്വച്ചാല്‍ ഒരു ശാസ്ത്രജ്ഞന്‍ ! ഇതു കളിയായി പറയുന്നതല്ല. ഒറിജിനല്‍ ശാസ്ത്രജ്ഞന്‍ തന്നെ. തികഞ്ഞ സസ്യാഹാരിയും (കുപ്പി ഉണ്ടെങ്കില്‍ മാത്രം അല്പം ചിക്കന്‍ കഴിക്കും, അതും ദിവസത്തില്‍ ഒരിയ്ക്കല്‍ മാത്രം) കൈത്തറി വസ്ത്രം മാത്രം ധരിയ്ക്കുന്നവനും (അതിട്ടാലല്ലേ ഒരു ബു.ജി.ലുക്കുവരുകയുള്ളു) താടി,മുടി ഇവകള്‍ കൊണ്ട് ആലക്കോട്ടുള്ള ഒരു ബാര്‍ബര്‍ക്കും ഉപകാരമില്ലാത്തവനും  ആജാനുബാഹുവും ആയ ഇദ്ദേഹം ഏതു കാര്യവും മുന്‍‌കൂട്ടികാണാനും ബുദ്ധിപരമായും ശാസ്ത്രീയമായും ഉപയോഗപ്പെടുത്താനും അഗ്രഗണ്യനത്രേ! ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയുള്ള ഇദ്ദേഹത്തിന്റെ ശാസ്ത്രനാമം സുനില്‍ എന്നാകുന്നു. പ്രായം കൊണ്ട് സമനെങ്കിലും ബഹുമാനം കൊണ്ട് സാറെന്ന് ഞാന്‍ പറയും.
പണ്ട് ആലക്കോട്ടേയ്ക്ക് തിരുവിതാംകൂര്‍ അച്ചായന്മാരുടെ കുടിയേറ്റം ഉണ്ടായതോടെ എമ്പാടും റബര്‍ തോട്ടങ്ങള്‍ ഉണ്ടായി വന്നു. ഈ റബറിന്റെയൊരു പ്രത്യേകത എന്നു പറഞ്ഞാല്‍ കിഴക്കു വെള്ളകീറും മുന്‍പു പട്ട കീറിയാലേ (ടാപ്പിംഗ്) പാലു നന്നായി കിട്ടൂ. അതു കൊണ്ടു തന്നെ, അച്ചായന്മാരെല്ലാം(അല്ലാത്തവരും) കോഴികൂകും മുന്‍പ് ഒരിറക്ക് കട്ടന്‍‌കാപ്പിയുമടിച്ച് റബര്‍കൂടയെടുത്ത് എളിയില്‍ തിരുകി, റബര്‍കത്തിയില്‍
കുപ്പിപിഞ്ഞാണത്തിന്റെ ചീളുകൊണ്ട് “കിചും കിചും“ എന്നു രാകി മൂര്‍ച്ചയാക്കികൊണ്ട് റബര്‍ തോട്ടത്തിലേയ്ക്ക് നടക്കും.അന്നൊക്കെ ഇരുട്ടു മാറ്റാന്‍ എവെറെഡിയുടെ മൂന്നുബാറ്ററി ടോര്‍ച്ചാണ് ആശ്രയം. ചില വിരുതന്മാര്‍ മെഴുകുതിരി, മണ്ണെണ്ണ വിളക്ക് മുതലായ പരമ്പരാഗത പ്രകാശസ്രോതസുകളും ഉപയോഗിയ്ക്കും. റബര്‍ തടിയില്‍ കൊള്ളാതെ കൃത്യം പട്ടയില്‍ തന്നെ കത്തിപ്രയൊഗം നടത്താന്‍ വെളിച്ചം അത്യന്താപേക്ഷിതം. ടോര്‍ച്ചും കൈയില്‍ പിടിച്ച് എന്തായാലും ഈ പരിപാടി ഒക്കത്തില്ല. അപ്പോള്‍ പിന്നെ മിക്കവാറും പേര്‍ പതിവായി സ്വന്തം വായ, കഴുത്തിനും തോളിനുമിടയ്ക്കുള്ള പ്രദേശം, കക്ഷപ്രദേശം ഇവ കഴിവും യുക്തിയും സൌകര്യവുമനുസരിച്ച് ടോര്‍ച്ച് പിടിക്കാന്‍ ഉപയോഗിച്ചു പോന്നു. ഇടയ്ക്കിടെ സ്ഥാനം മാറ്റേണ്ടതിനാലും “മേ കോ”ന്നു നിന്നുകൊണ്ടുള്ള ഈ അഭ്യാസം ശരീരത്തിന്റെ പലഭാഗങ്ങളിലും വേദന ഉണ്ടാക്കുന്നതിനാലും ഇവര്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കായി അന്വേഷിച്ചു കൊണ്ടിരുന്നു.(പരമ്പരാഗത മാര്‍ഗം സ്വീകരിയ്ക്കുന്നവര്‍ക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നു.) പലരും കണ്ടെത്തിയ വഴി സ്വന്തം പ്രേയസിയെയും ഈ പരിപാടിയില്‍ (ടോര്‍ച്ച് പിടിക്കാന്‍ )ഉള്‍പ്പെടുത്തുക എന്നതാണ്. എന്നാല്‍ വെളുപ്പാന്‍ കാലത്തെ കുളിരും നക്ഷത്രവെളിച്ചം മാത്രമുള്ള ഇരുട്ടും റബറിലകളില്‍ തട്ടിവരുന്ന ഇളം കാറ്റും എല്ലാം കൂടി ചേര്‍ന്ന് പലര്‍ക്കും ഇത് ടാപ്പിംഗിന് വീണ്ടും കാലതാമസമുണ്ടാക്കാനേ സഹായിച്ചുള്ളൂ.
അങ്ങനെയിരിയ്ക്കേ, ഏതോ ഒരാള്‍  നായാട്ടുകാരന്റെ തലയില്‍ കെട്ടുന്ന ഹെഡ് ലൈറ്റ് കാണാന്‍ ഇടവരുകയും ഒരെണ്ണം മേടിച്ചു കൊണ്ടുവരുകയും ചെയ്തു.നമ്മുടെ സുനില്‍ സാറ് ഈ സാധനത്തിന്റെ വിപണന സാധ്യത മനസ്സിലാക്കി അത് സ്വന്തമായി ഉണ്ടാക്കാനുള്ള “സുന“ സംഘടിപ്പിച്ചു. ആലക്കോട്ടുകാര്‍ ഇരുകൈയും നീട്ടിയാണ് പുള്ളിയുടെ ഹെഡ് ലൈറ്റ് സ്വീകരിച്ചത്. ആകെയൊരു ബുദ്ധിമുട്ടുള്ളത്, കാശിന്മേലുള്ള പേശലാണ്. എല്ലാം പരിചയക്കാര്‍ .വായ് കൊണ്ടു പറഞ്ഞാലും ബില്ലെഴുതിക്കൊടുത്താലും ആലക്കോട്ടുകാര്‍ പേശും. അതിനെ മറികടക്കാന്‍ സുനില്‍ സാറ് കണ്ടെത്തിയ വിദ്യ അത്യന്താധുനികമായിരുന്നു. അന്ന് അപൂര്‍വമായിരുന്ന “കമ്പ്യൂട്ടര്‍ “ എന്ന സാധനം അരലക്ഷത്തിലധികം രൂപ (ഒരേക്കര്‍ സ്ഥലത്തിന്റെ വില)  കൊടുത്ത് കടയില്‍ മേടിച്ചു വച്ചു! ദിനേശ് ബീഡിയും വലിച്ച്  കാലിച്ചായയും കുടിച്ച് , ഹെഡ് ലൈറ്റൊരെണ്ണം മേടിക്കുമ്പം പേശിക്കിട്ടുന്ന കാശിന് പോകുന്ന വഴിയ്ക്ക് പട്ട ഷാപ്പിലൊന്ന് കേറണമെന്നും കരുതി വന്ന ആലക്കോട്ടെ പാവം അച്ചായന്മാരോട് സുനില്‍ സാറ് പറഞ്ഞു;
“ വെയ്റ്റ്. കമ്പ്യൂട്ടറിപ്പം അടിയ്ക്കും..!(ബില്ല്)“
നേരാം വണ്ണം ഒരു കാല്‍കുലേറ്റര്‍ പോലും കണ്ടിട്ടില്ലാത്ത ആ പാവം കണ്ണും തള്ളി നില്‍കുമ്പോള്‍ കിര്‍ കിര്‍ എന്ന ശബ്ദത്തോടെ പ്രിന്റര്‍ ബില്ലൊരെണ്ണം അടിച്ചു പുറത്തോട്ടു തള്ളിത്തരും.രൂപാ അഞ്ഞൂറ്റന്‍പത്!
“അല്ല ഇച്ചിരി കൊറയത്തില്ലേ?”
എന്നാ ചെയ്യാനാ ചേട്ടാ, കമ്പ്യൂട്ടറടിച്ചതു കണ്ടില്ലേ?എനിക്കൊന്നും ചെയ്യാമ്പറ്റത്തില്ല. ” കമ്പ്യൂട്ടറടിച്ചാ പിന്നെ അപ്പീലില്ലെന്ന അറിവില്‍ പാവം, പട്ടച്ചാരായത്തിന്റെ മോഹപ്പക്ഷിയെ അന്തരീക്ഷത്തിലേയ്ക്കെറിഞ്ഞു കളഞ്ഞും കൊണ്ട് പറഞ്ഞ കാശും കൊടുത്ത് സാധനം മേടിച്ച് സ്ഥലം കാലിയാക്കും. പിന്നെ ആകെയൊരാശ്വാസം ബില്ല് കമ്പ്യൂട്ടറിലടിച്ചതാണല്ലോ! വേറെവിടെയുണ്ട് കമ്പ്യൂട്ടറ്?
അങ്ങനെ വിവരസാങ്കേതിക വിദ്യയെ മാര്‍കറ്റിങ്ങില്‍ എങ്ങെനെ ലാഭകരമായി ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം തെളിയിച്ചു. ആലക്കോടിനു പകരം കൊള്ളവുന്ന മറ്റെവിടെയെങ്കിലുമാണെങ്കില്‍ ഉന്നതങ്ങളിലെത്തേണ്ട അപൂര്‍വ പ്രതിഭ!
ഇങ്ങനെയൊക്കെ ആണെങ്കിലും താനൊരു മഹാനാണെന്ന യാതൊരു ജാഡയും പുള്ളിക്കില്ല.(സത്യമായിട്ടും).  ഫൈസല്‍ കോം‌പ്ലക്സിലെ ഏഴാംകൂലികളായ ഞങ്ങളോട് കമ്പനി കൂടുന്ന കാര്യത്തില്‍ യാതൊരു പിശുക്കും കാണിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ ഷോപ്പ് ഫൈസല്‍ കോം‌പ്ലക്സിനോട് ചേര്‍ന്ന് അല്പം മുകളിലാണ്. ഷോപ്പിന്റെ പുറകില്‍ കൂടെയുള്ള സ്റ്റെപ്പ് ഇറങ്ങിയാല്‍ കോം‌പ്ലക്സിലെത്തി. ഇടയ്ക്കിടെ സുനില്‍ സാറ് അങ്ങനെ എത്തും. വരുമ്പോള്‍ ഒരു കെട്ട് കഥകളും കൊണ്ടുവരും. (സോറി ഒന്നും ചോദിച്ചേക്കല്ല്, എഴുതാന്‍ പറ്റത്തില്ല. സൈബര്‍ ക്രൈമാകും)
സുനില്‍ സാറ് പുതുതായി ആലോചിയ്ക്കുന്നത്, പാരമ്പര്യേതര ഊര്‍ജ ഉറവിടങ്ങളെക്കുറിച്ചാണ്. അതായത് പുതിയ ഏതെങ്കിലും വിദ്യയിലൂടെ ഗ്യാസ് ഉണ്ടാക്കുക. ഗ്യാസിനെക്കുറിച്ച് ചിന്തിയ്ക്കാന്‍ കാരണമുണ്ട്, രണ്ടെണ്ണം. ഒന്ന്- ഫൈസല്‍ കോം‌പ്ലക്സില്‍ ഒരു പ്രൈവറ്റ് ഗ്യാസ് ഏജന്‍സിയുള്ളത് അറിയാമല്ലോ! മിക്കവാറും ദിവസങ്ങളില്‍ കുറ്റീം താങ്ങിപ്പിടിച്ച് വരുന്ന പാവങ്ങള്‍ അടച്ചിട്ട ഏജന്‍സിയാണ് കാണുക. ഇത് പലപ്പൊഴും അവിടുത്തെ സമാധാനാന്തരീക്ഷത്തിനു ഭംഗം വരുത്തുമായിരുന്നു.  രണ്ട്- കോം‌പ്ലക്സിലെ ചിക്കന്‍ കടയുടമയും പരോപകാരിയുമായ ജോര്‍ജ് വൈകുന്നേരങ്ങളില്‍ വിഷമാവസ്ഥയിലായിരുന്നു;വെട്ടിക്കൂട്ടിയ കോഴിയുടെ തൂവല്‍. തോല്, പോട്ടി കീട്ടിയെല്ലാം എവിടെ കൊണ്ടു കളയുമെന്നോര്‍ത്ത്.(ഇപ്പോള്‍ അങ്ങനെയൊരു പ്രശ്നമില്ല. അതിനൊക്കെ ആവശ്യക്കാരുണ്ട്).
സുനില്‍ സാറിന്റെ ശാസ്ത്രബുദ്ധി മിന്നി. ഈ രണ്ടുപ്രശ്നത്തിനുമുള്ള പരിഹാരം ഒറ്റപ്പോയന്റില്‍ സാറ് കണ്ടു. ഇക്കണ്ട കോഴി വേസ്റ്റെല്ലാം ഒരു “പ്ലാന്റി“ല്‍ നിക്ഷേപിയ്ക്കുക. ഒരാഴ്ച കഴിഞ്ഞാല്‍ നല്ലൊന്നാന്തരം മീഥേന്‍ ഗ്യാസ് കിട്ടും! സംഗതി വിജയിച്ചാല്‍ ഗ്യാസുമായി, മാലിന്യ സംസ്കരണവുമായി. ആവശ്യം ജോര്‍ജിന്റേതുകൂടിയായതിനാല്‍ പ്രോജക്ടില്‍ പുള്ളിയേയും ഉള്‍പ്പെടുത്തി, കാശിനല്പം വലിവുള്ളതിനാല്‍ “വര്‍ക്കിങ്ങ്” പാര്‍ട്നറായിട്ട്.
പ്രാഥമിക പരീക്ഷണത്തിനായി പ്ലാന്റ് തയ്യാറാക്കണം. വലിയൊരു വീപ്പ സംഘടിപ്പിച്ചു. വേസ്റ്റ് ഇടാന്‍ ഒരു വലിയ ദ്വാരം. ഗ്യാസ് എടുക്കാന്‍ പുറത്തേയ്ക്ക് " L" ഷേപ്പുള്ള ഇരുമ്പ് പൈപ്പ്. ഇത്രയുമായപ്പോള്‍ പ്ലാന്റ് റെഡി. നല്ല പെയിന്റൊക്കെ അടിച്ച് സിമ്പ്ലനാക്കി പ്ലാന്റ് കോഴിക്കടയുടെ അടുത്ത് തന്നെ സ്ഥാപിച്ചു.(മൊത്തം മാന്‍ പവറ് വര്‍ക്കിങ്ങ് പാര്‍ട്നറുടെ വക). അതായത് നമ്മുടെ മാത്തഞ്ചേട്ടന്റെ കടയുടെ മുന്‍‌പില്‍ തന്നെ.
അങ്ങനെ ഞങ്ങളെയെല്ലാം സാക്ഷിയാക്കി പ്ലാന്റില്‍ “ഇന്ധനം“ നിറച്ചു. ദ്വാരങ്ങളെല്ലാം അടച്ച് സീല്‍ ചെയ്തു. പൈപ്പ് അതിന്റെ താഴെയുള്ള ഒരു ടാപ്പ് പൂട്ടി അടച്ചു. ഇനി ഒരാഴ്ച കഴിഞ്ഞ് ടാപ്പ് തുറന്നാല്‍ ഗ്യാസ് റെഡി.
 ഞങ്ങളെല്ലാം ദിവസമെണ്ണികാത്തിരുന്നു. സുനില്‍ സാറും ജോര്‍ജും ഇടക്കിടെ വന്ന് പ്ലാന്റ്  പിടിച്ചു കുലുക്കിയിട്ടു പോകും. മിക്സിങ്ങ് കറക്ടാകാനാണത്രേ (ആ.!നമുക്കെന്നാ കോപ്പറിയാം?).
തൊടാന്‍ പേടിച്ച് ഞാന്‍ ഇടയ്ക്കൊക്കെ അതിന്റെ അടുത്തെത്തി ശ്രദ്ധിച്ചു നോക്കും. നമ്മളിനി കേറി വല്ലടത്തും തൊട്ടിട്ട് പൊട്ടിത്തെറിയ്ക്കുകയോ മറ്റൊ ചെയ്താലോ! അതുകൊണ്ട് സുമാര്‍ മൂന്നടി മാറിയേ ഞാന്‍ നില്‍ക്കൂ. അകത്തുനിന്ന് എതാണ്ട് ഇരമ്പലൊക്കെ കേള്‍ക്കാം, ഗ്യാസ് ട്രബിളുള്ളവന്‍ കടല തിന്ന മാതിരി. ഗ്യാസ് ഉണ്ടാകുന്നതാണ്.
ഒരാഴ്ച തികഞ്ഞു! പ്ലാന്റ് ട്രയല്‍ റണ്‍ നടത്തുന്നതിന്നാണ്. മിക്കവാറും ആലക്കോടിന്നു കിടുങ്ങും. ചെറിയ കാര്യമാണോ? അവനനനു വേണ്ട ഗ്യാസ് സ്വന്തമായി ഉല്പാദിപ്പിയ്ക്കാം. വെറുതെ കുറ്റിയും ചുമന്ന് കണ്ട ഏജന്‍സിക്കാരന്റെ തിണ്ണ നിരങ്ങണ്ട.കണ്ടോ ആള്‍ക്കാര്‍ ക്യൂ നിന്നു പ്ലാന്റിന് ഓര്‍ഡര്‍ ചെയ്യും.
രാവിലെ ഏതാണ്ടു പത്തുമണിയോടെ സുനില്‍ സാറ് പുതിയ കൈത്തറി ഷര്‍ട്ടുമിട്ട് (ഇസ്തിരിയിടാത്തത്-ബു.ജി.) നല്ല പ്ലെസന്റ് ലുക്കില്‍ വന്നു. ജോര്‍ജ്ജും കൂടി. കുറച്ചങ്ങു മാറി ഞങ്ങള്‍ ഏഴാംകൂലികളും. (ആര്‍ക്കും അത്ര അടുക്കാനുള്ള ധൈര്യമില്ലായിരുന്നു എന്നതും സത്യം.) ഇനിയിപ്പോ പ്ലാന്റ് തുറക്കാം. വെറുതെ തുറന്നാല്‍ ഗ്യാസിന്റെ പ്രെഷര്‍ അറിയാന്‍ പറ്റില്ല. നല്ല പ്രൊഡക്ഷനുണ്ടെങ്കില്‍ നല്ല പ്രഷറുമുണ്ടാകും. അത് ചെക്കു ചെയ്യാന്‍ പറ്റിയ ഉപകരണമൊന്നും തല്‍ക്കാലം കൈയിലില്ല. ശാസ്ത്രബുദ്ധിയ്ക്കാണോ ഐഡിയയ്ക്കു പഞ്ഞം. ഒറ്റ ബലൂണ്‍ കിട്ടിയാല്‍ പോരേ? നിര്‍ഭാഗ്യവശാല്‍ ഒരു കടയിലും വലിയ ബലൂണൊന്നും ഇല്ലായിരുന്നു, ഒക്കെ പീക്കിരി ടൈപ്പുമാത്രം. പക്ഷേ അതിലും സൂപ്പര്‍ സാധനം അതാ ഷെല്‍ഫിലിരിയ്ക്കുന്നു. നിരോധ് ! ഒരെണ്ണം മേടിച്ചു. നല്ല വലിപ്പവുമുണ്ട്, ബലവും കിട്ടും.നിരോധ് നന്നായി വീര്‍പ്പിച്ച് ഓട്ടയൊന്നുമില്ലന്ന് ഉറപ്പുവരുത്തി. (വിവരമില്ലാത്ത ചിലവന്മാര്‍ ഒരു മാതിരി ചിരി ചിരിച്ചു, ആസാക്കുന്ന മാതിരി!) ബലം പരിശോധിച്ച “മര്‍ദ്ദ പരിശോധനാ യന്ത്രം“ അഥവാ നിരോധ് കാല്‍ ഭാഗം പൈപ്പിലേയ്ക്ക് കയറ്റിയിട്ടു. തോമസ് ആല്‍‌വാ എഡിസനെയും അബ്ദുള്‍ കലാമിനെയും മനസ്സില്‍ ധ്യാനിച്ച്  ടാപ്പ് പതിയെ തുറന്നു. പണ്ടാരടങ്ങാനായിട്ട് എത്ര പിടിച്ചിട്ടും ടാപ്പ് അനങ്ങുന്നില്ല. അവസാനം രണ്ടും കൈയും കൊണ്ട് നല്ല ബലത്തില്‍ ടാപ്പങ്ങു തുറന്നു. പ്രയോഗിയ്ക്കേണ്ട ഫോഴ്സിന്റെ കാല്‍കുലേഷന്‍ തെറ്റിയിട്ടോ എന്തോ ടാപ്പ് മുഴുവനങ്ങു തുറന്നു പോയി!
 നിരോധ് “ഭും” എന്നും പറഞ്ഞങ്ങു വീര്‍ക്കുന്നതും കണ്ടു; സ്കഡ് മിസൈല്‍ പോലെ സുനില്‍ സാറിന്റെ മുഖത്തേയ്ക്ക് പാഞ്ഞു ചെല്ലുന്നതും കണ്ടു. പിക്കറ്റിങ്ങിനിടെ ടിയര്‍ ഗ്യാസ് പൊട്ടിയ പോലൊരു സിറ്റ്വേഷനായിരുന്നു പിന്നെ. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത പത്ത് കക്കൂസ് ടാങ്ക് ഒന്നിച്ചു പൊട്ടിയാലെന്ന മാതിരിയുള്ള ഒരു സവിശേഷ ഗന്ധം അവിടാകെ പരന്നു. ഒറ്റച്ചാട്ടത്തിന് ഞങ്ങളൊക്കെ ഓടി റോഡില്‍ ചാടി. സുനില്‍ സാറ് എങ്ങോട്ട് പോയെന്ന് ഓട്ടത്തിനിടെ കാണാനും പറ്റിയില്ല. മാത്തപ്പന്‍ ചേട്ടന് പലവിധ കാരണങ്ങളാല്‍ അത്ര പെട്ടെന്നോടി രക്ഷപെടാനായില്ല. അതുകൊണ്ട് ആ ഗന്ധം മൂക്കില്‍ കൂടി കയറി കുടല്‍മാല വരെ ഇളക്കി കളഞ്ഞു!
 ഏതാണ്ട് അരമണിക്കൂര്‍ കൊണ്ട് ഒരു വിധം അന്തരീക്ഷം നോര്‍മലാകുകയും ഓടിയവരെല്ലാം തിരികെ എത്തുകയും ചെയ്തു. പക്ഷേ പ്ലാന്റിന്റെ ഗന്ധത്തെയും വെല്ലുന്ന അസംസ്കൃത പദങ്ങള്‍ മാത്തപ്പന്‍ ചേട്ടന്റെ വക അന്തരീക്ഷത്തില്‍ തത്തിക്കളിയ്ക്കുന്നുണ്ടായിരുന്നു..
ഏതാണ്ട് രണ്ടു ചന്ദ്രമാസങ്ങള്‍ കഴിയേണ്ടി വന്നു സുനില്‍ സാറ് വീണ്ടും ഫൈസല്‍ കോം‌പ്ലക്സില്‍ കാലുകുത്താന്‍ .
വാല്‍ക്കഷണം: എനിയ്ക്ക് ഇദ്ദേഹത്തോട് അദ്ദേഹമറിയാത്ത ഒരു കടപ്പാടുണ്ട്. ഞാനാദ്യമായി ഒരു കമ്പ്യൂട്ടര്‍ സ്പര്‍ശിയ്ക്കുന്നത് ഇദ്ദേഹത്തിന്റെ ഷോപ്പില്‍ നിന്നാണ്. വളരെ ആത്മാര്‍ത്ഥമായി അദ്ദേഹം, എന്റെ ജോലിയ്ക്ക് അതുകൊണ്ടുള്ള പ്രയോജനങ്ങള്‍പറഞ്ഞു തന്നു. അങ്ങനെയാണ് ഞാനൊരു കമ്പ്യൂട്ടര്‍ ലോണെടുത്ത് മേടിച്ചത്. ലോണടയ്ക്കാന്‍ പറ്റിയില്ലെങ്കിലും കമ്പ്യൂട്ടര്‍ പഠിച്ചു, ഗള്‍ഫില്‍ ജോലിയും കിട്ടി, ഇന്നദ്ദേഹത്തെ പറ്റി കഥ(വാസ്തവം)യും എഴുതി. ഗുരോ അവിടുത്തേയ്ക്കെന്റെ പ്രണാമം.

(ഇഷ്ടപ്പെട്ടെങ്കില്‍ ഒരു വോട്ട് കുത്തിയേക്ക്!)

Saturday 29 May 2010

പാറശ്ശാല തങ്കണ്ണന്‍

ആലക്കോട്ടെ രാജവംശം തിരുവിതാംകൂറില്‍ നിന്നും തിരുകുടിയേറ്റം നടത്തിയതാകുന്നു. അന്നിവിടം ചുറ്റും മലകളാലും കാടിനാലും അലങ്കരിക്കപ്പെട്ട വെറും ഇസ്പേഡാഴാംകൂലി ഗ്രാമം. ഒരു ടാറിടാത്ത പെരുവഴീം നാലു കടകളും രണ്ടു ചായക്കടേം. കഴിഞ്ഞു ആലക്കോട്.
അന്നാലക്കോട്ടെ മുഖ്യാകര്‍ഷണം രാജപ്പന്റെ ചായക്കടയിലെ “ഉണ്ടക്ക”(ബോണ്ട -ഉണ്ടന്‍‌പൊരി എന്നൊക്കെ പറയുന്ന അതേ സാധനം)യും “അമ്മാവന്റെ” ഹോട്ടലിലെ ബീഫും പൊറോട്ടയും പിന്നെ പേരില്ലാത്ത പട്ട ഷാപ്പും ആയിരുന്നു. പിന്നെ പിന്നെ തിരുവിതാംകൂറില്‍ നിന്നും തടിമിടുക്കും ചങ്കൊറപ്പുമുള്ള നല്ല അച്ചായന്മാര്‍ കുറ്റീം പറിച്ച് പെണ്ണും പെടക്കോഴീം നാടന്‍ തൂമ്പായും കാച്ചിയ വാക്കത്തിയുമൊക്കെയായി ഇവിടേയ്ക്ക് കുടിയേറി. അങ്ങനെയിവിടം പുരോഗമിച്ച് പുരോഗമിച്ച് ഇന്നത്തെ ആലക്കോടായി. രാജാവുള്ളപ്പോള്‍ പരിവാരവും വേണമല്ലോ? അങ്ങനെ തെക്ക് പാറശാ‍ലയില്‍ നിന്നും പകുതി അണ്ണാച്ചി പകുതി മലയാളി സൈസിലുള്ള കുറെ പേരും വന്നു. അവരങ്ങിനെ രാജാവിനെ സേവിച്ചുംകൊണ്ട് പല പല വേലകളിലേര്‍പ്പെട്ടു ജീവിച്ചു. പിന്നെ പിന്നെ പലരും സ്വന്തം വേലകള്‍ തേടി പ്പോയി. ഡ്രൈവര്‍ ,കല്‍പ്പണിക്കാര്‍ , ആശാരിമാര്‍ , കൂലിപ്പണിക്കാര്‍ അങ്ങനെയങ്ങനെ. അച്ചായന്മാര്‍ “എന്നതാടാ കൂവേ “ എന്നു ചൊദിച്ചപ്പോള്‍ പാറശാലക്കാര്‍ “എന്തരണ്ണാ “ എന്നു തിരിച്ചുപറഞ്ഞു. ഇതിനിടയില്‍ “വന്നിനി, പോയിനി, നിന്നിനി” എന്നൊക്കെ പറഞ്ഞ് കുറെ അസ്സല്‍ മലബാറുകാരും ജീവിച്ചുവന്നു.
പാറശാല തങ്കന്‍ എന്ന തങ്കണ്ണന്‍ അത്യാവശ്യം മോശമില്ലാത്ത ഒരാശാരി ആണ്. വല്യ നിലയിലൊന്നുമായില്ലെങ്കിലും നാലഞ്ചു മക്കളുടെ കഞ്ഞികുടിയും വൈകിട്ടത്തെ തണ്ണിയടിയും  മുട്ടില്ലാതെ നടന്നു പോകുന്നുണ്ട്. അതില്‍ കവിഞ്ഞ, കൊമ്പത്തെ ആളാവണമെന്ന വാശീം തങ്കണ്ണനില്ല.
പാവത്താനായ ഈ തങ്കണ്ണനെക്കുറിച്ച് ഒരുപാട് കള്ളക്കഥകള്‍ അസൂയാലുക്കള്‍ പറഞ്ഞു പരത്തിയിട്ടുണ്ട്. അവരുടെ പറച്ചില്‍ കേട്ടാല്‍ തോന്നും സംഗതി സത്യമാണെന്ന്. പിന്നെ തങ്കണ്ണനോട് ചൊദിച്ച് അത് പ്രൂവ് ചെയ്യാനൊന്നും ആരും മിനക്കെട്ടിട്ടില്ല. പാറശാല തെറിയ്ക്ക് വല്ലാത്ത കടുപ്പമാണത്രേ!
കള്ളക്കഥ ഒന്ന് : ഒരിക്കല്‍ പുതുതായി കുടിയേറിയ ഒരച്ചായന്റെ പുരപണിയ്ക്ക് കട്ടിലയുണ്ടാക്കാന്‍ തങ്കണ്ണനെയാണത്രേ വിളിച്ചത്. അച്ചായന്‍ താമസം പ്ലാസ്റ്റിക്കിന് മറച്ച ഷെഡില്‍ . തങ്കണ്ണന്‍ അല്പം തണലു നോക്കി മുറ്റത്തു നിന്ന ഒരു പേര ചുവട്ടിലിരുന്ന് പണിതുടങ്ങി .കട്ടിലയെല്ലാം അടിച്ച് കൂട്ടി ഭിത്തിയില്‍ വയ്ക്കാന്‍ പൊക്കുമ്പോഴാണത്രേ അതു ശ്രദ്ധിയ്ക്കുന്നത്, കട്ടില പേരയെ ഉള്ളിലാക്കിയാണ് അടിച്ചത്! (ഇതു പിന്നെ ഒരു സിനിമയില്‍ ജഗതി അനുകരിച്ചിട്ടുണ്ട്!)
കള്ളക്കഥ രണ്ട് (ഇതു പക്ഷേ കള്ളക്കഥയല്ലെന്നാണ് ആലക്കോടുകാരൊന്നടങ്കം അവകാശപ്പെടുന്നത്): ഒരിക്കല്‍ ജോര്‍ജെന്നു പേരുള്ള ഒരച്ചായന്‍ തങ്കണ്ണന്റെ വീട്ടില്‍ നിന്നും ഒരു കട്ടില്‍ പണിയിച്ചുകൊണ്ടു പോയി. നൂറു രൂപ കൂടി കൊടുക്കണം ബാക്കി. അത് വീട്ടില്‍ വന്നു മേടിച്ചുകൊള്ളാനും പറഞ്ഞു. (അന്നൊക്കെ അങ്ങനെ നടക്കും. ഇന്നെങ്ങാനുമാണെങ്കില്‍......)
തങ്കണ്ണന്‍ ഒരുച്ച നേരത്താണ് ബാക്കി കാശു മേടിയ്ക്കാന്‍ ചെന്നത്.
“ജോര്‍ജണ്ണന്റെ വീടിതു തന്നെ? ” പുറത്താരെയും കാണാത്തതുകൊണ്ട് തങ്കണ്ണന്‍ ഉച്ചത്തില്‍ ചൊദിച്ചു.
അകത്തു നിന്നും ചെറുപ്പക്കാരിയായ ലിസി ചേച്ചിയാണിറങ്ങി വന്നത്.
“അതെ. ആരാ.. എന്താ കാര്യം?”
“ജോര്‍ജണ്ണനെവിടഏ..?”
“”അച്ചായനിവിടില്ലല്ലോ”
“അതു ശരി. ഒരു നൂറു രൂപയുണ്ട്...കിടക്കുന്നോ?”
ലിസിച്ചേച്ചിയൊന്നു ഞെട്ടിയിട്ട് അതിവേഗം ഉള്ളിലേയ്ക്കു പോയത് കാശെടുക്കാനാണെന്ന് തങ്കണ്ണന്‍ തെറ്റിദ്ധരിച്ചു. പക്ഷേ ഒരു മുഴുത്ത കുറ്റിച്ചൂലുമായി അലറിക്കൊണ്ട് ചാടിത്തുള്ളി വന്ന ലിസിച്ചേച്ചിയോട്   “എന്തര് പ്രച്ന“മെന്നു ചോദിച്ചെങ്കിലും അന്ധാളിപ്പുകൊണ്ടാകം ഒച്ച വെളിയില്‍ വന്നില്ല.
അസ്സലു കാഞ്ഞിരപ്പള്ളിക്കാരി റബറച്ചായത്തിയാണ് ലിസിച്ചേച്ചി. പുള്ളിക്കാരീടടുത്താണോ വിളച്ചില്‍ ? ഒച്ചേം ബഹളോം കേട്ട് അയല്‍ക്കാരു കൂടി. (പണ്ടങ്ങിനെയാ അയലത്തൊരു ബഹളം കേട്ടാല്‍ ആളോടീക്കൂടും)
അയല്‍‌ക്കാര്‍ ആണുങ്ങള്‍ തങ്കണ്ണനെ പിടിച്ച് ക്വസ്റ്റ്യന്‍ ചെയ്തപ്പോളല്ലേ കാര്യം തിരിഞ്ഞത്. “നൂറു രൂപ കിട്ടാനുണ്ട്, അതുണ്ടോ” എന്നതിന്റെ പാറശ്ശാലന്‍ വേര്‍ഷനാണത്രേ തങ്കണ്ണന്‍ ലിസിചേച്ചിയോട് മൊഴിഞ്ഞത്? കാഞ്ഞിരപ്പള്ളിക്കാരിയെന്തിനാ ചൂലുമായി വന്നതെന്ന് കുറെക്കാലം കഴിഞ്ഞാണ് തങ്കണ്ണന് മനസ്സിലായത്!
ഇങ്ങനെയൊക്കെ ഇരിയ്ക്കുന്ന കാലഘട്ടത്തിലാണ് ആലക്കോട്ടേയ്ക്ക് വികസനം ബസു കയറിയെത്തുന്നതും ഫൈസല്‍ കോമ്പ്ലക്സൊക്കെ പൊന്തിവരുന്നതും. ഫൈസല്‍ കോപ്ലക്സിലെ ഓരോ പൊത്തുകളില്‍ ചേക്കേറി ഞാനും എന്റെ തലതിരിഞ്ഞ ചങ്ങാതിമാരും അര്‍മാദിച്ച് നടക്കുന്ന കാലം. തങ്കണ്ണന് അല്പം പ്രായമൊക്കെ ആയി. മക്കള്‍ പണിയ്കു പോകുന്നുണ്ട്. ചെറിയൊരു വീടൊക്കെയായി, കറന്റുണ്ട്, ഫോണില്ല. ഇടയ്ക്കൊക്കെ പാറശാലയ്ക്കു വിളിയ്ക്കാന്‍ സോജന്റെ ബൂത്തില്‍ വരും.
അന്നാലക്കോട്ടെ ടെലിഫോണ്‍ എക്സ്ചേഞ്ചെന്നു പറഞ്ഞാല്‍ കൊച്ചിയ്ക്ക് വിളിച്ചാല്‍ കൊയിലാണ്ടിയ്ക്കു കിട്ടുന്ന തരത്തിലാണ്. വൈകുന്നേരമായാല്‍ വെറുതെ ഫോണെടുത്ത് ചെവിയില്‍ വച്ചാല്‍ ആരൊക്കെയോ എവിടേയ്ക്കൊക്കെയോ വിളിച്ച് ചീത്ത പറയുന്നതു കേള്‍ക്കാം.
പരാതി കേട്ട് കേട്ട് മടുത്തിട്ട് ഡിപ്പാര്‍ട്മെന്റ് പുതിയ എക്സ്ചേഞ്ചൊരെണ്ണമങ്ങു സ്ഥാപിച്ചുകളഞ്ഞു! ഇഷ്ടം പോലെ കണക്ഷനും കൊടുക്കാന്‍ തുടങ്ങി. അങ്ങനെ നമ്മുടെ തങ്കണ്ണനും  കിട്ടി കണക്ഷന്‍ . എന്തൊരു സന്തോഷമായിരുന്നു! അറിയാവുന്ന നമ്പരൊക്കെ എടുത്തു തലങ്ങും വിലങ്ങും കുത്തി.
അന്നു വൈകുന്നേരം ഞങ്ങളെല്ലാം തിരക്കിട്ട ജോലിയേര്‍പ്പെട്ടു കൊണ്ടിരുന്നപ്പോള്‍ (..ന്ന്വച്ചാല്‍ പരദൂഷണം ) വായ് നിറയെ ചിരിച്ചുംകൊണ്ട് തങ്കണ്ണന്‍ ഫൈസല്‍ കോമ്പ്ലക്സിലേയ്ക്ക് ആഗതനായി.
 “എടെ സോജാ ഫോണു കിട്ടിയടേ..“
“ഓ എന്നാ ഇന്നു ചിലവ് തങ്കണ്ണന്റെ വക”. നനഞ്ഞിടം മാന്താന്‍ സോജനെ കഴിഞ്ഞിട്ടേയുള്ളു. (ചെലവെന്നു പറഞ്ഞാല്‍ കുപ്പിയെന്ന് പരിഭാഷ)
കുപ്പിയെന്ന മനക്കോട്ട ഫൌണ്ടേഷനോടെ പൊളിച്ച് കൊണ്ട് ഓരോ ചായയ്ക്കും പരിപ്പുവടയ്ക്കും ഓര്‍ഡര്‍ ചെയ്തുകളഞ്ഞു തങ്കണ്ണന്‍ .എന്തരൊ ആവട്ടെ, പശുവിന്റെ വായില്‍ പല്ലില്ലെങ്കിലും സാരമില്ല.
“ഓ ഈ ടെലിഫോണ്‍കാരുടെ പുതിയ ഓരോ വിദ്യേ.. വിളിയ്ക്കുന്ന ആള്‍‌ടെ പേരു വരെ അവര്‍ക്കു നിച്ചയം തന്നെ!” ചായേം കടീം കൊണ്ടുവന്ന ഹോട്ടലിലെ പാണ്ടിപ്പയ്യന്റെ കൈയിലേയ്ക്ക് മുപ്പത്തഞ്ചു രൂപ എടുത്തുകൊടുത്തിട്ട് തങ്കണ്ണന്‍ പറഞ്ഞു.
“അതെന്തു വിദ്യ തങ്കണ്ണാ?”. പരിപ്പുവടയ്ക്കിട്ടൊരു കടി പാസാക്കികൊണ്ട് സോജന്‍ .
“അല്ല ഞാനിന്നൊരു ഫോണ്‍ വിളിച്ചെ. ആ നമ്പരു തെറ്റാന്ന് എന്റെ പേരു പറഞ്ഞിട്ടല്ലെ എക്സേഞ്ചീന്നു പറഞ്ഞെ!”
“പേരോ?”
“തന്നെ. തങ്കന്‍ അതായത് ഞാന്‍ വിളിച്ച നമ്പര്‍` തെറ്റാന്ന് ഒരു പെണ്‍‌കൊച്ച് തന്നെയാ
എന്നോടു പറഞ്ഞെ“.
അതൊന്നറിയണമല്ലോ. നമ്മളറിയാത്ത പുതിയ ഏര്‍പ്പാട് എക്സ്ചേഞ്ചിലോ?
“തങ്കണ്ണന്‍ ആ നമ്പര് ഇങ്ങോട്ടൊന്നു കുത്തിയ്ക്കേ” ബൂത്തിലെ സ്പീക്കര്‍ ഫോണിന്റെ സ്പീക്കര്‍ ഓണിലിട്ടു കൊണ്ട് സോജന്‍ പറഞ്ഞു.
തങ്കണ്ണന്‍ ആവേശത്തോടെ നമ്പര്‍ കുത്തി.
“ സോറി. "താങ്കള്‍ " വിളിയ്ക്കുന്ന നമ്പര്‍ തെറ്റാണ്. ദയവായി ഡയറക്ടറിയില്‍ നോക്കുക”.
കിളിനാദം ഒഴുകി വന്നു.
ഈ കുരുത്തംകെട്ടവന്മാര്‍ക്ക് ചായേം പരിപ്പുവടേം മേടിച്ചു കൊടുത്ത തന്നെ തല്ലണമെന്നൊ മറ്റോ  പാവം തങ്കണ്ണന്‍ ശപിച്ചിരിയ്ക്കാന്‍ എല്ലാ സാധ്യതയുമുണ്ട്, അത്രയ്ക്കല്ലായിരുന്നോ ചിരി.

Thursday 27 May 2010

ഒരു കോര്‍ഡ്‌ലെസ് കഥ

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിന്റെ  വടക്കു കിഴക്കായി കിടക്കുന്ന ഒരു നാട്ടു രാജ്യമാകുന്നു ആലക്കോട്. സ്വന്തമായി ഒരു രാജാവും ഒരു കൊട്ടാരവുമുള്ള മലബാറിലെ ഏക നാട്ടുരാജ്യം. നാട്ടുരാജ്യസ്ഥാപകനായ രാജാവ് രാമവര്‍മ രാജാ തീപ്പെട്ടു പോയിട്ട് നാലഞ്ചു വര്‍ഷമായി. തുടര്‍ന്ന് രാജവംശം പൊതു രംഗത്തു നിന്നും പിന്‍‌വാങ്ങുകയും ഭരണം സ്വന്തം കുടുംബത്തില്‍ മാത്രമായി ഒതുക്കുകയും ചെയ്തു.

ആലക്കോട് ഇപ്പോള്‍ ചെറിയൊരു പട്ടണം. ഏകദേശം പതിമൂന്ന് വര്‍ഷം മുന്‍പ് ഈയുള്ളവന്‍ ആ പട്ടണത്തില്‍ ജീവസന്ധാരണത്തിനായി ഒരു “ഓഫീസ്” തുടങ്ങുകയുണ്ടായി.
 മെയിന്‍ റോഡിലെ മൂന്നു നിലയുള്ള ഏക കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ പിന്നാമ്പുറത്ത് ചെറിയൊരു ഇടനാഴിയുണ്ട്. അതിന് ഇരു വശവും മുഖാമുഖം നില്‍ക്കുന്ന എട്ട് മുറികള്‍ . തളിപ്പറമ്പ് കാരനായ ഒരു ഇക്കാക്കയുടെ സ്വന്തമായ “ഫൈസല്‍ കോംപ്ലക്സ് “ എന്ന മഹാ വാണിജ്യ സമുച്ചയമത്രെ ഇത്! ഇതിനുള്ളില്‍ ഒരു റേഷന്‍ കട-(ഉടമ:- ജോയി), ഒരു എസ്.ടി.ഡി ബൂത്ത്-(ഉടമ:-സോജന്‍ ), ഒരു ചിക്കന്‍ സ്റ്റാള്‍ -(ഉടമ:- ജോര്‍ജ് ), ഒരു ബുക്ക് സ്റ്റാള്‍ -(ഉടമ:- സാബു) , ഒരു പലചരക്കു കട (രണ്ടു റൂം:-ഉടമ- മാത്തച്ചന്‍ ), ഒരു ഗ്യാസ് ഏജന്‍സി-(ഉടമസ്തര്‍ :-ഷാജി, ബിജു, ബിനോയി) , ഒരു ഇലക്ട്ര്രിക്കല്‍ റിപ്പയറിംഗ് കട :-(ഉടമസ്ഥര്‍ -സാജു, പാപ്പച്ചന്‍ ) , ഒടുവിലായി
ഈയുള്ളവന്റെ ഓഫീസും! ഓഫീസെന്നു പറഞ്ഞാല്‍ ഒരു അടിച്ചുകൂട്ടിയ മേശ. രണ്ട് പ്ലാസ്റ്റിക് ഫൈബര്‍ കസേര. ഒരു ഓഫീസ് ചെയര്‍ . ഇത്രയും ഫര്‍ണിച്ചര്‍ . റോട്രിങ്ങിന്റെ 0.50 മില്ലിമീറ്റര്‍ ഡ്രാഫ്റ്റിങ് പെന്‍ , രണ്ടുമൂന്ന് പെന്‍സില്‍ , എറേസര്‍ , സ്കെയില്‍ എന്നിവ പണിയായുധങ്ങള്‍ .
ഇടനാഴിയില്‍ നിന്നും വല്ല പട്ടിയൊ പൂച്ചയോ ചാടിക്കേറാതിരിക്കാന്‍ അരമതില്‍ പോലെ, ഇരുമ്പ് ഫ്രൈമില്‍  വലിച്ചുകെട്ടിയ ജനല്‍ കര്‍ട്ടന്‍ തുണി. തലയ്ക്കു മുകളില്‍ ഒരു കോയമ്പത്തൂര്‍ ഫാനും ഒരു മുപ്പതു വാട്ടിന്റെട്യൂബുലൈറ്റും ചേര്‍ന്നാല്‍ എന്റെ ഓഫീസായി. എന്താണു പണിയെന്നു പറഞ്ഞില്ല അല്ലേ. നാട്ടുകാര്‍ക്കു വല്ല വീടോ കുടിയോ വയ്ക്കാന്‍ പ്ലാനും എസ്റ്റിമേറ്റും എടുത്തുകൊടുക്കുക. വലിയ പ്രതീക്ഷയൊന്നുമില്ലാത്തതുകൊണ്ട് തുടക്കം ചെറുതായി മതിയെന്നു വച്ചു. പിന്നെ പോക്കറ്റിനും അതിനുള്ള പാങ്ങുണ്ടായിരുന്നില്ല.
നമ്മുടെ ആപ്പീസിന്റെ ഇടത്ത് റേഷന്‍ കട. വലത്ത് മാത്തച്ചന്റെ പലചരക്കു കടയുടെ ഗോഡൌണ്‍ . എതിരെ ഗ്യാസ് കട, റിപ്പയറിംഗ് കട. കൂടാതെ സോജന്റെ ബൂത്തും സാബുവിന്റെ ബുക്കുസ്റ്റാളും അതേ നിരയില്‍ തന്നെ.
 ഇടക്കു കൂടെയുള്ള ഇടനാഴിയ്ക്ക് കഷ്ടിച്ച് മൂന്നു മീറ്റര്‍ വീതി. പല ചരക്കുകാരന്‍ മാത്തച്ചന്‍ ഒഴിച്ച് എല്ലാം ചെറുപ്പക്കാര്‍ .ദൈവം സഹായിച്ച് ആര്‍ക്കും വലിയ പണിത്തിരക്കൊന്നുമില്ലാത്തതിനാല്‍ തരികിടകള്‍ക്ക് യാതൊരു ക്ഷാമവുമില്ലായിരുന്നു.
മാത്തച്ചന്‍ വലിയ ജാഡക്കാരനാണ്. ഞങ്ങളെ ഒന്നും അത്ര ഗൌനിയ്ക്കുകയില്ല. സാമാന്യം മോശമല്ലാത്ത ഒരു കാര്‍വര്‍ണന്‍ . തലയില്‍ മുറ്റുമുടി, നെറുകയില്‍ ഒരു പപ്പടവട്ടം ഒഴിച്ച്! വലിയ ഒച്ചയില്‍ സംസാരം. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരുമാതിരി  പൂളച്ചേട്ടന്‍ .ഇങ്ങേരുടെ കടയിലൊരു ഫോണുണ്ട്. (അന്ന് ഫോണൊക്കെ തീരെ കുറവാണേ. അതു കൊണ്ടാണ് അവിടെ ഒരു ബൂത്ത് വന്നത്). ഞങ്ങളെ കേള്‍പ്പിക്കാന്‍ പുള്ളിക്കാരന്‍ ഫോണില്‍ കൂടി പലതും പറയുന്നതു കേള്‍ക്കാം. അങ്ങനെയാക്ക്.. ഇങ്ങനെയാക്ക്... എന്നമാതിരി.
ഞങ്ങളുടെ കൂട്ടത്തില്‍ തരികിടകള്‍ക്ക് മിടുക്കന്‍ സോജനാണ്. മാത്തച്ചനിട്ടൊരു പണികൊടുക്കാന്‍ അവസരം തേടി ഞങ്ങള്‍ കാത്തിരുന്നു.
അങ്ങനെയിരിയ്ക്കെ സോജന്റെ ബൂത്തില്‍ കോര്‍ഡ് ലെസ് ഫോണ്‍ കിട്ടി.
ഒരു ഉച്ചനേരം. മാത്തച്ചന് കടയില്‍ തിരക്കൊന്നുമില്ല. ഇത്തരം അവസരങ്ങളില്‍ കക്ഷി കടയില്‍ നിന്നും കഷ്ടിച്ച് പത്തു മീറ്റര്‍ അകലെയുള്ള റോഡരുകിലെ ഭിത്തിയില്‍ പോയി ചാരി നിന്ന് വഴിയെ പോകുന്ന ആള്‍ക്കാരെ (പെണ്ണുങ്ങളെ എന്നും പറയാം) നോക്കി നില്‍ക്കും. അന്നും അങ്ങനെ തന്നെ പരിപാടി. സോജന്‍ ഞങ്ങളോട് പറഞ്ഞു “ഇയാക്കിട്ടൊരു പണി കൊടുക്കാം”. അവന്‍ കോഡ്‌ലെസ് കൈയിലെടുത്ത് പുറത്ത് കാണാത്ത വിധം മറച്ചുകൊണ്ട് മാത്തച്ചന്റെ അടുത്ത് ചെന്നു. ഞങ്ങള്‍ ഒന്നുമറിയാത്തപോലെ എല്ലാം നോക്കിക്കൊണ്ട് കുറച്ചകലെ നിന്നു.
“ആ മാത്തഞ്ചേട്ടാ എന്നാ ഒണ്ട്? “
“അങ്ങനെയങ്ങ് പോണെടാ സോജാ” അവന്റെയൊരു ക്ണാപ്പിലെ ലോഹ്യം എന്ന ഭാവത്തോടെ അലക്ഷ്യമായി പറഞ്ഞ് റോഡിലൂടെ പോകുന്ന ഒരു തരുണിയെ ആര്‍ത്തിയോടെ ഒന്നുകൂടി നോക്കി മാത്തച്ചന്‍ ചേട്ടന്‍ .
പെട്ടെന്നാണ് പുറകില്‍ കടയില്‍ ഫോണ്‍ ബെല്ലടിയ്ക്കാന്‍ തുടങ്ങിയത്. അതു കേട്ടപാടെ തരുണിയെ വഴിയ്ക്കു വിട്ട് കക്ഷി കടയിലേയ്ക്ക് വേഗം ചെന്നു. ഫോണെടുക്കാന്‍ കുനിഞ്ഞതും ബെല്ലടി നിലച്ചു. മാത്തച്ചന്‍ വീണ്ടും പഴയ സ്ഥാനത്തു വന്നു. ഒരു മിനുട്ടു കഴിഞ്ഞില്ല വീണ്ടും ബെല്ലടി. മാത്തച്ചന്‍ വീണ്ടും കടയിലേയ്ക്ക്. ഫോണെടുക്കും മുന്‍പേ കട്ടായി. ഫോണെടുത്ത് ഒന്നു രണ്ടു തവണ ഉറക്കെ ഹലോ ഹലോ പറഞ്ഞ ശേഷം “ച്ഛേ” എന്നൊരു ചീറ്റലോടെ  വച്ചു. (പണ്ടിതുപോലെ ഒന്നു സോജന്‍ പറ്റിച്ചതാണ്. അതു കക്ഷിയ്ക്കന്നു മനസ്സിലാകുകയും ചെയ്തു. പക്ഷെ ഇപ്പോള്‍ അവന്‍ ഒപ്പം തന്നെയുണ്ടല്ലോ!)
വഴിയെ കളറുകള്‍ ഇടയ്ക്കിടയ്ക്കു പോകുന്നതിനാലും കടയില്‍ തല്‍ക്കാലം ഈച്ചകള്‍ മാത്രം ഉള്ളതിനാലും മാത്തച്ചന്‍ വീണ്ടും പ്രലോഭിതനായി പഴയ സ്ഥാനത്തു തന്നെ നില്പായി. വീണ്ടുമതാ ബെല്‍ !
ബെല്ലു കേട്ടാല്‍ പിന്നെ പുള്ളി നില്‍കില്ല. പക്ഷേ വീണ്ടും പഴയതു തന്നെ കഥ. കക്ഷി ഫോണില്‍ തൊട്ടതും കട്ട്!
“ ഏതോ കഴ്വേറ്ട മോന്‍ പറ്റിയ്ക്കുന്നതാ” മാത്തച്ചന്‍ പറഞ്ഞു.
“ അതു ലൈനിന്റെ എന്തോ കുഴപ്പമാ മാത്തഞ്ചേട്ടാ.. എന്റെ ഫോണിനും ഇതു തന്നെ പ്രശ്നം. എക്സ്ചേഞ്ചിലൊന്നു വിളിച്ചു പറ..” സോജന്‍ ചിരിയ്ക്കാതിരിയ്ക്കാന്‍ ഭഗീരഥപ്രയത്നം ചെയ്തുകൊണ്ട് പറഞ്ഞു.
പുറകില്‍ ഇതെല്ലാം കണ്ടുകൊണ്ടു നിന്ന ഞങ്ങള്‍ പുള്ളിക്കാരന്‍ കാണാതെ ചിരിച്ചു മറിഞ്ഞു.
“എടാ കൊച്ചനെ നീയൊന്നു വിളിച്ചു താ..അങ്ങോട്ട്”
“അതിനെന്താ..” എന്നും പറഞ്ഞിട്ട് അവന്‍ കറക്കി കൊടുത്തത് മാത്തച്ചന്റെ ബദ്ധശത്രുവായ മറ്റൊരു കടക്കാരന്‍ ബേബിച്ചന്റെ നമ്പര്‍ .
“ഹലോ.. എന്റെ ലൈനിനെന്തോ കൊഴപ്പം. ഒന്നു ശരിയാക്കണാരുന്നു.” മാത്തച്ചന്റെ കരകര ശബ്ദം നല്ല ബാസില്‍ .
.......................
എന്താണ് മറുപടിയെന്നറിയില്ല.
 “അതെന്താ നിങ്ങളങ്ങനെ പറഞ്ഞേ.ഇതെക്സേഞ്ചല്ലേ..?” മാത്തഞ്ചേട്ടന്റെ ടോണിന് ചെരിയൊരു മാറ്റം.
.........................
വീണ്ടും കടുപ്പത്തിലെന്തോ മറുപടി കിട്ടിയിട്ടാവണം കുത്തിപ്പിഴിഞ്ഞ നാരങ്ങാതൊണ്ട്  മാതിരി മുഖഭാവത്തോടെ അയാള്‍ ഫോണ്‍ വച്ചു.
“എന്താ ചേട്ടാ.. ലൈന്‍ ഫോള്‍ട്ട് കൊണ്ട് വേറെ സ്ഥലത്താണോ കിട്ടിയേ..?” ഇതും പറഞ്ഞ് സോജന്‍ മുന്നോട്ട് ആഞ്ഞതും കൈയില്‍ നിന്നെങ്ങിനെയോ കോര്‍ഡ് ലെസ് ഫോണ്‍ താഴെ വീണതും ഒന്നിച്ച്. ഞങ്ങള്‍ അന്തം വിട്ട് നില്‍ക്കേ മാത്തഞ്ചേട്ടന്‍ അത് കുനിഞ്ഞെടുക്കുകയും തിരിച്ചും മറിച്ചും നോക്കുകയും ചെയ്തു.  സോജന്റെ മുഖം കവുങ്ങില്‍ പാളയുടെ ഉള്ള് പോലെ.
ഒരു സെക്കന്‍ഡിന്റെ നാലിലൊന്നു ഭാഗം കൊണ്ട് മാത്തഞ്ചേട്ടന് കാര്യങ്ങള്‍ മനസ്സിലായി. ഫോണ്‍ തിരികെ സോജന്റെ കൈയിലേയ്ക്കെറിഞ്ഞ പോലെ ഇട്ടു കൊടുത്തു. തുടര്‍ന്ന് ഞങ്ങളുടെ നാട്ടില്‍ നടപ്പുള്ള ഏറെക്കുറെ എല്ലാവിധ തെറികള്‍ , മനുഷ്യരുടെ ചില ശരീരഭാഗങ്ങളുടെ അസംസ്കൃത നാമപദങ്ങള്‍ എന്നിവ സാമാന്യം നല്ല ഒച്ചയിലും ഈണത്തിലും ഉദ്ദേശം പത്തുമിനിട്ടോളം അവിടമാകെ മുഴങ്ങികേട്ടു. ഞങ്ങള്‍ ഓരോരുത്തരും സ്വന്തം മാളത്തിലൊളിച്ചു. സോജന്‍ ചെവിയും പൊത്തിയാണ് അകത്തിരുന്നതെന്നാണ് കേട്ടത്.

കുറെ ദിവസത്തേയ്ക്ക് ഏതു ഫോണ്‍ വന്നാലും പരമാവധി ബെല്ലടിച്ച ശേഷമേ മാത്തഞ്ചേട്ടന്‍ എടുക്കുമായിരുന്നുള്ളൂ.

Tuesday 25 May 2010

ഒരു കു(ഫു)ള്ളന്‍ കഥ

ഞങ്ങടെ ഫൈസല്‍ കോം‌പ്ലക്സിലെ തരികിടശിരോമണികളില്‍ എന്തുകൊണ്ടും അഗ്രഗണ്യന്‍ സോജനാണ്. കാഴ്ചയിലുമതേ. നല്ല വെളുത്ത മുഖശ്രീയുള്ള ഉയരമുള്ളവന്‍ പുമാന്‍ . ഞാനൊക്കെ വെറും ഇസ്പേഡാഴാംകൂലിയാണ് അവന്റെ മുന്നില്‍ . കോം‌പ്ലക്സിലെ എസ്.ടി.ഡി ബൂത്ത് ഉടമയാണ് കക്ഷിയെന്നറിയാമല്ലോ? അന്നൊക്കെ ഒരു ബൂത്തുടമയെന്ന് പറഞ്ഞാല്‍ നല്ല ഗമയാണ്.  അലുമിനിയം ഫാബ്രിക്കേഷനൊക്കെ അടിച്ച് ചില്ലിട്ട് ഉള്ളില്‍ നല്ല കാര്‍പെറ്റൊക്കെ വിരിച്ച് അടിപൊളിയായിട്ടാണ് അവന്റെ ഇരുപ്പ്. ഉള്ളതു പറയണമല്ലോ ഈയുള്ളവന്റെ ആപ്പീസുമുറിയേക്കാള്‍ എന്തുകൊണ്ടും ഗാംഭീര്യം ഇപ്പറഞ്ഞ ബൂത്തോപ്പീസിനു തന്നെയായിരുന്നു. ഞങ്ങള്‍ കമ്പനിക്കാര്‍ക്ക് ബൂത്താഫീസില്‍ ചില പ്രത്യേക അവകാശങ്ങളൊക്കെയുണ്ട്. അതായത് പാര്‍ട് ടൈം മേല്‍‌നോട്ടം , അത്യാവശ്യം കോളുകള്‍ അറ്റെന്‍ഡ് ചെയ്യുക, പിന്നെ വല്ലപ്പോഴും ഒരു ലോക്കല്‍ ഫ്രീയായിട്ടു ചെയ്യുക എന്നിങ്ങനെ.
ബൂത്തിനു മുന്നിലാണ് ജോയിയുടെ റേഷന്‍ കട. അവിടെ വരുന്ന ആലക്കോടന്‍ നാടന്‍ തരുണികളെ അത്യാവശ്യം ഷുഗര്‍ ബീറ്റടിച്ചും പിന്നെ എരിവുള്ള നാടന്‍ കഥകള്‍ പറഞ്ഞും ഞങ്ങളങ്ങനെ ഒഴിവു നേരം (ദിനം മുഴുവനും എന്നര്‍ത്ഥം) രസകരമാക്കി. പോരാത്തപ്പോള്‍ ഞങ്ങടെ തൊട്ടുമുകളിലത്തെ നിലയില്‍ ഒരു ഇലക്ട്രിക് ഷോപ്പ് നടത്തുന്ന ആലക്കോടിന്റെ സ്വന്തം ശാസ്ത്രജ്ഞന്‍ സുനിലും എത്തും അല്പം വീര്യം കൂടിയ കഥകളുമായി. (സുനില്‍ സാറിന്റെ പല കഥകളും ഇവിടെ രേഖപ്പെടുത്തുവാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് തല്‍ക്കാലം വിടുന്നു.)
ഞങ്ങടെ കോം‌പ്ലക്സിലെ മോട്ടോര്‍ വൈന്‍ഡിങ്ങ് കടയില്‍ രണ്ടുപേരാണ്. പ്രധാനിയായ പാപ്പച്ചനും സഹായി ആയ സാജുവും. പ്രധാനിയെക്കാള്‍ പണി അറിയുന്നത് സഹായിയ്ക്കാണ്. പ്രധാനിയുടെ പ്രധാന ജോലി കള്ള്, റം, നാടന്‍ ചാരായം ഇവയില്‍ ലഭ്യമായതേതാണോ അത് ആവോളം സേവിയ്ക്കുക, എന്നിട്ട് ചിരിയ്ക്കും കരച്ചിലുമിടയിലുള്ള ഏതോ ഭാവം മുഖത്തു വരുത്തി മണകൊണാന്നു വര്‍ത്തമാനം പറയുക എന്നതാണ്. ഞങ്ങളുടെ അടുത്തു തന്നെയുള്ള വിദേശമദ്യഷാപ്പ് കണ്ടിട്ടാണ്  ഈ കോം‌പ്ലക്സില്‍ റൂമെടുത്തതെന്ന്, നന്നായി വീശിയിട്ടിരിയ്ക്കുന്ന സന്തോഷമുഹൂര്‍ത്തങ്ങളില്‍  മേല്‍‌പ്പറഞ്ഞ  ഭാവം സമൃദ്ധമായി മുഖത്തു വരുത്തിക്കൊണ്ട്  ഇഷ്ടന്‍ പറയും.ചെയ്യുന്ന പണിയ്ക്ക് കൂലി കുപ്പിയായി കിട്ടിയാല്‍ അത്രയും സന്തോഷം പുള്ളിയ്ക്ക്.
വര്‍ഷകാലമായാല്‍ ധാരാളം മോട്ടോറുകള്‍ വൈന്‍ഡിങ്ങിനു വരും. കത്തിയതും കത്താത്തതുമൊക്കെ. പാപ്പച്ചനാണ് ഡീലുചെയ്യുന്നതെങ്കില്‍ കത്താത്ത മോട്ടറും കത്തിയതാവും. കാരണം കത്തിയ മോട്ടോര്‍ റീവൈന്‍ഡു ചെയ്യാന്‍ രണ്ടായിരം മുതല്‍ മുകളിലേയ്ക്കാണ് ചാര്‍ജ്. പിന്നെ “കത്തിയ“ കോപ്പര്‍ വേറെ. തൂക്കി വിറ്റാല്‍ നല്ല കാശാണ്.
റീവൈന്‍ഡ് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിലെ ചുരുളിന്റെ എണ്ണം കൃത്യമായിരിയ്ക്കണം. ചുറ്റ്  തിരിച്ചാകാനും പാടില്ല.ഒരിയ്ക്കല്‍ പാപ്പച്ചന്‍ ആര്‍ക്കോ ഒരു മോട്ടോര്‍ റീവൈന്‍ഡ് ചെയ്തുകൊടുത്തു. വലിയ മോട്ടറാണ്. മൂവായിരമോ നാലായിരമോ രൂപാ ചാര്‍ജ്. കൂടാതെ ധാരാളം കത്തിയ ചെമ്പുകമ്പിയും! പോരേ കുശാല്‍ !
കാശുകിട്ടിയ പാടെ കക്ഷി ഓള്‍ഡ് കാസ്കിന്റെ ഒരു ഫുള്‍ ബോട്ടില്‍ റം  മേടിച്ച്, കടയുടെ അകത്ത് വലിച്ച് കെട്ടിയകര്‍ട്ടന്റെ മറവിലിരുന്ന് പടുപടാ അടിച്ചു. “ശൂ”എന്നൊരു ഒച്ചയോടെ ചുണ്ടിന്റെ ഇടത്തെ അറ്റം മുതല്‍ വലത്തേ അറ്റം വരെ വലതു കൈകൊണ്ട് തുടച്ചിട്ട് ഞങ്ങളെ നോക്കി ഒരു പച്ച ചിരി ചിരിച്ചു. എന്നിട്ട് മുന്‍‌വശത്തിട്ടിരിയ്ക്കുന്ന ഇരുമ്പുകസേരയില്‍ വന്നൊരിപ്പിരുന്നു. ഇത്തരം അവസരങ്ങളിലൊന്നും ആര്‍ക്കും ഒരു തുള്ളി കിട്ടുമെന്ന് കരുതണ്ട. ഓരോരുത്തന്റെ യോഗമെന്നാലൊചിച്ചുകൊണ്ട് ഈച്ച പോലും തിരിഞ്ഞുനോക്കാത്ത എന്റെ ആപ്പീസിലേയ്ക്കു പാളിനോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു.
ഉദ്ദേശം മൂന്നുമണിക്കൂര്‍ കഴിഞ്ഞിരിയ്ക്കും അതായത് വൈകുന്നേരം അഞ്ചുമണി. ശവം ചിതയിലേയ്ക്കെടുക്കുന്ന മാതിരി നാലുപേര്‍ താങ്ങിപ്പിടിച്ചു കൊണ്ട് എന്തോ സാധനം ഫൈസല്‍ കോം‌പ്ലക്സിലേയ്ക്ക് കൊണ്ടു വന്നു. സാമാന്യം നല്ല ഒച്ചയോടെ അത് പാപ്പച്ചന്റെ വൈന്‍ഡിങ്ങ് കടയുടെ മുന്‍‌വശത്തിട്ടിരിയ്ക്കുന്ന ബഞ്ചിലേയ്ക്ക് വച്ചു (അല്ല ഇട്ടു).
പുതിയൊരു കോളൊത്തു എന്ന സന്തോഷത്തോടെ, എണ്ണയിടാത്ത സ്റ്റീല്‍ ഷട്ടര്‍ വലിച്ചു പൊന്തിയ്ക്കുന്ന ലാഘവത്തോടെ കണ്ണുകള്‍ വലിച്ചുതുറന്നു  മുന്നിലേയ്ക്കു നോക്കിയ പാപ്പച്ചന്റെ ചങ്കില്‍ കൊള്ളിയാന്‍ പായിച്ചുകൊണ്ട് ആ സത്യം മലച്ചു കിടന്നു. താന്‍ നന്നാക്കി കൊടുത്ത മോട്ടര്‍ !
“എന്തു പറ്റീ?
“ആര്‍ടെ --------ത്തു നോക്കിയാടാ പണിയെടുക്കുന്നേ? “ സ്ലോട്ടറിനു കൊടുക്കാനായ നാടന്‍ റബര്‍ മരത്തിന്റെ മാതിരിയുള്ള ഒരു ചേട്ടനാണ് അലറിയത്. ഓള്‍ഡ് കാസ്ക് ഒരു നിമിഷം കൊണ്ട് ആവിയായി.
“എന്താ..എന്താ ചേട്ടാ പ്രശ്നം?”
ചുറ്റും തലകള്‍ പൊന്തി. റമ്മിന്റെ ഒരു തുള്ളി പോലും കിട്ടാത്തതിന്റെ കലിപ്പുള്ളതുകൊണ്ട് ചെറിയൊരു സന്തോഷത്തോടെ ഞങ്ങളും അടുത്തു.
“പ്രശ്നമോ..മോട്ടറിപ്പം വെള്ളം താഴോട്ടാ അടിയ്ക്കുന്നേ..”
“ഗ്ലപ്പ്............”പാപ്പച്ചന്‍ വിഷമിച്ച് ഉമിനീരിറക്കുന്നു.
“വേഗം ശരിയാക്കി തന്നില്ലേ നീ വെവരമറിയും”
ഏതായാലും സാജു ഉണ്ടായിരുന്നതു കൊണ്ട് പ്രശ്നം കൈപ്രയോഗങ്ങളിലേക്ക് നീങ്ങിയില്ല.
 പാപ്പച്ചന്‍ ചുറ്റിയ ചുറ്റെല്ലാം തിരിച്ചായിരുന്നു! അതുകൊണ്ട് മോട്ടറും തിരിച്ചാണ് കറങ്ങിയതത്രേ!
നമ്മുടെ സാജു വെള്ളമടിയ്ക്കുകയൊന്നുമില്ല, കുശാഗ്ര ബുദ്ധിയുമാണ്. ആകെപ്പാടെയൊരു കുറവ് ഉയരത്തിന്റെ കാര്യത്തിലാണ്. കഷ്ടിച്ച് അഞ്ചടി മാത്രം ഉയരം. സാമാന്യം വണ്ണവുമുണ്ട്. മാന്യമായ സൌഹൃദം അളിഞ്ഞുകേറല്‍ എന്നു നാടന്‍ ഭാഷയില്‍ പറയുന്ന കൂട്ടുകെട്ടിലെത്തിയ ഏതോനേരത്ത് സോജന്‍ അവനൊരു പേര് കണ്ടുപിടിച്ചു. “കുള്ളന്‍ “. ഈ പേര് ഒരിക്കല്‍ നേരിട്ട് വിളിച്ച സോജന് സാമാന്യം തെറ്റില്ലാത്ത തെറി കേള്‍ക്കാന്‍ യോഗമുണ്ടായി എന്നതും പ്രസ്താവ്യം. സ്വന്തം അപ്പനു വിളിച്ചാലും ഒരു പക്ഷേ സഹിച്ചേക്കും, എന്നാല്‍ ഈ വിളി കേട്ടാല്‍ സാജു പരിസരം മറക്കും. വായില്‍ വരുന്നത് നേരെ പ്രയോഗിയ്ക്കും. അതു കൊണ്ട്  ഞങ്ങള്‍ രഹസ്യമായി മാത്രം ഈ പേരുപയോഗിച്ചു വന്നു. വെറുതെയെന്തിനാ തന്തയ്ക്കു വിളി കേള്‍ക്കുന്നത്!
ആയിടയ്കെങ്ങോ ആണ് അംബേദ്കര്‍ ജയന്തി കേന്ദ്രസര്‍ക്കാര്‍ പൊതു ഒഴിവാക്കിയത്. പൊതു ഒഴിവ് ദിവസങ്ങളില്‍ ബൂത്തുകളില്‍ പകുതി ചാര്‍ജേ ഉള്ളൂ. ബൂത്തൊക്കെ “കമ്പ്യൂട്ടറൈസ്ഡ്” ആയ കാലമാണത്.
അന്ന് അംബേദ്കര്‍ ജയന്തി ആയിരുന്നു. ചാര്‍ജ് പകുതിയേ ഒള്ളുവെങ്കില്‍ അത് കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്യണം, എങ്കിലേ പകുതിചാര്‍ജിന്റെ ബില്ലടിച്ചു വരുകയുള്ളൂ. എന്നാല്‍ അന്ന് പകുതിയാണോ ഫുള്‍ ചാര്‍ജാണോ എന്ന് സോജന് നിശ്ചയമില്ല. പുതിയ അവധിയാണല്ലോ. അവന്‍ പല ബൂത്തുകാരോടും വിളിച്ചു ചൊദിച്ചു. ആര്‍ക്കും പിടിയില്ല. അവസാനം എക്സ്ചേഞ്ചില്‍ വിളിച്ചു. ജീവനക്കാര്‍ പലരും അവധിയില്‍ . ഒരു എഞ്ചിനീയര്‍ മാത്രമേ ഒള്ളു. കക്ഷിയ്ക്കും ഉറപ്പില്ല. ഏതായാലും അന്വേഷിച്ചിട്ട് അല്പം കഴിഞ്ഞ് വിളിച്ചു പറയാമെന്ന് അങ്ങേര്‍ പറഞ്ഞു.
സോജനടക്കം ഞങ്ങളെല്ലാം-സാജുവൊഴികെ- റോഡ് സൈഡിലെ ഭിത്തിയില്‍ ചാരി വഴിയെ പോകുന്ന നാരിജനങ്ങളെ മാര്‍ക്കിട്ടു കൊണ്ടിരിയ്ക്കുകയാണ് (വേറെ പണിയൊന്നുമില്ലല്ലോ). അങ്ങനെ ഞങ്ങള്‍ സ്വര്‍ഗരാജ്യത്ത് വിഹരിക്കുമ്പോള്‍  ഇടനാഴിയുടെ അങ്ങേ അറ്റത്തുള്ള ബൂത്തില്‍ കട്ടുറുമ്പിന്റെ മണിയടി മുഴങ്ങി. ഞങ്ങളത്ര കാര്യമാക്കിയില്ല, അതാ ചെറിയൊരു കളര്‍ റോഡില്‍ .
മണിയടി വീണ്ടും മുഴങ്ങി. ഇപ്രാവശ്യം കടയിലിരുന്ന സാജു പോയി ഫോണെടുത്തു, ഒരുപകാരം ചെയ്തേക്കാം വല്ല അത്യാവശ്യക്കാരുമാണെങ്കിലോ..?
“ഹലോ”
 ....................
“നിന്റപ്പനെ പോയി വിളിക്കടാ @#$%.. .മോനേ..”
നല്ല ഉച്ചത്തിലുള്ള പ്രസ്തുത വചനം കേട്ട് ഞങ്ങള്‍ തിരിഞ്ഞു നോക്കുമ്പോള്‍ സാജു ചുവന്ന മുഖത്തോടെ ഫോണും വച്ചിട്ട് വരുന്നതാണ് കാണുന്നത്! ഇതെന്തു കഥ?
“എന്താടാ സാജു... .എന്തു പറ്റീ? “ സോജന്‍ ഉത്കണ്ഠയോടെ ചോദിച്ചു. എന്തോ പിറുപിറുത്തതല്ലാതെ സാജു മറുപടിയൊന്നും പറഞ്ഞില്ല. ഞങ്ങള്‍ക്കാര്‍ക്കും ഒന്നും മനസ്സിലായില്ല.
കൃത്യം അഞ്ചുമിനിറ്റു കഴിഞ്ഞു. വീണ്ടും ഫോണ്‍ . സോജന്‍ ഫോണെടുത്തു. എക്സ്ചേഞ്ചില്‍ നിന്നും എഞ്ചിനീയറാണ്.
“സോജനാണോ? ആരാടോ മുന്‍പേ ഫോണെടുത്തത്? ഒരുപകാരം ചെയ്യാമെന്നു വച്ചപ്പോള്‍ തെറി വിളിയ്ക്കുന്നോ? നിന്റെ ബൂത്ത് ഞാന്‍ പൂട്ടിയ്ക്കും!” സോജന്‍ വിറച്ചുപോയി.
“അയ്യോ സാറേ.. അതടുത്ത റൂമിലെ ഒരുത്തന്‍ അറിയാതെ പറഞ്ഞതാ..മാപ്പാക്കണം..ക്ഷമിക്കണം സാറേ”
ഒരു വിധത്തില്‍ കാലു പിടിച്ച് എഞ്ചിനീയറെ തണുപ്പിച്ചു.
“നീ മുന്‍പേ ചാര്‍ജു ഹാഫാണോന്നു ചോദിച്ചില്ലെ. ഞാനന്വേഷിച്ചിട്ട് നീന്നോട് വിവരം പറയാന്‍ വേണ്ടിയാ വിളിച്ചെ. പണിതിരക്കിലായതു കൊണ്ട്
വേഗം ഫോണെടുത്ത് “ഫുള്ളാ ഫുള്ളാ “ എന്നുമാത്രമേ ഞാന്‍ പറഞ്ഞുള്ളു. ചെവിയടച്ച് തെറിയല്ലാരുന്നൊ..!
പാവം സാജു. ഇഷ്ടന്‍ ഫോണെടുത്തപാടെ കേട്ടത് “കുള്ളാ  കുള്ളാ “ എന്നായിരുന്നു!