ഫൈസല്‍ കോംപ്ലക്സിലെ എന്റെ സ്ഥാപനം പ്ലാന്‍ ,എസ്റ്റിമേറ്റ് , സൂപ്പര്‍വിഷന്‍ എന്നിവയാണ് നടത്തിപ്പോന്നത്. റബറിന്റെ വളര്‍ച്ച ആലക്കോട്കാരുടെ ജീവിതത്തിലും ഉയര്‍ച്ചയുണ്ടാക്കി. അങ്ങനെ അവര്‍ പുതിയ വീടുകള്‍ പണിയാന്‍ ആരംഭിച്ചു. കാശുള്ളവര്‍ പോലും ഇപ്പോ ലോണെടുത്താണല്ലോ വീടുവയ്പ്. ഇവിടെയും അങ്ങനെ തന്നെ. ബാങ്കില്‍ നിന്നും ലോണ്‍ കിട്ടണമെങ്കില്‍ പ്ലാനും എസ്റ്റിമേറ്റും നിര്‍ബന്ധം. ഇതാണ് നമ്മുടെ ഒരു തൊഴില്‍ സാധ്യത. അല്ലാതെ നല്ലൊരു പ്ലാന്‍ വരച്ച് വീടു വയ്ക്കണമെന്ന ആഗ്രഹത്തിലൊന്നുമല്ല ആള്‍ക്കാര്‍ നമ്മളെ സമീപിക്കുന്നത്. (അതിനുള്ള കഴിവൊന്നും നമുക്കുണ്ടായിരുന്നുമില്ല)
തളിപ്പറമ്പിലോ കണ്ണൂരോ ഒക്കെ ഉള്ള വരപ്പുകാര്‍ സ്ക്വയര്‍ അടി പറഞ്ഞ കാശ് മേടിയ്ക്കുമ്പോള്‍ നമ്മുക്ക് അക്കാര്യം ചിന്തിയ്ക്കാനേ പറ്റില്ല. ഏറെക്കുറെ മീന്‍ മാര്‍ക്കറ്റിലെ ഒരു സ്ഥിതിയാണ് നമ്മുടെ മാര്‍ക്കറ്റില്‍ .
മൂന്നു ടൈപ്പ് ആള്‍ക്കാരാണ് നമ്മുടെ ക്ലൈന്റ്സ്.
ഒന്ന്: തികച്ചും മാന്യരായ, ന്യായമായ പ്രതിഫലം അറിഞ്ഞു തരുന്നവര്‍ - വളരെ വിരളമായ ജനുസ്.
രണ്ട്: എവിടെയും പേശണമെന്ന് മുന്നേ തീരുമാനിച്ചുറപ്പിച്ചവര്‍ . അഞ്ഞൂറ് കിട്ടണമെങ്കില്‍ ആയിരം പറയണം ഇവരുടെ അടുത്ത്. -ഏറ്റവും കൂടുതലുള്ള ജനുസ്.
മൂന്ന്: ചില പരിചയക്കാര്‍ , അകന്ന ചില ബന്ധുക്കള്‍ . നമ്മള്‍ വിചാരിയ്ക്കും പരിചയക്കാരല്ലേ, നമ്മുടെ അവസ്ഥ അറിഞ്ഞ് ന്യായമായി എന്തെങ്കിലും തരും. ആയിരം തരുകയാണെങ്കില്‍ വേണ്ട അഞ്ഞൂറ് മതിയെന്നു പറഞ്ഞ് വണ്ടറടിപ്പിയ്ക്കണം എന്നൊക്കെ. എന്നാല്‍ സംഭവിയ്ക്കുന്നതോ? പ്ലാനും എസ്റ്റിമേറ്റുമെല്ലാം കിട്ടി ബോധിച്ചു കഴിഞ്ഞാല്‍ പിന്നെ നമ്മുടെ മുഖത്തു നോക്കി സമൃദ്ധമായി ഒരു ചിരിചിരിയ്ക്കും.
“എന്നാ പിന്നെ..ബിജു..ഞാനങ്ങിറങ്ങട്ടെ. സമയമുള്ളപ്പോള്‍ അതിലെയൊക്കെ ഒന്നിറങ്ങണം. അപ്പ ശരി”.
കക്ഷി ഇറങ്ങി ഒറ്റ നടപ്പങ്ങു നടക്കും. നമ്മളെന്തു ചെയ്യാനാണ്? നിര്‍ബന്ധിച്ചു കാശു മേടിയ്ക്കാന്‍ പറ്റുമോ?
ഇവരില്‍ ചിലര്‍ വേറൊരു ടൈപ്പാണ്‍.” കൈയില്‍ ചുരുട്ടിപ്പിടിച്ച് എന്തോ ഒന്ന് നമ്മുടെ കൈക്കുള്ളില്‍ വച്ചു തരും. “ഇന്നാ ഇതിരിയ്ക്കട്ടെ”. തുറന്നു നോക്കാന്‍ പറ്റില്ലല്ലോ! ഇഷ്ടന്‍ ഒരു ചിരി പാസാക്കിയിട്ട് കൂളായി ഇറങ്ങിപ്പോകും. ആളുമാറിക്കഴിഞ്ഞ് നമ്മള്‍ പ്രതീക്ഷയോടെ കൈ നിവര്‍ത്തി നോക്കും. അഞ്ഞൂറോ ആയിരമോ?
മുഷിഞ്ഞ ഒരു അന്‍പത് അല്ലെങ്കില്‍ നൂറു രൂപാ നോട്ട്! -ഇവരും എണ്ണത്തില്‍ അധികമില്ല.
പേശാന്‍ വരുന്ന ചിലരുടെ ചോദ്യം ഇങ്ങനെ : “അങ്ങോട്ടുമിങ്ങോട്ടും നാലു വര ഇടുന്നതിനാണോ ആയിരം രൂപാ? വൈകുന്നേരം വരെ കിളച്ചാല്‍ നൂറുരൂപയെ ഒള്ളല്ലോ!”
കിളയും വരയും ഒരുപോലാണെന്നു കരുതുന്ന ഇവനോട് എന്താ പറയുക?
അതുകൊണ്ടാണ് സുനില്‍ സാറിന്റെ കമ്പ്യൂട്ടര്‍ വിദ്യ പരീക്ഷിച്ചു നോക്കാമെന്നു ഞാന്‍ വിചാരിച്ചത്. കമ്പ്യൂട്ടറില്‍ നല്ല ഭംഗിയായി വരച്ചു കൊടുത്താല്‍ പിന്നെ ആരും പേശില്ലായിരിയ്ക്കും. അങ്ങനെ നാല്പതിനായിരം രൂപാ ലോണെടുത്ത് കമ്പ്യൂട്ടര്‍ മേടിച്ച് വച്ച് വര തുടങ്ങി.
ആലക്കോട്ടുകാരോടാണോ കളി. നല്ല ഡി.റ്റി.എസ്. ചിരി പാസാക്കികൊണ്ടവര്‍ പറഞ്ഞത്: “ആഹാ..ഇപ്പോ നല്ല സൌകര്യമായില്ലേ..മുമ്പത്തെപോലെ കഷ്ടപ്പെട്ടു കൈകൊണ്ടൊന്നും വരയ്ക്കണ്ടല്ലോ. ഇനി ഇരുനൂറ്റമ്പതേ ഞാന്‍ തരൂ!”
സുല്ലിട്ടു സാറെ, ഞാന്‍ സുല്ലിട്ടു. ലോണടയ്ക്കാന്‍ വഴി വേറെ നോക്കണം!
നമ്മളങ്ങിനെ തട്ടിമുട്ടി പോകുന്ന കാലം. ഒരു ദിവസം എനിയ്ക്കു പരിചയമുള്ള ഒരു മേസ്ത്രി, ബേബി കയറിവന്നു.
“സാറെ.എന്തെങ്കിലുമൊക്കെ പണിയുണ്ടെങ്കില്‍ പിടിച്ചു തരണം. കമ്മീഷന്‍ തരാം. സാറു മുന്‍പില്‍ നിന്നാ മതി. ബാക്കിയെല്ലാം ഞാന്‍ നോക്കികൊള്ളാം”. ആ മോഡലിലുള്ള കുറെ ഓഫറുകള്‍ നിരത്തി. ഞാനാലോചിച്ചപ്പോള്‍
ലോണെന്ന ഒരു കീറാമുട്ടി മുന്‍പില്‍ കിടക്കുന്നു. ആലക്കോട്ടുകാര്‍ക്ക് കമ്പ്യൂട്ടര്‍ പ്ലാന്‍ കൊടുക്കാന്‍ പോയതിന്റെ ഫലം. ഇനി ഇതു വഴി വല്ലതും തടയുന്നെങ്കില്‍ അങ്ങനെയാവട്ടെ. അതുമല്ല,ഇതു നമുക്കു വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ക്ലൈന്റ്സിനോടൊക്കെ ഒന്നു പറഞ്ഞാല്‍ സാധിയ്ക്കാവുന്നതേ ഒള്ളൂ. നല്ല കമ്മീഷന്‍ അടിയ്ക്കുകയും ചെയ്യാം.
അങ്ങനെയുള്ള മധുരമനോഹര സ്വപ്നങ്ങളില്‍ പ്രലോഭിതനായി ഞാന്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ തലവെച്ചു.
അന്ന് രയറോം ഗവണ്‌മെന്റ് സ്കൂളില്‍ ടാങ്കോ പൈപ്പോ ഇല്ല. കുട്ടികള്‍ ഒരു കിണറ്റില്‍ നിന്നാണ് വെള്ളം കോരുന്നത്. നാട്ടുകാരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് കണ്ണൂര്‍ എം.പി.യുടെ ഫണ്ടില്‍ നിന്നും ടാങ്കുകെട്ടാന്‍ തുക അനുവദിച്ചു. പി.ടി.എ. കൂടി ടാങ്കു പണി കരാര്‍ കൊടുക്കാന്‍ തീരുമാനിച്ചു.
അന്ന് സ്കൂളിലെ പ്രധാന അധ്യാപകന്‍ എന്റെ ഒരു ബന്ധുവാണ്. പോരാഞ്ഞിട്ട് പി.ടി.എ. പ്രസിഡണ്ട് നല്ല പരിചയക്കാരനും. ആ ഒരു ബലത്തില്‍ ടാങ്ക് പണിയും സൂപ്പര്‍വിഷനും നമുക്കു കിട്ടി. അന്‍പത് രൂപാ മുദ്രപ്പത്രത്തില്‍ എഗ്രിമെന്റ്. സര്‍ക്കാര് സ്ഥാപനമല്ലേ.
ആദ്യത്തെ സംരംഭം. സ്ക്വയര്‍ ഫീറ്റിന് രണ്ട് രൂപാ കമ്മീഷന്‍ .സംഗതി കിടിലന്‍ . എന്തു കളിച്ചാലും ഒരു അയ്യായിരം രൂപാ കൈയില്‍ കിട്ടും. സൂപ്പര്‍വിഷനെന്നും പറഞ്ഞ് ചുമ്മാ ഇടയ്ക്കൊക്കെ പൊയി നോക്കണം അത്ര തന്നെ. എതായാലും ഇനി കുറെ പണി പിടിയ്ക്കണം. ബേബിയ്ക്ക് അത്യാവശ്യം തട്ടും പലകയുമൊക്കെ ഉണ്ടെന്നു തോന്നുന്നു. എല്ലാവരുടെയും മുന്‍പില്‍ വച്ചുള്ള ആ “സാറെ“ വിളിയും ആ ബഹുമാനവുമൊക്കെ എനിയ്ക്കങ്ങു ബോധിച്ചു. മേസ്ത്രിയ്ക്ക് വിവരമുണ്ട്.
അപ്പോള്‍ മധ്യവേനലവധി ആണ്. സ്ക്കൂളിലെ ഒരു മുറിയില്‍ മണല്‍ സിമന്റ് എന്നിവ വച്ച് പൂട്ടി താക്കോല്‍ എന്നെ ഏല്പിച്ചിരിയ്ക്കുകയാണ്. എനിയ്ക്കാണതിന്റെ പൂര്‍ണ ഉത്തരവാദിത്തം. പി.ടി.എ.കാരും സാറന്മാരുമൊക്കെ വല്ലപ്പോഴും വന്നാലായി. പിന്നെ നമ്മുടെ ബന്ധു അധ്യാപകന് നമ്മളെ വലിയ വിശ്വാസവുമാണല്ലോ.
പണി തുടങ്ങിയതോടെ ശരിയായ ബേബി വെളിയില്‍ വന്നു. ഭയങ്കര വിനയവും ഭവ്യതയുമൊക്കെ ആണ്. എന്നാല്‍ എപ്പൊഴും കാശു വേണം. ഒരു പ്രാവശ്യം കൊടുത്തില്ലെങ്കില്‍ പിറ്റേദിവസം ആളെ കാണില്ല. പണിക്കൂലിയെക്കാള്‍ അധികം തുക എപ്പോഴും കക്ഷിയുടെ കൈയില്‍ കാണും. നമുക്കിവനെ ഒഴിവാക്കാനും പറ്റാതായി.
ഒന്നും പറയണ്ട എങ്ങിനെയൊക്കെയോ വാര്‍പ്പ് കഴിഞ്ഞു. ഇനി തേപ്പ് മാത്രം മതി. ഏതായാലും അപ്പോഴേയ്ക്കും ഒരു കാര്യം ഉറപ്പായി കമ്മീഷന്‍ ഗോപിയാകും. ബന്ധു സാറിനെ ഓര്‍ത്താല്‍ പണിയിട്ടു പോകാന്‍ പറ്റില്ല. തന്നെയുമല്ല ആദ്യത്തെ പണിയല്ലെ! എങ്ങിനെയെങ്കിലും തീര്‍ത്തുകൊടുത്തില്ലെങ്കില്‍ മാനക്കേടാകും. തന്നെയോ എഗ്രിമെന്റ് തെറ്റിച്ചാല്‍ കാശ് അങ്ങോട്ട് കൊടുക്കേണ്ടിയും വരും.
മേസ്ത്രിയെ പിന്നെ അവസരം വരുമ്പോള്‍ പിടിയ്ക്കാം, ഈ കുടുക്കില്‍ നിന്നൊന്നു ഊരിയാല്‍ മതിയെന്നായി.
എന്തിനേറെ പറയുന്നു, ബേബി മേസ്ത്രിയുടെ കൈയും കാലും പിടിച്ച് തേപ്പ് ആരംഭിച്ചു. പണിയ്ക്ക് ബേബി മാത്രമേ ഒള്ളു, പിന്നെ സഹായത്തിനായി ഒരു പെണ്ണാളും. അതാണു കുഴപ്പം. ഇപ്പോ പണികള്‍ക്കു പോകുന്നുണ്ടെങ്കിലും ഈ പെണ്ണുമ്പിള്ളയ്ക്ക് കുറച്ച് ചീത്തപ്പേരുള്ളതാണ്.
എനിയ്ക്കെന്തു ചെയ്യാന്‍ പറ്റും? മേസ്ത്രി ഇന്നയാളെകൊണ്ടു പണിയെടുപ്പിച്ചു കൂടാ എന്നൊന്നും നമുക്കു പറയാന്‍ പറ്റില്ലല്ലോ? ഇനി അതിന്റെ പേരില്‍ അവന്‍ ഉഴപ്പിയാല്‍ പിന്നെ അതുപുലിവാലാകും.
ഞാന്‍ മണലും സിമന്റുമൊക്കെയിരിയ്ക്കുന്ന താക്കോല്‍ ബേബിയെ ഏല്‍പ്പിച്ചു. നമ്മളവിടെ വായും പൊളിച്ച് കുത്തിയിരിയ്ക്കേണ്ട കാര്യമൊന്നുമില്ല. ഇടയ്ക്കൊക്കെ ഒന്നു നോക്കി പോകണം അത്ര തന്നെ.
അവധിക്കാലമാണ് സ്കൂളില്‍ അങ്ങനെ ആളൊന്നുമില്ല. എങ്ങെനെയൊക്കെയോ തേപ്പും കഴിഞ്ഞു കിട്ടി. സത്യത്തില്‍ അപ്പോഴാണ് ശ്വാസം നേരെ വീണത്. കണക്കു തീര്‍ത്തു വന്നപ്പം നമുക്ക് കിട്ടേണ്ട കമ്മീഷന്‍ അടക്കം ബേബിയുടെ കൈയില്‍.
“ബേബീ ഈ പരിപാടി പറ്റത്തില്ല. കമ്മീഷനെട്”.
“ എന്റെ സാറെ അമ്മച്ചി ആശുപത്രിയിലായി ഒത്തിരി കാശ് ചെലവായി സാറെ. മൊത്തം കടമായി. അടുത്ത പണിയ്ക്ക് ഇതുകൂടി കൂട്ടി എടുത്തോ സാറെ” (അതേടാ പുല്ലെ, അടുത്ത പണി! നിനക്ക് ഞാന്‍ ഇനി പണി തരുന്നുണ്ട്!).
മതിയായി. ഇനി മേലാല്‍ ഈ പരിപാടിയ്ക്കില്ല. ഒരു മാതിരി കോപ്പേര്‍പ്പാട്! കാശു വല്ലോം കിട്ടിയോ അതുമില്ല, നമ്മളു വെയിലും കൊണ്ട് നടന്നതു മിച്ചം.
ഏതായാലും മാഷുമ്മാരുടെ മുന്‍പില്‍ മാനം കെട്ടില്ല. സ്കൂള്‍ തുറക്കാനായി. ക്ലാസ് മുറിയാകെ വൃത്തികേടായി കിടക്കുകയാണ്. മൊത്തം മണലും സിമന്റുമെല്ലാം ചിതറിക്കിടക്കുന്നു. പി.ടി.എ. കൂടി ക്ലാസുമുറിയൊക്കെ വൃത്തിയാക്കാന്‍ തീരുമാനിച്ചു.
എല്ലാവരും വരുന്നതല്ലേ നമ്മുടെ പണിയൊക്കെ ഒന്നു കാണിച്ചു കൊടുത്തേക്കാം, ഒരു വെയിറ്റിരിയ്ക്കട്ടെ. പി.ടി.എ. വക വൃത്തിയാക്കല്‍ യജ്ഞത്തിന്റന്നു ഞാനും ചെന്നു സ്കൂളില്‍ . മാഷിനെ ഞാന്‍ ടാങ്കിന്റെ ചുറ്റും നടന്നു ഓരോന്നു കാണിച്ചു കൊണ്ടിരുന്നു.
“മാഷെ ഞാന്‍ ഫുള്‍ ടൈം നിന്നാ പണിയൊക്കെ നടത്തിച്ചത്. അതല്ലേ പണിയ്ക്കിത്ര വൃത്തി. പിന്നെ ബേബി നല്ല ഒന്നാന്തരം പണിക്കാരനല്ലെ!”
മാഷിന് പണി നന്നേ പിടിച്ചെന്നു തോന്നുന്നു. ചെറിയൊരു ചിരിയൊക്കെ മുഖത്തു കാണുന്നുണ്ട്.
“അടുത്ത വര്‍ഷം സ്കൂളിന്റെ പുതിയ കെട്ടിടം പണിയൊണ്ട്. നീ വേണെ പിടിച്ചോ..നന്നായിട്ടു ചെയ്യിച്ചാ മതീ.” മാഷിന്റെ ബന്ധുസ്നേഹം പുറത്തു വന്നു.
അന്നേരം പി.ടി.എ.കാരും ചില സാറന്മാരും ഒക്കെ കൂടി ക്ലാസ് റൂം വൃത്തിയാക്കലാണ്.
“ഏ മാഷെ ഒന്നിങ്ങു വന്നേ “ അകത്തു നിന്ന് പി.ടി.എ. പ്രസിഡണ്ടാണ്. “ആ ബിജുവിനേം വിളിച്ചോ”
എന്താണാവോ? മണലും സിമന്റുമൊക്കെ കണക്കിനേ എടുത്തുള്ളല്ലോ. നമ്മളു തിരിമറിയൊന്നും ചെയ്തിട്ടില്ല.
ഞാനും മാഷും ക്ലാസു മുറിയ്ക്കകത്തേയ്ക്കു ചെന്നു.
സിമന്റ് ചാക്കുകള്‍ ബാക്കിയുള്ളത് അടുക്കി വച്ചിട്ടുണ്ട്. മണല്‍ ബാക്കിയുള്ളത് കോരി മാറ്റിക്കൊണ്ടിരിയ്ക്കുകയാണ് പ്രസിഡണ്ടും മറ്റു ചിലരും.
നമ്മളു ചെന്ന പാടെ എല്ലാവരും കൂടെ എന്നെ വല്ലാത്തയൊരു നോട്ടം! സത്യം പറഞ്ഞാല്‍ എനിയ്ക്കാകെ പരിഭ്രമമായി. പ്രസിഡണ്ടിന്നേ വരെ എന്നെ ഇങ്ങിനെ നോക്കിയിട്ടില്ല.
“എന്താ പ്രസിഡണ്ടേ വിളിച്ചേ.. ഞങ്ങളു ടാങ്കൊക്കെ ഒന്നു നോക്കിക്കാണുകയായിരുന്നു. ബിജുവിന്റെ പണിയിയ്ക്കല്‍ വല്യ തെറ്റില്ല” മാഷു എന്നെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു. കമ്മീഷന്‍ കിട്ടിയില്ലെങ്കിലും ഒരല്പം അഭിമാനം തോന്നി അന്നേരം.
“ങും.. ബിജുവിന്റെ പണി തെറ്റില്ലാന്നാ ഞങ്ങക്കും തോന്നുന്നെ” പ്രസിഡണ്ട് ഒരു മാതിരി കൊള്ളിച്ചു പറഞ്ഞു.
“അതെന്താ..അങ്ങനെ പറയുന്നെ..?” നമുക്കങ്ങനെ ചോദിയ്ക്കാനുള്ള അവകാശമുണ്ടല്ലോ.
“അല്ലാ മുറീടെ താക്കോല്‍ ബിജു തന്നെയല്ലേ സൂക്ഷിച്ചിരുന്നെ?”
“അതേ..ഞാന്‍ ഫുള്‍ടൈം ഇവിടെ തന്നെയായിരുന്നല്ലോ?” നുണയാണെന്നറിഞ്ഞു കൊണ്ടു തന്നെ പറഞ്ഞു.
“എന്നാ ഇമ്മാതിരിപ്പണി ഇവിടെ കാണിയ്ക്കാമ്പാടില്ലായിരുന്നു. ഇതൊരു സ്ക്കൂളാണെന്നോര്‍ക്കണം!”
സത്യം പറഞ്ഞാല്‍ ഞാനാകെ ചൂളിപ്പോയി. ഞാനെന്തുകാണിച്ചു? ഇനി ബേബി മേസ്ത്രി വല്ല കക്കൂസും ഒപ്പിച്ചോ?
“സാറിങ്ങോട്ടു നോക്കിക്കേ..” പ്രസിഡണ്ട് ഒരു കൂന മണല്‍ തട്ടി നിരത്തിക്കൊണ്ടു പറഞ്ഞു. ഞാന്‍ നോക്കുമ്പം........
ഹിന്ദുസ്ഥാന്‍ ലാറ്റെക്സിന്റെ അഞ്ചെട്ട് പ്രജനന നിരോധനോപാധികള്‍ ചിതറി വീണു!
ഹോ.. ആ നിമിഷം ഭൂമി പിളര്‍ന്നു ഞാന്‍ താഴ്ന്നു പോയിരുന്നെങ്കില്‍ .....
എടാ പന്ന ബേബി, നിന്നെ വിശ്വസിച്ചാണല്ലോ ഞാന്‍ താക്കോല്‍ ഏല്പിച്ചു പോയത്! നീ അവളെ പണിയ്ക്കു കൂട്ടിയപ്പോഴെ ഞാനിതു മുന്‍പില്‍ കാണണമായിരുന്നു. എന്റെ പിഴ!.. വലിയ പിഴ!!
വാല്‍ക്കഷണം: പിന്നീട് ആലക്കോട് വച്ച് ഞാന്‍ ബേബിയെ കണ്ടു. സാറെ പുതിയ പണി വല്ലതുമൊണ്ടേ പറയണേ. അവന്‍ പിന്നേം വിനയാന്വിത കുഞ്ചിതനായി.
“എടാ പുല്ലെ നിനക്കാ മണലു മൊത്തം തേയ്ക്കാന്‍ പാടില്ലായിരുന്നോ”
ഇതു മാത്രമേ അപ്പൊഴെന്റെ വായില്‍ വന്നുള്ളു. കാര്യം മനസ്സിലായിട്ടോ എന്തോ ബേബി പിന്നെ ഇന്നേ വരെ എനിയ്ക്കു മുഖം തന്നിട്ടില്ല. ഞാന്‍ കരാറുജോലിയും നിര്‍ത്തി.
----------------------------------------------------------------------
ഇഷ്ടപ്പെട്ടെങ്കില്‍ ഒരോട്ട് കുത്തിയേക്ക്.
ഓരോരോ അക്കിടികള്‍.അല്ലെങ്കിലും വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ ബിജു !!
ReplyDelete@krishnakumar513
ReplyDeleteഅതൊരു വല്ലാത്ത അക്കിടിയായിപ്പോയി
This comment has been removed by the author.
ReplyDeletechurukki paranjal pottippaleesayi alle? the the Baby one residing above the co-operative hospital, am i correct?
ReplyDelete@JOMET GEORGE
ReplyDeleteഅല്ല. പേര് മാറ്റിയെഴുതിയതാണ്. അവിടെ ബേബിയെന്ന പേരില്‍ ഒരാളുണ്ടോ? എനിയ്ക്കറിയില്ലായിരുന്നു. പൊട്ടിപ്പാളീസായിട്ടാ അവസാനം ഗള്‍ഫ് പിടിച്ചത്
കൊള്ളാം ചിലർ ചോദിച്ചെന്നു പറഞ്ഞത് ശരിയാ അങ്ങോട്ടും ഇങ്ങോട്ടും മൂന്ന് നാലു വരയിടുന്നതിനു 1000 രൂപ വാങ്ങിക്കുന്നത് ശരിയല്ല, ഒരു 999 ഒക്കെയാണേൽ സമ്മദിച്ച് തരാമായിരുന്നു. കുറെ മനുഷ്യരെ പറ്റിച്ചിട്ടുണ്ടല്ലേ
ReplyDelete@gaf.karanamkote
ReplyDeleteഗഫൂര്‍ക്കാ, വരയിടുന്നതിനല്ല കാശ്, എവിടെ ഇടണമെന്നറിയുന്നതിനാ കാശ് മേടിയ്ക്കുന്നത്.
അപ്പോ ഇതണ് പണി അല്ലേ
ReplyDelete@കൂതറHashimܓ
ReplyDeleteഇതു തന്നെയാണ് അന്ന് പി.ടി.എ.ക്കാരും ചോദിച്ചത്. എന്തു ചെയ്യാം അന്നേ വരെ ചാരിത്ര്യശുദ്ധി തെറ്റാതെ ജീവിച്ച നമ്മുടെയൊരു വിധിയേ..
Papi chellunnidam pathalam ennalle bijuvetta
ReplyDelete